അഹ് മദ് ബിഷര്‍
(my.kasargodvartha.com 14.10.2020) ദിവസങ്ങളില്‍ നല്ല ദിനമായിരുന്നിട്ടും ആ വെള്ളിയാഴ്ച്ച ഞങ്ങളില്‍ ഇരുട്ടാണ് നിറച്ചത്.
കാരണം ഞങ്ങളുടെ അന്‍ച്ചു എന്ന അന്‍സാര്‍ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞ ദിവസമായിരുന്നു അന്ന്.
ഇതെഴുതുന്ന മഷിയില്‍ പോലും അവന്റെ ഓര്‍മ്മകള്‍ അത്രമേല്‍ നിറയുകയാണ്. ഞങ്ങള്‍ക്ക് അവനെക്കുറിച്ച് കുറച്ച് നല്ല ഓര്‍മ്മകള്‍ അറിയിക്കാനുണ്ട്. കാരണം ഞങ്ങള്‍ക്ക് എല്ലാമായിരുന്നു അവന്‍. ക്യാമ്പസിലെ ചിത്രശലഭമായി അവന്‍ മാത്രമാണ് എല്ലാവരെയും സന്തോഷിപ്പിച്ചിരുന്നത്.
അവന്റെ സൗഹൃദം ഏറ്റുവാങ്ങാത്തവര്‍ ആരുമുണ്ടാകില്ല. അത്രമേല്‍ സൗഹാര്‍ദ്ദവും ഇടപെടലുകളും പെരുമാറ്റവും അനുഭവിച്ച ഞങ്ങള്‍ക്ക് ഇനി അത് ഒരു നീറുന്ന ഓര്‍മ്മയാണ്.
ക്യാമ്പസിലെ ബാച്ചുകള്‍ തമ്മിലുള്ള അന്തരം അവന് ബാധകമായിരുന്നില്ല. അത് തോന്നാത്തവരായി ക്യാമ്പസില്‍ ആരുമുണ്ടാകില്ല. എല്ലാവരോടും നിന്റെ സമീപനവും, എല്ലാവര്‍ക്കും നിന്നോടുള്ള സമീപനവും അതിലേറെ എല്ലാവരുമായുള്ള ചങ്ങാത്തം വേണമെന്ന അവന്റെ സ്വഭാവ മഹിമയും മറ്റാരിലും കാണാന്‍ കഴിയാത്തതാണ്.
അന്‍ചു എന്ന ഞങ്ങളുടെ വിളിക്ക് അവസാനമായി നീ വിളികേള്‍ക്കാന്‍ വേണ്ടി ആയിരുന്നോ നീണ്ട ഇടവേളകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം പരീക്ഷയ്ക്ക് വേണ്ടി ഞങ്ങളെ ഒരുമിപ്പിച്ച് കൂട്ടിയത്? കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായി നീ ഇനി ഉണ്ടാവില്ലെന്ന വിങ്ങലുകളോടൊപ്പം ഞങ്ങളുടെ പ്രിയ സ്‌നേഹിതനെ നഷ്ടമായ വേദനയിലാണ് ഞങ്ങളിപ്പോള്‍.
അന്‍ച്ചുവിനോട് മലബാര്‍ ഇസ്ലാമിക് കോംപഌക്‌സ് ക്യാമ്പസിലിരുന്ന് സംസാരിക്കുമ്പോള്‍ സമയം പോകുന്നതറിയാറില്ല. എത്ര തവണ സംസാരിച്ചാലും അവനിലെ നന്‍മയുടെ തിളക്കം ഒപ്പമുള്ളവരെ കീഴ്‌പ്പെടുത്തി കൊണ്ടേയിരിക്കും.
അന്‍ചൂ... നിന്റെ ഡിഗ്രി ബാച്ചിലെ സുഹൃത്തുക്കളായ ഞങ്ങളും നിന്നെ ഒരു തവണ പരിചയപ്പെട്ട മറ്റെല്ലാ സുഹൃത്തുക്കളും വേദനയില്‍ അലിഞ്ഞു പോയിരിക്കുകയാണ്. അവന്റെ മുഖത്തെ ചിരി കാണാന്‍ ഇനി കഴിയില്ല എന്ന് ഇപ്പോഴും മനസ്സില്‍ ഉറപ്പിക്കാന്‍ സാധിക്കുന്നില്ല. നിന്റെ നന്മ എഴുതിത്തീര്‍ക്കാന്‍ പറ്റുന്നില്ല ഞങ്ങള്‍ക്ക്. നിന്റെ സുഹൃത്തുക്കളായ ഞങ്ങള്‍ക്ക് നിനക്ക് വേണ്ടി നല്‍കാനുള്ളത് പ്രാര്‍ത്ഥനകള്‍ മാത്രം ആണ്. അത് ഞങ്ങള്‍ ചെയ്ത് കൊണ്ടിരിക്കും. ഞങ്ങളുടെ മരണം വരേ.
Keywords: Kerala, Chalanam, Ansar, MIC, College, Students, Ahmed bishar, Anchu no more