Join Whatsapp Group. Join now!

പുല്ലുരില്‍ ഐടിഐ കെട്ടിടം ഉദ്ഘാടനം വെള്ളിയാഴ്ച, ഭരണ ഭാഷാ വാരാഘോഷം, ആനിമേഷന്‍ ഫിലിം-വിഷ്വല്‍ ഇഫക്ട്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; സര്‍ക്കാര്‍ അറിയിപ്പുകള്‍ 02.11.2017 (വ്യാഴം)

സ്‌കൂള്‍ കുട്ടികള്‍ നേരിടുന്ന വിവിധ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സ്‌കൂളുകളിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലും നിയമിതരായ കൗണ്‍സിലര്‍മാര്‍ക്കായി Kerala, News, Prd Kasargod announcements, Govt. Informations,
(my.kasargodvartha.com 02.11.2017)
സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കുളള പരിശീലനം വെള്ളിയാഴ്ച

സ്‌കൂള്‍ കുട്ടികള്‍ നേരിടുന്ന വിവിധ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സ്‌കൂളുകളിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലും   നിയമിതരായ കൗണ്‍സിലര്‍മാര്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനം വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഈ മേഖലയില്‍ പ്രശസ്തനായ ഡോ. എ എബ്രഹാം ക്ലാസ് നയിക്കും. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ സിസ്റ്റര്‍ ബിജി ജോസ്, ശ്രീല മേനോന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് നടക്കുന്ന ചോദ്യോത്തര പരിപാടിയില്‍ ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നുമായി 70 ല്‍പരം കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും.പുല്ലുരില്‍ ഐടിഐ കെട്ടിടം മന്ത്രി ടി പി രാമകൃഷ്ണന്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും 

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ പുല്ലുര്‍ ഗവ. ഐടിഐയ്ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നിലവില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലും പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളിന്റെ ഓഡിറ്റോറിയത്തിലുമായി പ്രവര്‍ത്തിച്ചുവരുന്ന ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ രണ്ടു ട്രേഡുകളിലായി 84 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നു.

എക്‌സൈസ് റേഞ്ച് ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച

എക്‌സൈസ് വകുപ്പിന്റെ ബന്തടുക്ക റേഞ്ച് ഓഫീസ് കെട്ടിടോദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30ന് കുറ്റിക്കോലില്‍ എക്‌സൈസ് തൊഴില്‍ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.


കണ്ടല്‍ സംരക്ഷണം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന് വനം വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടര്‍ സ്ഥലത്തിന് 4000 രൂപയാണ് ധനസഹായം നല്‍കുക. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 30 നകം കാസര്‍കോട് വിദ്യാനഗര്‍ ഉദയഗിരി വനശ്രീ കോംപ്ലക്‌സിലുള്ള സാമൂഹിക വനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍ 04994 256910.

         
ഭാഷാ വാരാഘോഷം; ക്വിസ് മത്സരം വെള്ളിയാഴ്ച

മലയാള ഭാഷ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ പടന്ന കടപ്പുറം ജിഎഫ്എച്ച്എസ്എസില്‍ വെള്ളിയാഴ്ച ഭാഷാ ക്വിസ് മത്സരം നടക്കും. കൈക്കോട്ടുകടവ് ഹൈസ്‌കൂളില്‍ പുസ്തകശേഖരണം, കവിതാലാപന മത്സരങ്ങളും തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസില്‍ ക്വിസ്, ഓര്‍മ്മ പരിശോധന മത്സരങ്ങളും നടക്കും.

നെല്ലിക്കുന്ന് വി എച്ച് എസ് എസില്‍ ഈ മാസം ഏഴിന് സമാപനപരിപാടികള്‍ നടക്കും. കവിതാപാരായണ മത്സരം, ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ചുളള അഭിപ്രായമെഴുത്ത് മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വിദ്യാരംഗം കലാസാഹിത്യവേദിയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളത്.

ഭരണഭാഷാ വാരാഘോഷം

സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം ഔദ്യോഗിക ഭാഷാസമിതിയുടെ ആഭിമുഖ്യത്തില്‍ മലയാളഭാഷാവാരാഘോഷത്തിന്  തുടക്കമായി. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി വൈ സലീം അധ്യക്ഷത വഹിച്ചു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഭാഷാവാരാഘോഷത്തിന്റെ ഉദ്ഘാടനം കവിയും അധ്യാപകനും പത്രപ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ വിനോദ് കുമാര്‍ പെരുമ്പള നിര്‍വ്വഹിച്ചു.

