Join Whatsapp Group. Join now!

പട്‌ലയുടെ മാതൃകാ ഗുരു ശ്രേഷ്ടന്‍ പൊയ്മറഞ്ഞു

ഇക്കഴിഞ്ഞ അധ്യാപക ദിനത്തില്‍ ഞാന്‍ കെവാര്‍ത്തയില്‍ ഓര്‍മകളെഴുതിയത് എ പി അബൂബക്കര്‍ മൗലവിയെ കുറിച്ചായിരുന്നു. ഒരു മാതൃകാ അധ്യാപകന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അദ്ദേArticle, Aslam Mavila, AP Aboobacker Moulavi, Writing, Usthad, Teacher, Death, Patla, AP Aboobacker Moulavi no more
അസ്ലം മാവില 

(my.kasargodvartha.com 28.06.2018) ഇക്കഴിഞ്ഞ അധ്യാപക ദിനത്തില്‍ ഞാന്‍ കാസര്‍കോട് വാര്‍ത്തയില്‍ ഓര്‍മകളെഴുതിയത് എ പി അബൂബക്കര്‍ മൗലവിയെ കുറിച്ചായിരുന്നു. ഒരു മാതൃകാ അധ്യാപകന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നു.

യാദൃശ്ചികം, കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടന്ന ഒരു കുറിപ്പുണ്ട്, ഒരു മാതൃകാ ഖത്വീബിന്റെ വിലയും നിലയുമെന്തെന്നും ആ സമാദരണീയന്റെ ഉത്തരവാദിത്വവുമെന്തായിരിക്കണമെന്നുമായിരുന്നു അതിലെ ഉള്ളടക്കം. ആ വിഷയം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെയാണ് 1970 കളിലും 80കളിലും കാസര്‍കോട് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ (പട്‌ല) സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ തന്റെതായ ശൈലിയില്‍ നേതൃപരമായ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായ എ പി അബൂബക്കര്‍ മൗലവി ഈ ലോകത്തോട് വിട പറയുന്നത്. അദ്ദേഹത്തിന്റെ പരലോക വിജയത്തിന് എല്ലാവര്‍ക്കും മനസ്സില്‍ തട്ടി പ്രാര്‍ഥിക്കാം.


വേണമെങ്കില്‍ മൗലവിക്ക് ഒന്ന് മുതല്‍ 7ഏഴാം ക്ലാസ് വരെയുള്ളഒരു സാദാ മദ്രസ്സയുടെ സദര്‍ (പ്രധാനധ്യാപകന്‍) മാത്രമായി ഒതുങ്ങാമായിരുന്നു. മുന്നൂറ്റി അമ്പത് രൂപയാണ് അദ്ദേഹം അവസാനം കൈപറ്റിയ മാസ ശമ്പളം. (അന്നത്തെ പൊതുവെയുള്ള മദ്രസാധ്യാപകരുടെ വേതന സ്‌കെയിലിലാണത്.) ആ ശമ്പളത്തില്‍ നിന്നാണ് പട്‌ലയിലേക്ക് വരുന്ന പട്‌ലക്കാരനല്ലാത്തവരെ കുഞ്ഞാമുക്കയുടെ ചായക്കടയില്‍ ചായസല്‍ക്കാരം നടത്തി സ്വീകരിച്ചത്!.

അന്ന് പട്‌ലയില്‍ വരുന്ന ഒരു അപരിചിതനും മൗലവിയുടെ ശ്രദ്ധയില്‍ വരാതെ പോയിട്ടില്ല. പാട്ട പെറുക്കാന്‍ വരുന്നവരോട് പറയും, നിങ്ങള്‍ പോകുന്ന വീട്ടുകാര്‍ക്ക് ആവശ്യമില്ലാത്തത് പെറുക്കി കൊണ്ട് പോകാം,മോഷണമാണുദ്ദേശമെങ്കില്‍ ഇപ്പോള്‍ തന്നെ തിരിച്ചു പോകണം. ഒരു കാലത്ത് നാടോടികളുടെ തവളപിടുത്തം നാട്ടിന്‍ പ്രദേശങ്ങളില്‍ നിത്യ കാഴ്ചയായിരുന്നു. പട്‌ലയില്‍ അത് നിര്‍ത്തിയത് മൗലവിയാണ്.

