Join Whatsapp Group. Join now!

'മാനവ മൈത്രിക്ക് മലയോരമണ്ണ്'; മുസ്ലിം ലീഗ് പ്രമേയം വര്‍ത്തമാന കാലത്തിന്റെ ശബ്ദം

ഫെബ്രുവരി 13 ന് ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗിന്റെ ഐതിഹാസിക മലയോര സമ്മേളനത്തിന്റെ 'മാനവ മൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയം വര്‍ത്തമാന ഇന്ത്യയുടെ Kerala, Article, Muslim League, Article about Muslim League Conference Theme
സലാം കന്യാപാടി

(my.kasargodvartha.com 12.02.2018) ഫെബ്രുവരി 13 ന് ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗിന്റെ ഐതിഹാസിക മലയോര സമ്മേളനത്തിന്റെ 'മാനവ മൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയം വര്‍ത്തമാന ഇന്ത്യയുടെ ശബ്ദമാണ്. ഫാസിസത്തിന്റെ തേര്‍വാഴ്ചയാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. കാലങ്ങളോളം മത - ജാതി വ്യത്യാസമില്ലാതെ ഐക്യത്തോടെ കഴിഞ്ഞിരുന്ന രാജ്യത്തുള്ള ജനങ്ങളില്‍ വര്‍ഗീയത കുത്തിവെച്ച് വിഭജിച്ച് ഭരിക്കാമെന്ന തന്ത്രങ്ങളാണ് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ സമീപനം സ്വീകരിച്ച പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ ഈ സമ്മേളന മുദ്രാവാക്യത്തിന് ഏറെ പ്രാധാന്യമുണ്ട്.

വര്‍ധിച്ചു വരുന്ന അസഹിഷ്ണുതകള്‍ക്കെതിരെയും ഒരു വിഭാഗം നടത്തുന്ന സാമുദായിക ധ്രുവീകരണത്തിനെതിരെയും ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താനും, ഇന്ത്യയുടെ മഹിതമായ ബഹുസ്വരതയെ കാത്ത് സൂക്ഷിക്കാനും വേണ്ടി കാലികമായ പ്രമേയം തന്നേയാണ് മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. സാംസ്‌കാരിക സമന്വയത്തിന്റെ സമാനതകളില്ലാത്ത ഭൂമികയില്‍ ഇത്തരമൊരു സമ്മേളനം അനിവാര്യമാക്കിയത് വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യമാണ്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനുമെതിരെ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകിക്കൊണ്ട് രാജ്യത്തെ പൗരന്‍മാരെ വിഭജിക്കാനും അസഹിഷ്ണുത സൃഷ്ടിക്കാനുമാണ് ഫാസിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനം, അവര്‍ക്ക്  ഭരണകൂടങ്ങള്‍ തന്നെ ഒത്താശ ചെയ്യുമ്പോള്‍, നിയമസംഹിതകളും ജുഡീഷ്യറികള്‍പോലും ജനാധിപത്യധ്വംസനത്തിന് കൂട്ടുനില്‍ക്കുന്നു. ആപല്‍ക്കരമായ സാഹചര്യം സംജാതമായ ഈ കാലത്ത് മാനവമൈത്രിയും സാഹോദര്യവും ഐക്യവും പുലരേണ്ടത് ഓരോ ഭാരതീയന്റേയും ആവശ്യമാണ്.

വൈവിധ്യങ്ങള്‍ക്ക് സ്വാഗതമോതുകയും അവയെ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയും ചെയ്ത നാട്ടില്‍ നിന്ന് തന്നെ ഒത്തൊരുമയുടെ സൗന്ദര്യം ലോകത്തിന് മുമ്പില്‍ വിളിച്ചു പറയുന്നതിനാണ് മലയോര മണ്ണിലെ മഹാസമ്മേളനം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും അത്രതന്നെ പുരാതനമായ മസ്ജിദുകളും ഫ്രാന്‍സിസ് പുണ്യാളനാല്‍ നേരിട്ട് പ്രചരിച്ച ക്രിസ്തുമതവും ദേവാലയവും മതസൗഹാര്‍ദ്ദത്തിന്റെ, പരസ്പര സ്‌നേഹത്തിന്റെ, സഹകരണത്തിന്റെ സന്ദേശമാണ് സപ്തഭാഷാ സങ്കരമണ്ണിന് നല്‍കിയത്.

മതനിരപേക്ഷ ചിന്തകളിലൂടെ കാലമിത്രയും കാത്തു സൂക്ഷിച്ച നന്മകളാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത്. അടിമത്വത്തില്‍ നിന്നും അഹിംസയിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന് ചുക്കാന്‍ പിടിച്ച രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ടകളുതിര്‍ത്ത നാഥുറാം ഗോഡ്‌സെയുടെ അനുയായികള്‍ രാജ്യത്തിന്റെ തന്നെ ശത്രുക്കളാണ്. അവരുടെ കരാളഹസ്തങ്ങളില്‍ ഇന്ത്യയുടെ മതേതരത്വം തകരാന്‍ സമൂഹം അനുവദിക്കരുത്. രാജനും ഗോപാലനും മുഹമ്മദും അബ്ദുല്ലയും ജോസഫും ചാക്കോയും മതമുള്ളവനും ഇല്ലാത്തവനും തോളോട് തോളുരുമ്മി പടുത്തുയര്‍ത്തിയതാണ് ഈ ഭാരതം. സഹവര്‍ത്തിത്വത്തിന്റെ, കൂടിച്ചേരലിന്റെ, പരസ്പരം സ്‌നേഹത്തിന്റെ സന്ദേശമാണ് ഭാരതം ലോകത്തിന് നല്‍കുന്നത്.

പാശ്ചാത്യ ശക്തികള്‍ ഇന്ത്യയുടെ വികസന കുതിപ്പിന് തടയിടാന്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പല വികസിത രാഷ്ട്രങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യന്‍ എക്കണോമിക്ക് ഒരു കോട്ടവും തട്ടാതെ തലയുയര്‍ത്തി നിന്നപ്പോള്‍ വന്‍കിട ശക്തി രാഷ്ട്രങ്ങളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. എങ്ങിനേയും ഇന്ത്യയെ തകര്‍ക്കുക എന്ന അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ആഗോളമാധ്യമങ്ങളേയും രാജ്യദ്രോഹികളായ പലരേയും അവര്‍ വിലക്കെടുത്തു. വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതകളും ഒരു വിഭാഗം നടത്തുന്ന സാമുദായിക ദ്രുവീകരണങ്ങള്‍ ഇത്തരം ശക്തികളുടെ ഹിഡന്‍ അജണ്ടകളാണ്.

ആഭ്യന്തര കലഹങ്ങളും വിഭാഗീയതയും ഒരു രാജ്യത്തിന്റെ വളര്‍ച്ചയെ തടുക്കാനാവും എന്ന് പല രാജ്യങ്ങളിലും അവര്‍ പരീക്ഷിച്ചു വിജയിപ്പിച്ച തന്ത്രം നമ്മുടെ രാജ്യത്തും നടപ്പാക്കാന്‍ കോപ്പുകൂട്ടുകയാണവര്‍. മഹത്തുക്കളായ നിരവധി  മഹോന്നതന്‍മാരുടെ അര്‍പ്പണവും ജീവത്യാഗവുമാണ് രാജ്യത്തെ ഒറ്റക്കെട്ടായ് മുന്നോട്ട് നയിച്ചത്. അധികാര ഭ്രാന്ത് തലക്കുപിടിച്ചവര്‍ പാവപ്പെട്ട കര്‍ഷകന്റേയും തൊഴിലാളി വര്‍ഗ്ഗത്തിന്റേയും വിയര്‍പ്പുകള്‍ ഊറ്റിയെടുത്ത് കുത്തകമുതലാളിമാരുടെ കീശവീര്‍പ്പിക്കുന്നു. വികസനം പാടെ മുരടിക്കുകയും തൊഴിലില്ലായ്മ ഭീകരമായി പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആഭ്യന്തര ഉല്‍പന്നങ്ങളുടെ വിപണി കുത്തനെ ഇടിഞ്ഞു. ഷെയര്‍ മാര്‍ക്കറ്റുകള്‍ നിലംപൊത്തി. മണ്ടന്‍ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കുമീതെ അടിച്ചേല്‍പിച്ചു. ഭരണ പരാജയങ്ങള്‍ മറക്കാന്‍, നേട്ടങ്ങള്‍ കാണിക്കാനില്ലാത്തതിനാലും വര്‍ഷങ്ങളുടെ പിന്നിലേക്ക് ചൂണ്ടി വംശീയതയ്‌ക്കൊരുങ്ങുന്നു.

ബഹുസ്വര സമൂഹത്തില്‍ സമചിത്തതയോടെയും പക്വതയോടെയും ഇടപെട്ടുകൊണ്ട് മുസ്ലിം ലീഗും കെ എം സി സി അടക്കമുള്ള പോഷക സംഘടനകളും നാട്ടിലും പ്രവാസലോകത്തും നടത്തുന്ന കാരുണ്യ പ്രവര്‍ത്തനം മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി മാതൃകയാക്കേണ്ടതാണ്. ജാതിയും മതവും നോക്കാതെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ആഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശകളുമാണ് ഈ പ്രസ്ഥാനം പകര്‍ന്നു തരുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലീങ്ങളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മഹിതമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് മുസ്ലിം ലീഗിന്റെ പാരമ്പര്യം. ലോകം മുഴുവനും അത്ഭുതത്തോടെ നോക്കി കാണുന്ന മനോഹരമായ ബൈത്തുറഹ് മ, സി എച് സെന്റര്‍, ആംബുലന്‍സ് സംവിധാനം. മുസ്ലിം ലീഗിന്റെ കാരുണ്യപ്രവര്‍ത്തനത്തില്‍ ചിലത് മാത്രമാണ് രാഷ്ട്രീയ ലാഭങ്ങളേക്കാള്‍ വലുതാണ് നാടിന്റെ നിലനില്‍പും ധന്യമായ പാരമ്പര്യവും.

മതേതരത്വത്തിന്റെ കാവലാളുകളെയായിരിക്കണം നാം തിരഞ്ഞെടുത്തയക്കാന്‍. മതമൈത്രിയോടൊപ്പം സാമൂഹിക പുരോഗതിയുള്ള ഒരു രാജ്യം കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായ് കൈകോര്‍ക്കാം...! രാജ്യത്തിന്റെയും എല്ലാപൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ദുര്‍ബലരുടെയും രക്ഷക്കായി ശ്കതമായ പ്രവര്‍ത്തനവുമായി മുന്നോട് പോകുന്ന നന്‍മയുടെ ഈ പൂമരത്തണലില്‍ നമുക്കും ചേര്‍ന്നിരിക്കാം. ജനാധിപത്യവ്യവസ്ഥയില്‍ മതേതരത്വത്തിന്റെയും മൈത്രിയുടെയും മഹാസന്ദേശമുയര്‍ത്തിപ്പിടിച്ച്
മുസ്ലിം ലീഗ്  മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടത്തുന്ന മഹാ സമ്മേളനം ചരിത്രവിജയമാക്കാന്‍ ഓരോ മതേതര- ജനാധിപത്യ വിശ്വാസികളും അണിനിരക്കുക.

(മലയോര മേഖല  ഗള്‍ഫ് സമിതിയുടെ ചെയര്‍മാനാണ് ലേഖകന്‍.)



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Muslim League, Article about Muslim League Conference Theme
< !- START disable copy paste -->

Post a Comment