Join Whatsapp Group. Join now!

ബഷീര്‍ കുമ്പള: കര്‍മ്മംകൊണ്ട് ശോഭിച്ച ജീവിതം

അന്തരിച്ച കുമ്പള കൃഷ്ണ നഗറിലെ സയാന്‍ മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കുമ്പള ഇനിയും Basheer Kumbla, Article, M.A. Moosa Mogral, Remembrance of Basheer Kumbala
അനുസ്മരണം/ എം എ മൂസ മൊഗ്രാല്‍

(my.kasargodvartha.com 17.10.2018) അന്തരിച്ച കുമ്പള കൃഷ്ണ നഗറിലെ സയാന്‍ മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കുമ്പള ഇനിയും മോചിതമായിട്ടില്ല. ആര്‍ക്കും വിശ്വസിക്കാനാവാത്ത വേര്‍പാട്. സുഖമില്ലെന്നും ആശുപത്രിയില്‍ ആണെന്നും അറിഞ്ഞതുമുതല്‍ പ്രാര്‍ത്ഥനയിലായിരുന്നു കുമ്പള നിവാസികള്‍. ഒരാഴ്ചയ്ക്കുള്ളില്‍ ബഷീര്‍ നമ്മെ വിട്ടുപിരിഞ്ഞു പോകുമെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. മരണം അനിവാര്യമാണ്. അപ്രതീക്ഷിത അഥിതിയായിട്ടാണ് മരണമെത്തുന്നതും. കുമ്പളയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീറിന്റെ വിയോഗം അത്തരത്തിലുള്ളതാണെന്ന് പറയുന്നതാവും ശരി.

സപ്തഭാഷാ സംഗമ ഭൂമിയായ കുമ്പളയുടെ മണ്ണില്‍ എല്ലായ്‌പ്പോഴും സജീവമായി നാടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ബഷീറിന്റെ പുഞ്ചിരി മായാത്ത മുഖം അദ്ദേഹത്തെ അറിയാവുന്ന എല്ലാവരുടേയും മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. നല്ല മനസ്സും, മനസ്സിനൊത്ത കര്‍മ്മവുംകൊണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു ബഷീറിന്റേത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഏത് കാര്യത്തിലായാലും മുമ്പില്‍ ഉണ്ടാകുന്ന സജീവ പ്രവര്‍ത്തകന്‍, ഒപ്പം മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ടൗണ്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം കൗണ്‍സിലര്‍ അതിലുപരി ആര്‍ദ്ര മനസ്സുള്ള മനുഷ്യ സ്നേഹി. ഇതൊക്കെയായിരുന്നു ബഷീര്‍.

സ്ഥാന മാനങ്ങള്‍ക്ക് പിന്നാലെ ഓടുന്നവര്‍ക്കിടയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ സേവനത്തിന്റെ മാതൃക കാണിച്ചുകൊടുത്ത പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ബഷീര്‍. പാര്‍ട്ടിയിലെ അനൈക്യങ്ങള്‍ക്കൊന്നും പക്ഷം ചേരാതെ മധ്യസ്ഥനായി നിന്നുകൊണ്ട് പരിഹാരം കാണുന്നതിനാലാണ് മുഹമ്മദ് ബഷീര്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്. സ്വയം ജീവിക്കാന്‍ മറന്ന് മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ച ബഷീറിന്റെ ജീവനറ്റ ശരീരം കണ്ടപ്പോള്‍ കണ്ണീര്‍ പൊഴിയാത്തവര്‍ വിരളമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവവായുപോലെ നെഞ്ചിലേറ്റി നടന്ന മുഹമ്മദ് ബഷീര്‍ പാര്‍ട്ടിക്കും, പാവങ്ങള്‍ക്കും വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വയം ജീവിക്കാനും ആരോഗ്യം സൂക്ഷിക്കാനും മറന്നുപോയി. രാഷ്ട്രീയ പ്രവര്‍ത്തനംകൊണ്ട് പലരും പലതും നേടിയെടുത്തപ്പോള്‍ മുഹമ്മദ് ബഷീര്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തകരുടെ മനസിനെ ഒപ്പം നിര്‍ത്തി പ്രവര്‍ത്തിക്കുകയായിരുന്നു. ചുറ്റുവട്ടത്ത് നടക്കുന്നതെന്തും സസൂക്ഷ്മം വീക്ഷിച്ച് നാടിനും സാധാരണക്കാര്‍ക്കും അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ പാര്‍ട്ടി പദവി ഉപയോഗപ്പെടുത്തി നേടിക്കൊടുക്കുന്നതില്‍ ബഷീര്‍ സദാസമയവും ഓടി നടക്കുമായിരുന്നു. സാധ്യമായ സൗകര്യം ഉപയോഗിച്ച് വ്യക്തികള്‍ക്കും, സമൂഹത്തിനും സഹായം എത്തിക്കാനുള്ള നല്ലൊരു മനസിന്റെ ഉടമയായിരുന്നു ബഷീറിന്റേത്.