കല്യാണ വീടുകളിലെ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഇവന്റ് മാനേജ്‌മെന്റിന്റെ നേതൃത്വം മൗലവിക്കായിരുന്നു. സല്‍ക്കാരത്തിനെത്തുന്ന കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ അവര്‍ എവിടെ ഇരിക്കണമെന്ന് മൗലവിയോട് പറഞ്ഞാല്‍ മതി. പിന്നെ ആ ചിട്ട തെറ്റില്ല. തെറ്റിക്കാന്‍ അദ്ദേഹം അനുവദിക്കില്ല.

സന്ധ്യ കഴിഞ്ഞും കുട്ടികള്‍ വീട്ടിലെത്താതെ എവിടെയെങ്കിലും കളിച്ചും ചിരിച്ചും സമയം കൊല്ലുന്നെന്നറിഞ്ഞാല്‍ മതി. അടുത്ത ദിവസം വലത് കയില്‍ റിസ്റ്റ് വാച്ച് കെട്ടി എന്തിനും തയ്യാറായ ഒരു മനുഷ്യനെ ആ സ്‌പോട്ടില്‍ കാണാം, മൗലവിയെ.

തൊട്ടടുത്ത ഗവ. സ്‌കൂളിലെ സ്റ്റാഫ് മുറിയില്‍ ചെറിയ സൗന്ദര്യ പിണക്കം.മൗലവി അവിടെ എത്തിയിരിക്കും. ഒരു അധ്യാപകന്, അധ്യാപികക്ക് താമസ പ്രശ്‌നം. പരിഹാരവുമായി എ പി എത്തിക്കഴിഞ്ഞു. പട്‌ല ഗവ. സ്‌കൂള്‍ പ്രധാനധ്യാപകരായ ഖാന്‍ മാഷും ഹനീഫ് മാഷും താമസിച്ചത് എവിടെയെന്നോ? അവിശ്വസനീയം!  എം എച്ച് എം മദ്രസ്സയില്‍ സദര്‍ ഉസ്താദിന്റെ ഒഫീഷ്യല്‍ മുറിയില്‍. ആ മുറി അവര്‍ക്ക് വിട്ട് മൗലവി ദിവസവും അന്തിയുറങ്ങുന്നത് വലിയ പള്ളിയുടെ മുകളില്‍. ഒന്നു കൂടി നിങ്ങളുടെ അറിവിലേക്ക്. അത് ഇന്നത്തെ തലമുറ വായിക്കുക. എന്‍ എസ് എസ് പ്രസ്ഥാനത്തിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്ന പ്രഭാകരന്‍ നായര്‍ (പേര് അതാണോര്‍മ്മ) പട്‌ലയില്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹവും തന്റെ ഡ്യൂട്ടിയും തന്റെ പൊതു പ്രവര്‍ത്തനവും കഴിഞ്ഞ്കിടന്നതും എം എച്ച് എം മദ്രസ്സയിലെ പ്രധാനധ്യാപകന്റെ ഓഫീസില്‍ തന്നെ. അങ്ങിനെയൊരു സൗഹൃദ സാമുഹിക പശ്ചാത്തലമൊരുക്കാന്‍ മൗലവി ചെയ്ത പ്രയത്‌നം അതിമഹത്തരം.

പട്‌ലയിലെ കുതിരപ്പാടിയിലോ പതിക്കാലിലോ മറ്റോ പച്ചക്കറി കൃഷി നടത്തിയിരുന്ന ഒരു ബ്രാഹ്മണ കര്‍ഷകന്‍ ഉണ്ടായിരുന്നു. പട്‌ലക്ക് പുറത്തുള്ളയാളാണ് അദ്ദേഹം. ടി വി എസിലാണ് അദ്ദേഹം അതിരാവിലെ വരിക. പത്ത് മണിക്ക് മുമ്പ് ചീരക്കെട്ടുമായി മടങ്ങും. സ്‌കൂള്‍ കുട്ടികള്‍ അങ്ങേ തല മുതലിങ്ങോട്ട് വഴി നീളം നിന്ന് ഇദ്ദേഹത്തെ ടി വി എസ് ഓടിച്ചു വരുന്നത് കണ്ടാല്‍ ഉറക്കെ 'ചീര, ചീര' എന്ന് വിളിക്കാന്‍ തുടങ്ങിയത്രെ. ആ കര്‍ഷക സുഹൃത്ത് അതൊന്ന് മൗലവിയോട് സൂചിപ്പിച്ചത് മാത്രം. പിന്നെയാ വിളി പട്‌ലയിലെവിടെയും ഉയര്‍ന്നു കേട്ടിട്ടില്ല. അങ്ങിനെയൊരു വിളി ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് എന്നും രാവിലെ ആ കര്‍ഷകനെ ഉസ്താദ് മദ്രസ്സയുടെ മുമ്പില്‍ വെച്ച് യാത്രയച്ചത്.

