Kerala

Gulf

Chalanam

Obituary

Video News

പട്‌ല സ്‌കൂളും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടും; ഇവിടെ അത്രമാത്രം രൂക്ഷമായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടോ? ബദല്‍ പരിഹാരമെന്തുണ്ട്? അല്‍പം ശകട ചിന്തകള്‍...

അസ്ലം മാവിലെ

(my.kasargodvartha.com 22.11.2019)
കഴിഞ്ഞ മാസം കാസര്‍കോട്-മധൂര്‍ ബസ് യാത്രയ്ക്കിടെ ഒരു പഴയ ബസ് ഡ്രൈവറെ എന്റെ സഹ ഇരിപ്പിടക്കാരനായി കിട്ടി. പരിചയം പുതുക്കി. അയാളൊരു ബസ് മുതലാളികൂടിയായിരുന്നു. വണ്ടീം വലീം നടക്കാത്തത് കൊണ്ട് പകുതിക്ക് ആരുടെയോ പിരടിക്ക് ഈ വേതാളത്തെ വെച്ച് കയ്യൊഴിഞ്ഞു കളഞ്ഞുവത്രെ. അതോടെ ഞങ്ങളുടെ സംസാര വിഷയം ബസ് ഓട്ടവും അതിന്റെ ലാഭനഷ്ടങ്ങളെ കുറിച്ചുമായി.

എന്തൊക്കെ പ്രശ്‌നങ്ങളാണ്? മൂന്ന് മാസത്തിലൊരിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സ് ഇനത്തില്‍ ഭീമമായ തുക (30,000 രൂപ മുതല്‍ 35,000 രൂപ വരെ), ഇന്‍ഷുറന്‍സ്, വേയ്ജ് ബില്‍ തുടങ്ങിയ ചിലവുകള്‍. എണ്ണയുടെ വില വര്‍ദ്ധനവും അറ്റകുറ്റപ്പണികളുടെ ചെലവും വേറെ. ടയര്‍, ലൂബ്രിക്കന്‍സ് വിലവര്‍ദ്ധനവ്, ശമ്പളം, പണിക്കാരെ ഭക്ഷണം, പിരിവ് എല്ലാം കൂടി കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്ന ഏര്‍പ്പാടാണ് ബസ്സോട്ടമെന്ന് തോന്നി. ഇതിനൊക്കെ പുറമെ കുറേ ഓസിന് യാത്രക്കാരും (freebies).


ഞാന്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ ബസ് ഒന്നു കൂടി തിരിഞ്ഞും മറിഞ്ഞും നോക്കി- ഒരു തരത്തില്‍ പറഞ്ഞാല്‍ മങ്ങലം കഴിഞ്ഞ കല്യാണപ്പുര പോലെ, കാര്യമായി ആരും ഇല്ലാത്ത അവസ്ഥ. മധൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് തിരിച്ചു പോകുന്ന രണ്ട് മൂന്ന് ബസുകളിലും കഥ ഇത് തന്നെ. ഈ പത്ത് മുപ്പത് ആളുകള്‍ക്ക് 8, 9, 10 രൂപ ടിക്കറ്റുകള്‍ കൊടുത്ത് എന്ത് ലാഭം കിട്ടാനാണ് ? പിന്നെ എങ്ങനെ ബസ് സര്‍വീസ് ലാഭത്തിലാകും? അഞ്ചെട്ട് കൊല്ലം മുമ്പുള്ള 30,000 ബസ്സുകളില്‍ നിന്നും 12,500 ലേക്ക് പ്രൈവറ്റ് ബസ്സുകളുടെ എണ്ണം കുറഞ്ഞെന്ന് കേള്‍ക്കുന്നു. ചിലര്‍ ഓട്ടം തല്‍ക്കാലികമായി നിര്‍ത്താന്‍ അപേക്ഷ കൊടുത്തു കൊണ്ടിരിക്കുകയാണത്രെ (ഫോറം -ഏ എന്ന് പറയും, ഇത് ത്രൈമാസ ടാക്‌സ് ഒഴിവാക്കാനുള്ള അപേക്ഷയാണ് )

ചില ബസ്സുകളില്‍ ഇപ്പോള്‍ പണിക്ക് കിളിയും (ക്ലീനര്‍) ഇല്ല, കുരുവിയുമില്ല. ഡ്രൈവറും കണ്ടക്ടറും മാത്രം. 500, 450, 400 ഇതാണ് ഡ്രൈവര്‍-കണ്ടക്ടര്‍-ക്ലീനര്‍ ശമ്പളനിരക്ക്. രാവിലെ 6 മണിക്ക് ഇറങ്ങിയാല്‍ രാത്രി 8 വരെയുള്ള പണിക്കൂലി എന്നോര്‍ക്കണം. ഒരുപാട് ബസ് നമ്മുടെ നാട്ടിലേക്ക് വേണമെന്ന് മുറവിളി കൂട്ടാം. ആ ബസാണെങ്കില്‍ സമയത്തിനു കിട്ടുകയും വേണമെന്ന് ആവശ്യവുമുന്നയിക്കാം, ഇനി പറ. ആര് യാത്ര ചെയ്യാനാണ് ? നാട്ടുകാരോ ? വടക്കു നിന്നും ബസ്സ് വരുന്ന ശബ്ദവും പടിഞ്ഞാറു നിന്ന് പരിചയക്കാരന്റെ കാറും കിഴക്കു നിന്നു കുട്ടുകാരന്റെ ബൈക്കും വന്നാല്‍ ഞാനടക്കം ഏതിന് കൈ കാണിക്കും?

പട്‌ലയില്‍ ഇരുചക്രവാഹനമില്ലാത്ത പത്തിരുപത് അധ്യാപകര്‍ക്ക് വേണ്ടിയും നീര്‍ച്ചാല്‍, കുഞ്ചാര്‍ ഭാഗത്ത് നിന്ന് വരുന്ന കുറച്ചു കുട്ടികള്‍ക്ക് വേണ്ടിയും അവരുടെ സ്‌കൂള്‍ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് പറയാമെന്നല്ലാതെ നടക്കുന്ന കാര്യമാണോ? പിന്നെയുള്ള നേര്‍ത്ത സാധ്യത മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ ബസ് ട്രിപ്പ് രാവിലെ അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ സമയം കണക്കായി പട്‌ലയിലേക്ക് വഴി തിരിച്ചു വിടാന്‍ പറ്റുമോ എന്നാണ്. അതിന് ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് ചര്‍ച്ച ചെയ്ത് നോക്കണം.

അപ്പോഴും പ്രശ്‌നം വരും. പട്‌ലയിലേക്ക് മധൂര്‍ ഭാഗത്ത് നിന്ന് യാത്രക്കാരുമായി വരുമ്പോള്‍ കുഞ്ചാറ് ഭാഗത്തുള്ള കുട്ടികള്‍ എത്രമണിക്കാണ് ബസ് കാത്ത് നില്‍ക്കേണ്ടത് ? സ്‌കൂള്‍ സമയം തെറ്റില്ലേ? അത് രാവിലെത്തേത്. ഇനി വൈകുന്നേരത്തെ കഥയോ? അതിലും നല്ലത് ചെറിയ സേവനമെന്ന രീതിയില്‍ പഴയ വാഹനമേതെങ്കിലും ഏര്‍പ്പാട് ചെയ്യുക എന്നതാണ്. അധ്യാപകരെ മധൂരില്‍ നിന്ന്‌കൊണ്ട് വരിക, തിരിച്ചു കൊണ്ട് വിടുക. ദൂരെയുള്ള കുട്ടികളെയും അങ്ങനെ തന്നെ. ചെറിയ ഫീസ് അവരില്‍ നിന്നും വാങ്ങണം. ബാക്കി നാട്ടുകാര്‍ കണ്ടെത്തണം. അല്ലെങ്കില്‍ പട്‌ല - മധൂര്‍ സ്റ്റാന്‍ഡിലുള്ള റിക്ഷാ തൊഴിലാളികളുമായി ആലോചിച്ച് ഒരു കരാറുണ്ടാക്കുക.

പത്രത്തിലും കൂടി വാര്‍ത്ത വന്ന സ്ഥിതിക്ക്, പിടിഎ, എസ്എംസി, എസ്ഡിസി യോഗങ്ങള്‍ ഉടനെ ചേരട്ടെ. അവരെക്കൂടാതെ ക്ഷണിതാക്കളും അഭ്യുദയകാംക്ഷികളും പങ്കെടുക്കട്ടെ. നൂറുതലകള്‍ ഒന്നിച്ചു വെച്ചാല്‍, അവയില്‍ നിന്നു എന്തെങ്കിലും ഒരു ഒരാശയം വരാതിരിക്കില്ലല്ലോ.

മുമ്പ് പാലത്തിന് വീതി ഇല്ലാഞ്ഞിട്ടായിരുന്നു നാട്ടില്‍ ബസ് വരാതിരുന്നത്. ഇന്ന് കപ്പല്‍ വീതിയുള്ള പാലത്തില്‍ കൂടി സ്വകാര്യവാഹനങ്ങള്‍ ഇരച്ചോടുന്നത് കൊണ്ട്, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ കയറാന്‍ ആളില്ലാത്തത് കൊണ്ട് ബസോട്ടവുമില്ല.

900 മീറ്റര്‍ ദൂരത്തില്‍ ബസ്സ് സൗകര്യം മാത്രം ഇല്ലാത്തത് കൊണ്ട് ഈ സ്‌കൂളിലെ പൊന്നോമനകളെ പാതിവഴിക്കാക്കി, ബസ് സ്റ്റോപ്പിനടുത്തുള്ള സ്‌കൂള്‍ സൗകര്യങ്ങള്‍ തേടി ട്രാന്‍സ്ഫറും വാങ്ങി ഒരധ്യാപകനും പട്‌ല സ്‌കൂളില്‍ നിന്ന് പടിയിറങ്ങി പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി അബദ്ധവശാല്‍ ആരെങ്കിലും മുമ്പെങ്ങാനും ഇക്കാരണം പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ അവര്‍ ഹേളിഗെ ആയിട്ടുണ്ടാകുമെന്നും ഞാന്‍ കരുതുന്നില്ല.

Related News:

സ്വകാര്യബസുകളുടെ റൂട്ട് ക്രമീകരണം; പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kerala, School, Teachers, students, Bus, Traffic, Article about Patla school and Public transport

Desk Delta

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive