കുമ്പള: (my.kasargodvartha.com 07.10.2020) കുമ്പള ഗ്രാമ പഞ്ചായത്തിലെ ഉളുവാർ - ആരിക്കാടി മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. കാസർകോട് വികസന പാക്കേജിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് കേരള വാട്ടർ അതോറിറ്റി മുഖേനയുള്ള പദ്ധതിക്ക് തുടക്കമായതായി കുമ്പള ഡിവിഷൻ മെമ്പർ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അറിയിച്ചു.
കാസർകോട് വികസന പാക്കേജിൽ 1.37 കോടി രൂപയുടെ അടങ്കലിൽ ഉളുവാർ - ആരിക്കാടിക്ക് പുറമെ മൊഗ്രാൽ പേരാൽ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിനുമുള്ള പദ്ധതിയാണ് തയ്യാറാക്കിയതെങ്കിലും മൊഗ്രാൽ പേരാൽ മേഖലയിൽ ജല സ്രോതസ്സുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കാതിരിക്കുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ ജലജീവൻ മിഷന്റെ പദ്ധതിയിൽ കുമ്പള ഗ്രാമ പഞ്ചായത്തിനെയും ചേർത്തിരിക്കുകയാണ്. ജലജീവൻ മിഷന്റെ ഫണ്ട് കൂടി ചേർത്ത് മൊഗ്രാൽ പേരാൽ പ്രദേശങ്ങൾ ഉൾപ്പടെ കുമ്പള ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും കുടിവെള്ള പ്രശ്നത്തിനുള്ള ശാശ്വതമായ പരിഹാരമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
Keywords: News, Kerala, Kasaragod, The drinking water problem in Uluvar - Arikadi region has been solved