Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 14-02-2020

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികവും അവാര്‍ഡ് Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 14-02-2020
ദുബൈ മലബാര്‍ സാംസ്‌ക്കാരിക വേദി ഇരുപത്തിയൊന്നാം വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും 14ന്

ദുബൈ: (my.kasargodvartha.com 13.02.2020) ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും ഫെബ്രുവരി 14ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ബിസിനസ് എക്സല്ലന്റ് അവാര്‍ഡ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം അഹമ്മദിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരം എന്നിവ ദുബൈ ഫ്ളോറ ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധനാ കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച

കാസര്‍കോട്: കാസര്‍കോട് ആര്‍ ടി ഓഫീസിന്റെ പരിധിയില്‍ ബേളയില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധനാ കേന്ദ്രത്തിന്റെയും കമ്പ്യൂട്ടര്‍വത്കൃത ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഫെബ്രുവരി 14ന് വൈകിട്ട് നാലിന് നിര്‍വഹിക്കും. സംസ്ഥാനത്തെ എട്ടാമത്തെ കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധനാ കേന്ദ്രമാണിത്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ മുഖ്യപ്രഭാഷണം നടത്തും.

ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക് സി ഇ ഒ രവീന്ദ്രന്‍ കസ്തൂരിയും കിറ്റ്കോ ലിമിറ്റഡ് ജി എം ജി രാകേഷും ഉപഹാര സമര്‍പ്പണം നടത്തും. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി എസ് സാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ സ്വാഗതവും കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സപോര്‍ട്ട് കമ്മീഷണര്‍ ടി സി വിനീഷ് നന്ദിയും പറയും.

ദുബൈ-മൊഗ്രാല്‍ ഫ്രണ്ട്ലി ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച; താരങ്ങള്‍ ദുബൈയിലെത്തി

ദുബൈ: ദുബൈ അല്‍- ഖിസസ് അല്‍ ബുസ്താന്‍ കോര്‍ണര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 14ന് നടക്കുന്ന ദുബൈ- മൊഗ്രാല്‍ ഫ്രണ്ട്ലി ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊഗ്രാലിലെ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ മൊഗ്രാലില്‍ നിന്ന് 25 ഓളം താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കളത്തിലിറങ്ങും. വെള്ളിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. മത്സരങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ നീളും. ടൗണ്‍ ടീം മൊഗ്രാലിന് വേണ്ടിയാണ് സൈഫുല്‍ റഹ് മാന്റെ നേതൃത്വത്തില്‍ കൂടുതല്‍ താരങ്ങള്‍ മൊഗ്രാലില്‍ നിന്ന് ദുബൈയിലെത്തിയത്. ദുബൈയില്‍ ജോലിയിലുള്ളവരാണ് മറ്റു ടീമുകളില്‍ കളിക്കുക. ഈ ടീമുകള്‍ക്കും നാട്ടില്‍ നിന്ന് നിരവധി താരങ്ങളുണ്ട്.

ടൗണ്‍ ടീം മൊഗ്രാലിന് പുറമേ മൊഗ്രാല്‍ ലോബോസ്, യുണൈറ്റഡ് എഫ് സി പേരാല്‍, ഫാസ്‌ക് മൊഗ്രാലിയന്‍സ്, റോവോഴ്സ് മൊഗ്രാല്‍, ഡൂഡ്‌സ് മൊഗ്രാല്‍, ലൂത്ത മൊഗ്രാലിയന്‍സ്, അല്‍ -മുതകമല്‍ മീലാദ് നഗര്‍ തുടങ്ങിയവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.

ദേശീയ വേദി ജനറല്‍ബോഡി വെള്ളിയാഴ്ച

മൊഗ്രാല്‍:മൂന്ന് പതിറ്റാണ്ടുകാലം മൊഗ്രാലിന്റെ  കലാ- സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലകളില്‍ നിറസാന്നി ധ്യമായി പ്രവര്‍ത്തിച്ചുവരുന്ന മൊഗ്രാല്‍ ദേശീയ വേദിയുടെ ജനറല്‍ബോഡി യോഗം വെള്ളിയാഴ്ച വൈകുന്നേരം 7.30ന് മൊഗ്രാല്‍ ഒമാന്‍  ബിസ്മില്ലാ കോംപ്ലക്‌സില്‍ വെച്ച് ചേരും. 2020-21 ലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തില്‍വെച്ച് തിരഞ്ഞെടുക്കും. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.

