കാസർകോട്: (my.kasargodvartha.com 23.08.2020) കോവിഡ് രോഗവ്യാപനത്തിൻ്റെ പേരിൽ അടച്ചിട്ട കാസർകോട് മത്സ്യ മാർക്കറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കണമെന്ന് എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ശരീഫ് കൊടവഞ്ചിയും ആവശ്യപ്പെട്ടു. നഗരത്തിൽ മാസങ്ങൾക്ക് മുൻപ് നഗരത്തിലെ പച്ചക്കറി വിതരണക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഴയ ബസ്റ്റാൻ്റ് പരിസരവും കൂടെ മത്സ്യ മാർക്കറ്റും അടച്ചിടുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
രോഗം പടർന്ന സ്ഥലങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടും മത്സ്യ മാർക്കറ്റിൻ്റെ കാര്യത്തിൽ തീരുമാനമായില്ല. ജില്ലാ ഭരണകൂടം ആരോഗ്യ വകുപ്പിനെയും, ആരോഗ്യ വകുപ്പ് പോലീസിനെയും, പോലീസ് ജില്ലാ ഭരണകൂടത്തെയും, തിരിച്ചും പഴി പറയുകയാണ്. മത്സ്യ മാർക്കറ്റ് അടച്ചിടാൻ ആരാണ് നിർദ്ദേശിച്ചത് എന്ന ചോദ്യത്തിനും ഉത്തരമില്ല. ഉത്തരം നൽകേണ്ട പലരും മൗനത്തിലാണ്.
നാടാകെ വാഹനങ്ങളിലും ദേശീയ പാതക്കരികിലും മുക്ക് മൂലകളിലും മത്സ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ നൂറ് കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന മത്സ്യ മാർക്കറ്റ് തുറക്കാൻ തയ്യാറാവാത്തത് ആരുടെ ദാർഷ്ട്യത്തിൻ്റെ പേരിലാണെങ്കിലും അംഗീകരിക്കാൻ കഴിയില്ല. ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മ കാരണം കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇതൊക്കെ പാവപ്പെട്ട തൊഴിലാളികളുടെ തലയിൽ കെട്ടിവെക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
കാസർകോട് മത്സ്യ മാർക്കറ്റ് ഉടനെ തുറക്കാൻ നടപടിയില്ലെങ്കിൽ ശക്തമായ സമരത്തിന് എസ് ടി യു നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
Keywords: News, Kerala, Kasaragod, Fish Market, STU, Kasargod fish market should be opened: STU