ഒരു പ്രദേശത്തിന്റെ നന്മയ്ക്കുവേണ്ടി സദാ പ്രവര്‍ത്തനത്തില്‍ മുഴുകുകയും, തന്റെ കാര്യങ്ങളെല്ലാം പിന്നീട് നോക്കാമെന്ന് കരുതി മാറ്റിവെച്ചു മറ്റുള്ളവരുടെ പ്രശ്‌ന പരിഹാരത്തിലും, നേട്ടത്തിലും സന്തോഷം കണ്ടെത്തുകയും ചെയ്ത മുഹമ്മദ് ബഷീര്‍ കുമ്പളക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. രാഷ്ട്രീയ രംഗത്തും, ദീനീ സേവന രംഗത്തും, സാമൂഹ്യ -ജീവകാരുണ്യ രംഗങ്ങളിലൊക്കെ ചെറുപ്രായത്തില്‍ തന്നെ നിറഞ്ഞുനിന്ന് അതിലുപരി ഏറെ ശോഭിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ബഷീര്‍ കുമ്പളയുടേത്.

പൊതുപ്രവര്‍ത്തനം ജീവിതചര്യ എന്നത് ബഷീറിലൂടെയാണ് നാം കാണുന്നത്. കുമ്പളയിലെ എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ബഷീറിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. തന്റെ പാര്‍ട്ടി പദവിയിലൂടെ സാധാരണക്കാരായ ജനങ്ങളുടേയും കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടേയും ഇടയില്‍ നിന്നുകൊണ്ട് ഒരു പാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബഷീര്‍. ആരെന്ത് കാര്യമേല്‍പിച്ചാലും സ്വാര്‍ത്ഥ താത്പര്യമൊന്നുമില്ലാതെ നിറപുഞ്ചിരിയോടെ ചെയ്തുകൊടുക്കാന്‍ ബഷീര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ബഷീര്‍ പാര്‍ട്ടിക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രവര്‍ത്തകനായതും, പാര്‍ട്ടിയുടെ കര്‍മ്മഭടനായതും. നാടിന് വേണ്ടി പ്രവര്‍ത്തിച്ചു, പാര്‍ട്ടിക്കുവേണ്ടി ജീവിച്ചു എല്ലാ വിഭാഗങ്ങളുടെയും ആദരവ് ഏറ്റുവാങ്ങിയ ബഷീറിന്റെ വിയോഗം അറിഞ്ഞ് തേങ്ങുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരും കുമ്പള നിവാസികളും.

മതാനുഷ്ഠാന കര്‍മ്മത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. എന്ത് തിരക്കാണെങ്കില്‍പോലും ബാങ്കുവിളി കേട്ടാല്‍ പിന്നെ ബഷീര്‍ പള്ളിയിലേക്ക് കുതിക്കും. കുമ്പള ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി അംഗമായും, കുണ്ടങ്കാരടുക്ക ത്വാഹാ മസ്ജിദ് കമ്മിറ്റി അംഗമായും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്ത് കുറേ ദിവസങ്ങളായി കുമ്പള ബദര്‍ ജുമാ മസ്ജിദില്‍ ഈ മാസം അവസാനം നടക്കാനിരുന്ന മര്‍ഹൂം ഖാസി മുഹമ്മദ് മുസ്ലിയാര്‍ (ന.മ)പേരില്‍ നടത്തിവരാറുള്ള കുമ്പള മഖാം ഉറൂസിനുവേണ്ടിയുള്ള അവസാനഘട്ട ഓട്ടത്തിനിടയിലായിരുന്നു ബഷീര്‍. അതിനിടയിലാണ് ബഷീറിന്റെ വിയോഗം. അത് നാടിനേയും നാട്ടുകാരേയും കൂടുതല്‍ വിഷമത്തിലാക്കുകയാണ്.

ജീവിതകാലയളവില്‍ നന്മകള്‍ പലതും ചെയ്താല്‍ മാത്രമേ മരണാന്തരം ആരെങ്കിലും നമ്മെക്കുറിച്ചോര്‍ക്കുകയുള്ളൂ എന്ന് പറയുന്നതുപോലെയാണ് ബഷീറിന്റെ നന്മ നിറഞ്ഞ ജീവിതം. ചില മനുഷ്യരുടെ വിടവുകള്‍ നമുക്ക് നികത്താന്‍ പറ്റുന്നതല്ല അതില്‍ ഒരാളാണ് നമ്മുടെ പ്രിയങ്കരനായ ബഷീര്‍. ബഷീറിന്റെ മയ്യിത്ത് മൊഗ്രാല്‍ പള്ളിയില്‍ മറവ് ചെയ്യണം എന്നായിരുന്നു കുടുംബക്കാരുടെ ആദ്യത്തെ തീരുമാനം. അത് കുമ്പള നിവാസികളെ സംബന്ധിച്ചിടത്തോളം വളരെ വിഷമത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം നമ്മള്‍ ആഗ്രഹിച്ചതുപോലെ മൊഗ്രാലില്‍ വേണ്ട കുമ്പള ബദര്‍ ജുമാ മസ്ജിദില്‍തന്നെ മറവുചെയ്യാം എന്ന തീരുമാനത്തില്‍ കുടുംബക്കാരും ബന്ധുമിത്രാതികളും എത്തുകയായിരുന്നു. ആ തീരുമാനം കുമ്പള നിവാസികളെ വലിയ വേദനകള്‍ക്കിടയിലും അല്‍പം സന്തോഷം നല്‍കുന്നതായിരുന്നു. കുമ്പള ബദര്‍ ജുമാ മസ്ജിദിന്റെ പരിസരത്ത് അന്തിയുറങ്ങുന്ന അദ്ദേഹത്തിന്റെ ഒരുപിടി നല്ല ഓര്‍മ്മകളും പ്രാര്‍ത്ഥനയുമായി ഒരു തലമുറതന്നെ ഉണ്ടാകും തീര്‍ച്ച.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Basheer Kumbla, Article, M.A. Moosa Mogral, Remembrance of Basheer Kumbala

Post a Comment