സാംസ്‌ക്കാരിക പരിപാടികള്‍, സാഹിത്യ സമാജങ്ങള്‍, വാര്‍ഷികാഘോഷങ്ങള്‍, വിവാഹ ചടങ്ങുകള്‍, ഗാനമേളകള്‍, അനുശോചന യോഗങ്ങള്‍, അനുമോദന ചടങ്ങുകള്‍ എല്ലാമെങ്ങിനെ ചിട്ടവട്ടങ്ങളോടെ നടത്തണമെന്ന് പഠിപ്പിച്ചത് മൗലവിയാണ്.

പതിവ് രീതിയിലുള്ള നീട്ടി പ്രസംഗത്തില്‍ നിന്ന് പച്ച മലയാളത്തിലുള്ള ഇസ്ലാമിക പ്രഭാഷണ പരമ്പര ഞാനാദ്യം കേട്ടത് പട്‌ലയിലെ പഴയകാല പള്ളികളിലൊന്നായ സ്രാമ്പി പള്ളിയില്‍ നിന്നാണ്, പ്രഭാഷകന്‍ എ പി അബൂബക്കര്‍ മൗലവി!.

പട്‌ല സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുടെ ഉദാസീനത കൊണ്ട് മാത്രം നഷ്ടപ്പെടുമായിരുന്ന അറബിക് തസ്തിക നിലനിര്‍ത്തിയത് മൗലവിയുടെ യഥോചിതമായ ഇടപെടലായിരുന്നു. ശരിക്കും അദ്ദഹം ആ സ്‌കൂളിന്റെ കൂടി ശമ്പളം പറ്റാത്ത അഡീഷണല്‍ ഹെഡ്മാസ്റ്ററായിരുന്നു എന്ന് പറയാം.

എഴുത്തിലും വായനയിലും പ്രസംഗത്തിലും സാമൂഹിക ഇടപെടലിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും എന്നെപ്പോലുള്ളവരെ സ്വാധീനിച്ച വ്യക്തികളിലൊരാളാണ് മൗലവി. അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് വലിയ ഗുണം ചെയ്തിട്ടുണ്ട്.

ആനുകാലികങ്ങളുടെ ഒരു കൂമ്പാരം തന്നെ അദ്ദേഹം മേശപുറത്ത് കാണും. വായനയെ അദ്ദേഹം അത്ര മാത്രം സ്‌നേഹിച്ചു. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. പട്‌ലയില്‍ 1979ല്‍  ഹൈസ്‌കൂളായനുവദിച്ചപ്പോള്‍, പിള്ളേരെ ചേര്‍ക്കാന്‍ ഓടി നടന്ന ആ പാലക്കാടുകാരന്‍ പെണ്‍കുട്ടികളെ ഹൈസ്‌കൂളില്‍ ചേര്‍ക്കാത്തവരോടൊക്കെ അദ്ദേഹം തര്‍ക്കിക്കുന്നത് എന്റെ ആറാം ക്ലാസ് ഓര്‍മയിലുണ്ട്.

ആ ഗുരുശ്രേഷ്ടന്റെ പാപങ്ങള്‍ പൊറുത്ത് തരട്ടെ, പടച്ചവന്‍ ആ മനീഷിയെ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.

Also Read:
സക്രിയനായ എന്റെ പ്രിയപ്പെട്ട എ പി അബൂബക്കര്‍ മൗലവി

Keywords: Article, Aslam Mavila, AP Aboobacker Moulavi, Writing, Usthad, Teacher, Death, Patla, AP Aboobacker Moulavi no more

Post a Comment