മൊഗ്രാല്‍: (my.kasargodvartha.com 13.08.
പെര്‍വാഡ്, കൊപ്ര ബസാര്‍, മുഹ് യുദ്ദീന്‍ പള്ളി, മൊഗ്രാല്‍ ടൗണ്‍, ലീഗ് ഓഫീസ് പരിസരത്തൊക്കെ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെയായി കത്താതെ കിടക്കുന്നതിനാല്‍ സന്ധ്യയായാല്‍ മൊഗ്രാല്‍ ദേശീയപാതയോരം ഇരുട്ടിലാകുന്നു. സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും മോഷണവും മറ്റും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടൗണിലെ ഇരുട്ട് വ്യാപാരികളെയും, പ്രദേശവാസികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
കുമ്പള ഗ്രാമപഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മൊഗ്രാല്‍ പെര്‍വാഡ് മുതല്‍ പാലം വരെയുള്ള ദേശീയപാതയോരം. ഇവിടങ്ങളില്‍ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതിന് ശേഷം ദേശീയപാതയോരത്തുള്ള മറ്റുള്ള സ്ട്രീറ്റ് ലൈറ്റുകളൊന്നും നന്നാക്കാനോ, മാറ്റി സ്ഥാപിക്കാനോ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതും ടൗണിലെ ലൈറ്റിന്റെ അഭാവത്തിന് കാരണമാകുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇത്തരം ലൈറ്റുകള്‍ നന്നാക്കിയാലും അതിന് അല്‍പായുസ്സ് ആണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
ഈയൊരു സാഹചര്യത്തില്‍ മൊഗ്രാല്‍ ദേശീയപാതയോരത്തേക്ക് പുതുതായി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് കുമ്പള ഗ്രാമ പഞ്ചായത്ത് 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനുവദിച്ച് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാലിലെ സന്നദ്ധ സംഘടനകളും നാട്ടുകാരും.