കാസർകോട്: (my.kasargodvartha.com 14.08.2020) ഫിഷറീസ് വകുപ്പ് മംഗൽപാടി, കുമ്പള, അജാനൂർ പഞ്ചായത്തുകളിൽ നൽകുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് സിവിൽ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സിവിൽ സപ്ലൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് മേൽ പഞ്ചായത്തുകളിൽ സപ്ലൈകോ കിറ്റുകൾ വിതരണം ചെയ്തിട്ടുള്ളത്. ഉദുമ പഞ്ചായത്തിലും ഇപ്രകാരം കിറ്റ് സപ്ലൈകോ വിതരണം ചെയ്യുകയും ആയത് റാറ്റിഫിക്കേഷൻ ആയി കമ്മീഷണറേറ്റിനെ സമീപിക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്. ഈ പ്രവർത്തികളിൽ ജില്ലാ കളക്ടറോ കളക്ടറേറ്റിലെ ഏതെങ്കിലും സെക്ഷനുകളോ പ്രത്യക്ഷമായോ പരോക്ഷമായോ ഉൾപ്പെട്ടിട്ടില്ലാത്തതാണെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ബാബു പറഞ്ഞു.
തീരദേശ മേഖലയിൽ കൊറോണ വ്യാപനം രൂക്ഷമാവുകയാണെങ്കിൽ സാമൂഹിക അടുക്കളകൾ ആരംഭിക്കണമെന്നും അവിടങ്ങളിലേക്ക് ആവശ്യമുള്ള ഭക്ഷണപദാർത്ഥങ്ങൾ എത്തിക്കുന്നതിന് ജില്ലാ തല കൊറൊണ കോർ കമ്മിറ്റി യോഗം സപ്ലൈകോയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സാമൂഹിക അടുക്കള സ്ഥാപിക്കാത്തതിനാൽ പ്രസ്തുത പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതാണ്. 11 ഐറ്റം സാധനങ്ങൾ ഉൾപ്പെടുന്ന ഓണകിറ്റ് വിതരണം ആഗസ്റ്റ് 13 ന് ജില്ലയിൽ ആരംഭിച്ചിട്ടുള്ളതാണ്. അത് എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്.
ജില്ലയിൽ ഇതിനോടകം കോവിഡ് ബാധിച്ച് ഇരുപതിലധികം പേർ മരണമടഞ്ഞ സാഹചര്യത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കിയും 65 ൽ മുകളിലും 10 ൽ താഴെയും പ്രായമുള്ളവർ പൊതു ഇടങ്ങളിൽ നിന്ന് മാറി നിന്നും എല്ലാവരും മാസ്ക് മൂക്കും വായും മൂടുന്ന വിധം ഉപയോഗിച്ചും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ശുചീകരിച്ചും സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദ്ദേശങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Keywords: News, Kerala, Kasaragod, Onam, Kit, District Collector wants Onam kit distribution to be completed as soon as possible