Join Whatsapp Group. Join now!

ഖത്തര്‍ ഇബ്രാഹിം ഹാജി; മണ്‍മറഞ്ഞത് നന്മയുടെ നാട്ടു വെളിച്ചം

ഖത്തര്‍ ഇബ്രാഹിം ഹാജി എന്ന വ്യക്തിത്വത്തില്‍ അനുഭവമായ അനേകം മാതൃകകള്‍ ഉണ്ടായിരുന്നു. വേദനിക്കുന്നവന്റെ കണ്ണിലേക്ക്, ചതിക്കപ്പെടുന്നവന്റെ ഹൃദയത്തിലേക്ക്, Kerala, Article, Latheef Kollampady, Qatar Ibrahim Haji commemorance
അനുസ്മരണം/ ലത്വീഫ് കൊല്ലമ്പാടി

(my.kasargodvartha.com 17.05.2018) ഖത്തര്‍ ഇബ്രാഹിം ഹാജി എന്ന വ്യക്തിത്വത്തില്‍ അനുഭവമായ അനേകം മാതൃകകള്‍ ഉണ്ടായിരുന്നു. വേദനിക്കുന്നവന്റെ കണ്ണിലേക്ക്, ചതിക്കപ്പെടുന്നവന്റെ ഹൃദയത്തിലേക്ക്, ഒറ്റപ്പെടുന്നവന്റെ മുഖത്തേക്ക്, യാഥാസ്തികത്വത്തിന്റെ ഹൃദയ ശൂന്യതയിലേക്ക് ആ കണ്ണുകള്‍ എന്നും ചലിച്ചു കൊണ്ടിരുന്നു. വാക്കുകളൂടെ വിസ്‌ഫോടനം, ചിന്തയുടെ സ്വതന്ത്ര്യ ഭാവം, പ്രവര്‍ത്തനത്തിന്റെ ചടുലത, സ്‌നേഹത്തിന്റെ, കരുതലിന്റെ വിശ്വാസ്യത. കൂടാതെ കാരുണ്യത്തിന്റെ കനിവിന്റെ വിശ്വരൂപം ഇതെല്ലാം ഒത്തിണങ്ങിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

മത - സാമൂഹിക - സാംസ്‌കാരിക-രാഷ്ടീയ- വിദ്യഭ്യാസ- കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ അദ്ദേഹം ജ്വലിച്ചു നില്‍ക്കാന്‍ കാരണവും ഇതാണ്. ഏതു കാര്യത്തിലും ഉറച്ച തീരുമാനമായിരുന്നു അദ്ദേഹത്തിന്റേത്. ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ അല്ലെങ്കില്‍ സംഘടന ദൗത്യം എറ്റെടുത്താല്‍ അത് ഭംഗിയായി പൂര്‍ത്തിയാക്കുന്നത് വരെ തന്റെ സമ്പത്തും ശരീരവും ആരോഗ്യവും ഭക്ഷണം പോലും മറന്ന് പ്രവര്‍ത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എത്ര പ്രതികൂല സാഹചര്യമെങ്കിലും അന്ന് ചെയ്യേണ്ട കാര്യം അപ്പോള്‍ തന്നെ നടക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജിവിതത്തില്‍ ഇത് വേറിട്ട ഒരു കാഴ്ചയായിരുന്നു.

അവസാന സമയത്തു പോലും രോഗ കാരണത്താല്‍ ക്ഷീണിച്ചപ്പോഴും തൊട്ടടുത്ത് പണി നടന്ന് കൊണ്ടിരിക്കുന്ന മസ്ജിദിന്റെ പുരോഗതിയെ കുറിച്ചും ഹിഫ്‌ള് കോളേജിന്റെ കാര്യങ്ങളെ കുറിച്ചും അറിയാനും കാര്യങ്ങള്‍ പറഞ്ഞ് തരാനും നിരന്തരം ബന്ധപ്പെട്ട് സ്വന്തം അവശത പോലും കണക്കിലെടുക്കാത്ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം.