മലയാളം ഔദ്യോഗികഭാഷ ആശയവും അനുഭവവും എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ജില്ലാ ഓഡിറ്റ് കാര്യാലയം ഡെപ്യൂട്ടി  ഡയറക്ടര്‍ രാജാരാമ സി, നഗരസഭ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി മോഹനന്‍, ഓഡിറ്റ് ഓഫീസര്‍ ഷൈമ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ വി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.


ലക്ചറര്‍ ഒഴിവ്

സര്‍ക്കാര്‍ അന്ധവിദ്യാലയ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലെ ഫാക്കല്‍ട്ടി ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ നിലവിലുളള ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനവിക, ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ എം എഡ്, ബി എഡ്, ഡി എഡ് (മെന്റല്‍ റിട്ടാര്‍ഡേഷന്‍) യോഗ്യതയും  സ്‌പെഷ്യല്‍ സ്‌കൂളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും  ഉണ്ടായിരിക്കണം.

അഭിമുഖം ഈ മാസം 15 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്   പ്രതിമാസം 20,000 രൂപ നിരക്കില്‍ ശമ്പളം  ലഭിക്കും.

                             
നികുതി ഒടുക്കണം

കിനാനൂര്‍ - കരിന്തളം ഗ്രാമപഞ്ചായത്തിലെ 2017 - 18 വര്‍ഷം ഒടുക്കേണ്ടതായ വസ്തു നികുതി, ഡി ആന്റ് ഒ ലൈസന്‍സ് ഫീ എന്നിവ ഈ മാസം 10 നകം ഒടുക്കണം. നികുതി ഇപേയ്‌മെന്റ് വഴിയും ഒടുക്കാം.


അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ്, സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിലും വിഷ്വല്‍ ഇഫക്ട്‌സിലും പരിശീലനം നല്‍കുന്നു. 20നും 26നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലന കാലാവധി ആറു മാസമാണ്.

ബി.എഫ്.എ, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മൂന്നു വര്‍ഷത്തെ ഡിപ്ലോമ പാസ്സായവര്‍ക്കും എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 4000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybesrri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപകര്‍പ്പും അപേക്ഷയും സഹിതം cybesrrtiraining@gmail.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കുന്നതോടൊപ്പം സൈബര്‍ശ്രീ സെന്റര്‍, സിഡിറ്റ്, പൂര്‍ണ്ണിമ, ടി സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം695014 എന്ന വിലാസത്തില്‍ ഈ മാസം 10 ന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ഃ 04712 323949.

അധ്യാപക ഒഴിവ്

ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് വിഷയത്തില്‍ അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഈ മാസം ആറിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04994 251810.

സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുളള ക്വിസ്; നോമിനേഷന്‍ സമര്‍പ്പിക്കണം

ഒമ്പതു മുതല്‍ 12ാം ക്ലാസുവരെയുളള സ്‌കൂള്‍ കുട്ടികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ക്വിസ് മത്സരത്തിന് ജില്ലാതലത്തിലേക്ക്   മത്സരിക്കുന്നതിനുളള ടീമുകളുടെ പേരുകള്‍ ഈ മാസം 10 നകം സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പു പ്രക്രിയകളും എന്നതാണ്  വിഷയം.

ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേര്‍ അടങ്ങിയ ഒരു ടീമിന് ജില്ലാതലത്തിലേക്ക് മത്സരിക്കാം. കളക്ടറേറ്റില്‍ ജില്ലാതല മത്സരങ്ങള്‍ ഈ മാസം 11 നും 17 നും ഇടയില്‍ നടക്കും. ഇതില്‍ വിജയികളാകുന്നവര്‍ക്ക് തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരമുണ്ടാകും. സംസ്ഥാനതലത്തില്‍   വിജയിക്കുന്നവര്‍ക്ക് സെമി, ഫൈനല്‍ മത്സരങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ഫോണ്‍ 04994 256085,. ഇമെയില്‍ ksdelection@gmail.com

മാലിന്യസംസ്‌കരണ പദ്ധതി ആരംഭിച്ചു 

ഹരിത കേരള മിഷന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ജില്ലയില്‍ തുടക്കമായി. കാഞ്ഞങ്ങാട് നഗരസഭ, എന്‍മകജെ, ബദിയടുക്ക, പള്ളിക്കര, ബേഡഡുക്ക, മടിക്കൈ, അജാനൂര്‍, പുല്ലൂര്‍ - പെരിയ എന്നീ പഞ്ചായത്തുകളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വെക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ @ മംഗളമുഹൂര്‍ത്തം പദ്ധതി, പൈവളികെ ഗ്രാമ പഞ്ചായത്തില്‍ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന്റെ തറക്കല്ലിടല്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അതിജീവനം പദ്ധതിയുടെ ഭാഗമായി തുണിസഞ്ചി വിതരണം എന്നിവയ്ക്കാണ് തുടക്കമായത്.

കിസാന്‍മേള സംഘടിപ്പിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മ കാസര്‍കോടിന്റെയും ആഭിമുഖ്യത്തില്‍ മുളിയാര്‍ കൃഷി ഭവനില്‍ കിസാന്‍ ഗോഷ്ഠി സംഘടിപ്പിച്ചു. കര്‍ഷകരെ കൂടുതല്‍ കാര്‍ഷിക മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു വിപണികളില്‍ നല്ല വില ഉണ്ടാക്കുന്നതിനും വേണ്ടി നടത്തിയ  ഈ പ്രായോഗിക പരിശീലന പരിപാടി വളരെ പ്രയോജനം ഉണ്ടായി.

പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ അധ്യക്ഷനായി .വൈസ് പ്രസിഡന്റ് ഗീത ഗോപാലന്‍ ചടങ്ങു ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മാരായ സുരേന്ദ്രന്‍, മിനി പി.വി, ആസിയ ഹമീദ് ,കാര്‍ഷിക കര്‍മ്മ സേന കണ്‍വീനര്‍ ജനാര്‍ദ്ദനന്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു. കൂണ്‍ കൃഷിയെക്കുറിച്ചു പാണ്ഡുരംഗ കെ വി കെ ക്ലാസ് എടുത്തു. ലീല എ വി റിട്ടയേര്‍ഡ് എ എഫ് ഓ ഭക്ഷ്യ സംസ്‌കരണത്തെ കുറിച്ചും പരിശീലനം നടത്തി. കൃഷി ഓഫീസര്‍ ബിന്ദു പി സ്വാഗതവും കൃഷി അസിസ്റ്റന്റ് പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

സാക്ഷരതാമിഷന്‍; നാലാതരം, ഏഴാംതരം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന നാലാംതരം ഏഴാംതരം തുല്യതാ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 15 വയസ്സിന് മുകളിലുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നാലാതരം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌കൂളില്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.  ഏഴാംതരം രജിസ്റ്റര്‍ ചെയ്യുന്നതിന് നാലാം തരം പാസായിരിക്കണം.

അഞ്ച്, ആറ്, ഏഴ്  ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍ക്ക് ഏഴാം തരം തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. ഏഴാംതരം തുല്യതാ കോഴ്‌സ്  പാസായാല്‍ പത്താതരം തുല്യതാ കോഴ്‌സിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349429596, 9605623396

വനം പ്രവൃത്തികള്‍; കോണ്‍ട്രാക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യണം

വനം സംബന്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് വനം വകുപ്പില്‍ നിലനിന്നിരുന്ന കണ്‍വീനര്‍ സമ്പ്രദായത്തിന് പകരം കോണ്‍ട്രാക്ട് സംവിധാനം ഏര്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, കോണ്‍ട്രാക്ട് സിസ്റ്റത്തില്‍ ഫോറസ്ട്രി ജോലികള്‍ ചെയ്യുന്നതിന് യോഗ്യരായ കോണ്‍ട്രാക്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

താല്‍പര്യമുള്ളവര്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അതത് വനം ഡിവിഷനുകളുമായി ബന്ധപ്പെടുകയോ ചെയ്ത് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദവിവരങ്ങളും വനം വകുപ്പിന്റെ www.fortse.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Keywords: Kerala, News, Prd Kasargod announcements, Govt. Informations, 

Post a Comment