പരപ്പ ബ്രദേഴ്സ് പ്രവാസി കൂട്ടായ്മ സംഗമം വെള്ളിയാഴ്ച അജ്മാനില്‍

അബുദാബി: പരപ്പയിലെയും സമീപ പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ പരപ്പ ബ്രദേഴ്സ് പ്രവാസി കൂട്ടായ്മയുടെ നാലാം വാര്‍ഷിക കുടുംബ സംഗമം ഫെബ്രുവരി 14 ന് വെള്ളിയാഴ്ച അജ്മാനില്‍ വെച്ച് നടക്കും. ഉച്ചക്ക് രണ്ടു മണിമുതല്‍ അജ്മാന്‍ ഹീലിയോ പാര്‍ക്ക് ഗ്രൗണ്ടില്‍ പരപ്പയിലെയും സമീപ പ്രദേശങ്ങളിലെയും 12 പ്രാദേശിക ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് ഹീലിയോ ഫാം ഹൗസില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള നിരവധി കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴു മണിക്ക് സത്യന്‍ പരപ്പ സംവിധാനം നിര്‍വഹിച്ച 'പാലം' എന്ന നാടകം അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമാപന സംഗമത്തില്‍ ഡോ. മണികണ്ഠന്‍ മേലേത്ത് മുഖ്യാഥിതി ആയിരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഷംനാസ് പരപ്പ അധ്യക്ഷത വഹിക്കും. ബ്രദേഴ്സ് കൂട്ടായ്മ പ്രസിഡന്റ് സുധാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ കാരാട്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ബന്തടുക്ക ഏണിയാടി മഖാം ഉറൂസ്; സയ്യിദ് സാലിം സഖാഫി അല്‍ ബുഖാരി വെള്ളിയാഴ്ച പ്രഭാഷണം നടത്തും

ബന്തടുക്ക: ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് സയ്യിദ് സാലിം സഖാഫി അല്‍ ബുഖാരി മത പ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കൂട്ടുപ്രാത്ഥനയ്ക്ക്് നേതൃത്വം നല്‍കും. 

നവീകരിച്ച തുരുത്തി ജുമാമസ്ജിദ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നവീകരിച്ച തുരുത്തി ജുമാമസ്ജിദ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉച്ചയ്ക്ക് 12 മണിയോടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ 32 വര്‍ഷത്തോളമായി ഖത്തീബും മുദരിസുമായി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉസ്താദ് ടി കെ അഹ് മദ് ഫൈസിയെ ചടങ്ങില്‍വെച്ച് ആദരിക്കും. അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ (ബായാര്‍ തങ്ങള്‍) പ്രാര്‍ത്ഥന നടത്തും. ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി എ അബ്ദുര്‍ റഹ് മാന്‍ ഹാജി സ്വാഗതം പറയും. തുരുത്തി ജമാഅത്ത് പ്രസിഡണ്ട് ടി എ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിക്കും. കാസര്‍കോട് സംയുക്തി ജമാഅത്ത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി, തുരുത്തി മുദരിസ് ടി കെ അഹ് മദ് ഫൈസി, ടി എം അബൂബക്കര്‍ ഫൈസി, ടി എച്ച് മുനീര്‍ ബാഖവി, ടി എച്ച് അഹ് മദ് എന്നിവര്‍ സംബന്ധിക്കും. തുരുത്തി ജമാഥ്ത് കമ്മിറ്റി ട്രഷറര്‍ ടി എ സൈനുല്‍ ആബിദീന്‍ ഹാജി നന്ദി പറയും.

വിദ്യാനഗറില്‍ സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: കാസര്‍കോട് ജില്ലാ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഉണര്‍വ്വ് പകരാന്‍ സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ് പി, ആര്‍ ടി ഒ, ഡി വൈ എസ് പി, സി ഐമാര്‍, എസ് ഐമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ബൂത്ത് പ്രവര്‍ത്തിക്കുക.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 14-02-2020
 

Post a Comment