നിരവധി പണ്ഡിതരുമായി അഗാധമായ ബന്ധം ഊട്ടി ഉറപ്പിക്കുകയും പാണക്കാട് കുടുംബത്തെ നെഞ്ചോട് ചേര്‍ക്കുകയും സമസ്തയുടെ തോഴനായി അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശാരീരികമായും സാമ്പത്തികമായും സഹായിക്കുകയും ചെയ്യാന്‍ മടിയില്ലാത്ത കര്‍മ്മയോഗിയായിരുന്നു. കളനാട് എന്ന പ്രദേശത്തിന്റെ വിദ്യഭ്യാസ- സാംസ്‌കാരിക- സാമൂഹിക രംഗത്ത് ഇന്ന് കാണുന്ന സര്‍വ്വ സുഖ സൗകര്യങ്ങളുടെയും പിന്നില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് വിസ്മരിക്കാന്‍ കഴിയാത്തതാണ്.

അദ്ദേഹത്തിന്റെ അധ്വാനത്തിന്റെയും കര്‍മ്മഫലത്തെയും വിളിച്ചോതുന്നതാണ് കളനാട് പളളിയിലെ കൊത്തുപണികളും ഖുര്‍ആന്‍ സൂക്തങ്ങളുടെ കാലിഗ്രാഫിയും സി.എം.ഉസ്താദ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജും. ചിന്ത കൊണ്ട് സജീവവും ശരീരം കൊണ്ട് തളര്‍ച്ചയും നേരിടേണ്ടി വന്ന അവസാന നാളുകളില്‍ പ്രതിരോധം കൊണ്ട് ഒരു വലിയ കവചം സൃഷ്ടിച്ചു കൊണ്ട് പ്രതിസന്ധികളെ ധീരമായി നേരിട്ടു എന്നതാണ് വാസ്തവം.

തുല്യരും കൂടുതല്‍ തുല്യരും വിശുദ്ധ പാപങ്ങളും കെട്ടിമറിയുന്ന ഒരു സമൂഹത്തില്‍ ശരിയേത്- തെറ്റേത് എന്ന് വിളിച്ചു പറയാന്‍ കഴിയുന്നതാണ് ധീരത. അത് വേണ്ടുവോളം ഉണ്ടായിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഖത്തര്‍ ഹാജിയുടെ ഓര്‍മകള്‍ ഇനിയും നമ്മെ നയിച്ചു കൊണ്ടേയിരിക്കും. കാലം ഓരോ ജീവിക്കും കരുതി വെച്ചതാണ് മരണം. ജീവിച്ചിരുന്ന കാലത്ത് എന്തു ചെയ്തു എന്നതിനാണ് പ്രസക്തി.

ഖത്തര്‍ ഹാജി തന്റെ സുഗന്ധവും തേനും മറ്റുള്ളവര്‍ക്ക് ഉദാരമായി പകുത്തി നല്‍കി ശാന്തമായി കൊഴിഞ്ഞു പോയിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വില നിര്‍ണയിക്കുന്നത് അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണെന്ന് ഇമാം ഹാമിദുല്‍ ഗസ്സാലി എഴുതിയിട്ടുണ്ട്. അതിനാല്‍ സിദ്ധിയും സാധനയും ചേര്‍ന്നാണ് മനുഷ്യ ജീവിതത്തിന്റെ ഗണം നിര്‍ണയിക്കുന്നതെന്ന് പറയാം. ഇബ്രാഹിം ഹാജിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ട് ഗുണങ്ങളും ധാരാളം ഉണ്ടായിരുന്നു. ഒരു നാടിനു മുഴുവന്‍ സേനഹ സുഗന്ധം നല്‍കി ശാന്തമായി കൊഴിഞ്ഞു വീണ ഇബ്രാന്‍ച്ചാന്റെ പരലോക ജീവിതം പ്രകാശപൂരിതമാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Latheef Kollampady, Qatar Ibrahim Haji commemorance  < !- START disable copy paste -->

Post a Comment