Kerala

Gulf

Chalanam

Obituary

Video News

മായ്ച്ചാലും മായാത്ത കന്തല്‍ക്കാരുടെ 'മായിച്ചാന്റെ മമ്മസ്ച്ച'

അനുസ്മരണം/ കന്തല്‍ സൂപ്പി മദനി

(my.kasargodvartha.com 19.05.2020) പൊതു മണ്ഡലത്തില്‍ തിളങ്ങി നില്‍ക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരോ നേതാക്കളോ വിടവാങ്ങിയാല്‍ മാത്രമല്ല ഒരു നാട് തേങ്ങുക, മറിച്ച്  അതൊന്നുമല്ലാത്ത സാധാരണക്കാരന്‍ നിര്യാതനായാലും ചിലപ്പോള്‍ നാട് ദുഃഖപങ്കിലമാകും.  അത്തരം ഒരു മരണമാണ് കഴിഞ്ഞ ദിവസം അഥവാ റമസാന്‍ 23 ശനിയാഴ്ച പുത്തിഗെ പഞ്ചായത്തിലെ കന്തലില്‍ ഉണ്ടായത്. എല്ലാവരും സ്‌നേഹത്തോടെ വിളിക്കുകയും അതുപോലെ തന്നെ എല്ലാവരെയും തിരിച്ചു കാണുകയും ചെയ്ത മുഹമ്മദ് മാഹിന്‍ എന്ന കന്തല്‍ക്കാരുടെ സ്വന്തം  'മായിച്ചാന്റെ മമ്മസ്ച്ച 'യുടെ മരണമാണ് നാടിനെയാകെ കരയിച്ചത്.

ഒരു സാധാരണ കൂലിവേലക്കാരന്‍. പ്രായം എഴുപതോടടുത്തുണ്ട് എന്ന് സ്വന്തക്കാര്‍ പറയുമ്പോഴും കാഴ്ചയില്‍ അറുപതിനടുത്ത് തോന്നിക്കുന്ന ശരീര പ്രകൃതിയുള്ള അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം കായികാധ്വാനം തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെ കൈപ്പുനീരില്‍ തന്റെയും ബന്ധപ്പെട്ടവരുടെയും പശി യടക്കാന്‍ നന്നേ ചെറുപ്പത്തില്‍ പണിയായുധങ്ങളുമേന്തി കര്‍ഷക പ്രമാണികളുടെയും മറ്റും  ഭൂമിയില്‍ നൂറുമേനി വിളയിക്കാന്‍ വിധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരംഗമായ  മുഹമ്മദ് സാഹിബിനു എന്നും അധ്വാനിച്ചു ജീവിക്കാന്‍ തന്നെ ഇഷ്ടവും വിധിയും ഉണ്ടായി എന്നതാണ് നേര്. അസൂയ, കുശുമ്പ്, അഹങ്കാരം, വേവലാതി, ആവലാതി ഒന്നും ഒരിക്കലും അയാളില്‍ നിന്ന് പ്രകടമായി ഒരാളും കണ്ടില്ല, ഏതൊരു അത്യാഹിത ഘട്ടത്തിലും സമയം സന്ദര്‍ഭം ഒന്നും നോക്കാതെ ഓടിയെത്തി. ആരെയും ഒന്നിനും കാത്തു നില്‍ക്കില്ല. ചെറുപ്പം തൊട്ടേ പ്രാരാബ്ധത്തിന്റെ മാറാപ്പ് ചുമലിലേല്‍ക്കേണ്ടി വന്നതിനാല്‍ ഏതുതരം  കഠിനാദ്ധ്വാനത്തിനും അദ്ദേഹം പാകപ്പെട്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം.  തന്നാലാവുന്ന സഹായം പ്രതിഫലേഛയൊന്നും കൊതിക്കാതെ അന്യര്‍ക്ക് ചെയ്തു കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ നിലപാടായിരുന്നു. വിയോജിപ്പാ വെറുപ്പോ വിദ്വേഷമോ ഒരിക്കലും കൊണ്ടു നടന്നില്ല എന്നത് അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട വിശേഷണം തന്നെ.

കന്തല്‍ ജുമാ മസ്ജിദ് അങ്കണത്തിലെ ഖബര്‍സ്ഥാനില്‍ ഖബര്‍ കുഴിക്കാന്‍ സ്വയം സന്നദ്ധ രായ ഏഴോളം പേരോടൊപ്പം എന്റെ ചെറുപ്പം തൊട്ടേ കണ്ടു വരുന്ന ഒരാളായിരുന്നു ഈ മനുഷ്യന്‍. ഏകദേശം മൂന്നര ദശാബ്ദക്കാലം  അത് തുടര്‍ന്നിട്ടുണ്ട്. പിന്നീട് പുതു തലമുറയില്‍ പലരും ആ മേഖലയിലേക്ക് സ്വയം സന്നദ്ധതയോടെ തന്നെ കടന്നു വരികയും പ്രായത്തിന്റെ അവശത പ്രകടമാവുകയും ചെയ്തതോടെ സ്വയം പിന്‍വലിയുകയായിരുന്നു. ആദ്യ ഭാര്യ ഹലീമ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ തന്റെ മടിയില്‍ ഏല്‍പ്പിച്ചു നാഥന്റെ വിളിക്കുത്തരം ചെയ്തു യാത്രയായപ്പോള്‍ അയല്‍ വാസികളായ ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തി അദ്ദേഹത്തിന്റെ മനോ ധൈര്യം ! കരളുറപ്പോടെ ആ പ്രതിസന്ധിയെ തരണം ചെയ്തതും മറ്റും എടുത്തു പറയക്കത്തക്കതാണ്. പിന്നീട് അനിവാര്യമായ ഘട്ടത്തില്‍  രണ്ടാം വിഹാഹിതനായി. മണ്‍കട്ട കൊണ്ടുണ്ടാക്കിയ കവുങ്ങിന്‍ ഓലകൊണ്ട് മേല്‍ക്കൂര പണിത കൊച്ചു  കൂരയെ ഒത്തിരി സൗകര്യത്തില്‍ ഓട് മേഞ്ഞ ഒരു വീടാക്കി ഇന്നുള്ള രൂപത്തിലേക്ക്  മാറ്റിയെടുക്കാന്‍ വന്ന സാഹസികതകള്‍ക്കോ മാസങ്ങള്‍ക്കു മുമ്പ് മാത്രം  നടത്തിക്കൊടുത്ത അവസാനത്തെയും ആറാമത്തെയും മകളുടെ അടക്കമുള്ള വിവാഹ കാര്യങ്ങള്‍ക്കോ ഒരു കൈത്താങ്ങിനായി പൊതു ഇടത്തില്‍ ഒരൗദാര്യത്തിനായും പ്രത്യക്ഷപ്പെട്ടു കണ്ടില്ല.

സംവത്സരങ്ങളായി ഒരു കര്‍ഷക പ്രമാണിയുടെ കൃഷിത്തോട്ടം പാട്ടത്തിനെടുത്തു പകലന്തിയോളം അതില്‍ അധ്വാനിച്ചു കിട്ടിയതില്‍ അദ്ദേഹം എല്ലാം സ്വന്തം നടത്തി വന്നു. വേണ്ടപ്പെട്ടവരുടെ വേണ്ടപ്പെട്ട ഒത്താശകളോ സഹായ സഹകരണങ്ങളോ  മറ്റോ ലഭിച്ചില്ലെന്നോ  അല്ല അദ്ദേഹം അത് സ്വീകരിച്ചില്ലെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥം നല്‍കരുത്.

അവസാനം രണ്ട് കുട്ടികള്‍ അന്നം തേടി മരുഭൂമി താണ്ടിയപ്പോഴും ഇനി ഒരല്‍പ്പം വിശ്രമിക്കാം എന്നൊരാലോചന അദ്ദേഹത്തെ സ്പര്‍ശിച്ചതേ ഇല്ല. അവനവന്റെ അദ്ധ്വാനത്തിന്റെ വേതനമാണ് മധുര തരം എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ നയിച്ചത്.

ഒന്നിനും ഒരാളെയും വല്ലാതെ ആശ്രയിക്കരുതെന്നും ആരുടേയും ഔദാര്യത്തിനു കാത്തു സമയം കളയരുതെന്നും ദൃഢ നിശ്ചയം ചെയ്ത ഒരാള്‍ ആയതുകൊണ്ട് തന്നെ ഏതു ചൂടിലും തണുപ്പിലും പറ്റാവുന്നിടത്തൊക്കെ പദ സഞ്ചാരം തന്നെ ഇഷ്ടപ്പെട്ടു. പിന്നാലെ പരിചിതര്‍ വണ്ടിയില്‍ പോവുകയാണെങ്കില്‍ അതു  നിര്‍ത്തി കേറിക്കോളൂ എന്ന് വളരെ നിര്‍ബന്ധിച്ചു  പറഞ്ഞാല്‍ മാത്രം അതില്‍ കയറുന്ന പ്രകൃതം. ഞാന്‍ കാരണം ആരും ബുദ്ധിമുട്ടരുതെന്ന ആലോചന.

നാം ഒരാള്‍ക്കും ശല്യം ആകരുതെന്നും അന്യര്‍ക്ക് ഒരിക്കല്‍ പോലും ഭാരമായി നമ്മെ അല്ലാഹു ജീവിപ്പിക്കരുതെന്നും ഈ വിനീതനോട് പലവുരു പറഞ്ഞത് ഒരുള്‍ വിളിയോടെ ഞാന്‍ ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ്. ഒരാള്‍ക്കും അഥവാ  സ്വന്തം ഭാര്യ മക്കള്‍ക്ക് പോലും ഒരു മണിക്കൂറെങ്കിലും  അങ്ങനെ അനുഭവിക്കേണ്ടി വരാതെ  വിശുദ്ധ നാളില്‍ അദ്ദേഹത്തിന് നാഥനിലേക്കണയാന്‍  സാധിച്ചുവന്നത് അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ വിളിച്ചോതുന്ന വസ്തുതയാണ്.

നാട്ടുകാര്‍ക്കെല്ലാം ഏറെ  ഇഷ്ടമായിരുന്ന, ഏതു വിഷമ സന്ധിക്കും ഒരത്താണിയായി ലഭിച്ചിരുന്ന കന്തല്‍ക്കാരുടെ 'മായിച്ചാന്റെ മമ്മസ്ച്ച' ഇനി ഓര്‍മ്മ. നാഥാ നീ ആ മണ്ണറ മണിയറ ആക്കി കൊടുത്താലും.

Keywords: Article, Kanthal Soopy Madani, Remembering Mohammed Mahin

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive