Join Whatsapp Group. Join now!

മഞ്ചേശ്വരം പിടിച്ചടക്കാന്‍ മണ്ഡലത്തിലെ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമം: മുസ്ലിം ലീഗ്

മഞ്ചേശ്വരം മണ്ഡലത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍, ബി ജെ പി, ആര്‍ എസ് എസ് സംഘടനകള്‍ Kerala, News, Muslim League, Hindu-Muslim, Muslim League against Sanghparivar
കുമ്പള: (my.kasargodvartha.com 14.01.2019) മഞ്ചേശ്വരം മണ്ഡലത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍, ബി ജെ പി, ആര്‍ എസ് എസ് സംഘടനകള്‍ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം ഏതു സമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിര്‍ത്തിക്കപ്പുറത്ത് നിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ മറവില്‍ തലപ്പാടി, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, മൊറത്തണ, ബായാര്‍ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഭീതി ഉളവാക്കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു. ബായാറില്‍ മുഖം മൂടിക്കെട്ടി സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ അബ്ദുല്‍ കരീം മുസ്ലിയാര്‍ ഇപ്പോഴും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. അതേ ദിവസം തലപ്പാടിയില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായിരുന്ന ഉജിരെയിലെ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ് അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. നിയമത്തിന്റെ നൂലാമാലകള്‍ ഭയന്ന് പരാതി നല്‍കാത്ത ഈ കുടുംബത്തിലെ ഈ കുഞ്ഞും അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്ന് നേതാക്കള്‍ പറഞ്ഞു. മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല്‍പതോളം വരുന്ന അക്രമി സംഘത്തിലെ ഏഴു പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ പ്രതികള്‍ വലയ്ക്ക് പുറത്താണെന്ന് നേതാക്കള്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ രണ്ട് വിശ്വാസികളെ വെട്ടിയതും സംഘ്പരിവാറാണെന്നും പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിയാല്‍ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകുമെന്നും ലീഗ് ഭാരവാഹികള്‍ പറഞ്ഞു. ഈ സംഭവവും പ്രദേശത്ത് സൗഹാര്‍ദത്തോടെ കഴിഞ്ഞു വരുന്ന ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ബി ജെ പി, ആര്‍ എസ് എസ്, സംഘ്പരിവാര്‍ ഉണ്ടാക്കിയ നാടകമാണെന്ന് നേതാക്കള്‍ ആരോപിച്ചു.

അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി ജെ പി നേതാക്കളെ സംരക്ഷിക്കാന്‍ കുമ്പള, മഞ്ചേശ്വരം പോലീസ് ശ്രമിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. ബന്തിയോട്ട് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യുവമോര്‍ച്ച നേതാവ് ബിജുറൈയാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്നെ അറസ്റ്റു ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസിനെ വെല്ലുവിളിച്ച അയാളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് ഉപ്പളയില്‍ നടന്ന രാഷ്ട്രീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ബിജു റൈ ആയിരുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നായിക്കാപ്പില്‍ ആക്രമിക്കപ്പെട്ട കാര്‍ യാത്രക്കാര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് താത്പര്യപ്പെട്ടത്. ബന്തിയോട് വെച്ച് ആക്രമിക്കപ്പെട്ട സാധാരണക്കാര്‍ക്കും സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനൊപ്പം ഉണ്ടായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെതിരെയും പൊലീസ് കേസെടുത്തു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ 'തൂക്കം ഒപ്പിക്കാനാ'ണിതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഈ അനീതിയെ കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും പൊലീസിനെതിരെ ചൊവ്വാഴ്ച ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.  വാര്‍ത്ത സമ്മേളനത്തില്‍ എ കെ എം അഷ്‌റഫ്, എം. അബാസ്, ഗോള്‍ഡന്‍ റഹ് മാന്‍ എന്നിവര്‍ സംബന്ധിച്ചു.

 Kerala, News, Muslim League, Hindu-Muslim, Muslim League against Sanghparivar

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League, Hindu-Muslim, Muslim League against Sanghparivar

Post a Comment