Join Whatsapp Group. Join now!

കൗമാര കലാമാമാങ്കത്തിന് ചെമ്മനാട് ഒരുങ്ങി; ഇനി കലയുടെ കാല്‍ചിലമ്പുകള്‍ കാതില്‍ മുഴങ്ങും

കൗമാര കലാമാമാങ്കത്തിന് ചെമ്മനാട് ഒരുങ്ങി. ഇനി അഞ്ചു ദിവസം കലയുടെ കാല്‍ചിലമ്പുകള്‍ കാതില്‍ മുഴങ്ങും. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 25 മുതല്‍ Kerala, News, Kalolsavam, Kasaragod District School Kalolsavam; Preparation completed
കാസര്‍കോട്: (my.kasargodvartha.com 23.11.2017) കൗമാര കലാമാമാങ്കത്തിന് ചെമ്മനാട് ഒരുങ്ങി. ഇനി അഞ്ചു ദിവസം കലയുടെ കാല്‍ചിലമ്പുകള്‍ കാതില്‍ മുഴങ്ങും. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 25 മുതല്‍ 30 വരെ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

260 ഇനങ്ങളിലായി ഏഴ് ഉപജില്ലകളില്‍ നിന്ന് ആറായിരത്തോളം കലാ പ്രതിഭകള്‍ മത്സരിക്കാനെത്തും. രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. ആറ് പ്രധാനവേദികളുള്‍പ്പടെ 11 വേദികളിലാണ് മത്സരം. 1,500 പേര്‍ക്കിരുന്ന് മത്സരം കാണുന്ന തരത്തിലാണ് പ്രധാനവേദി ഒരുക്കിയത്. വിവിധ രാഗങ്ങളുടെ പേരാണ് വേദികള്‍ക്ക്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഘോഷയാത്രയില്ല. പകരം വിവിധ സാസ്‌കാരിക പരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി പ്രധാന വേദിയില്‍ അരങ്ങേറും.

ആദിവാസി ഗോത്രവിഭാഗത്തിന്റെ കലാരൂപമായ മംഗലംകളി 60 സ്ത്രീകളടങ്ങുന്ന സംഘം അവതരിപ്പിക്കും. ബാന്‍ഡ് മേളവും കൈകൊട്ടിപ്പാട്ടും ഉസ്താദ് ഹസന്‍ഭായിയുടെ സംഗീത കച്ചേരിയും അരങ്ങേറും. കലോത്സവത്തിന് ശനിയാഴ്ച രാവിലെ 9.30 ന് ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തിരിതെളിയും.

ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌റ്റേജിതര മത്സരം നടക്കും. തിങ്കളാഴ്ച സ്‌റ്റേജ് മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മണിയോടെ കലോത്സവം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയും. സമാപന സമ്മേളനം 30 ന് വൈകിട്ട് നാലിന് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥികളുടെ താമസസൗകര്യവും ഗ്രീന്റൂമും പ്രധാനവേദിയുടെ പരിസരങ്ങളിലായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപജില്ലാ കമ്മിറ്റികള്‍ക്കും ഓഫീസ് സംവിധാനം ഒരുക്കും. പത്ര- ദൃശ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാര്‍ത്താവിവരണ സംവിധാന സൗകര്യങ്ങളും തയ്യാറായി. വിവിധ വേദികളുടെ ലൊക്കേഷന്‍ മാപ്പ് പ്രധാന വേദിയുടെ കവാടത്തില്‍ സ്ഥാപിച്ചു. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഡോക്ടറുടെയും നേഴ്‌സിന്റേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

കുടിവെള്ളം, സാനിറ്റേഷന്‍ തുടങ്ങിയവയ്ക്കായി അറുപത് ജെആര്‍സി വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാകും. വിവിധ വേദികളിലെ പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനും ഫലം ബ്ലോഗ് വഴിയും ആപ്പ് വഴിയും അറിയിക്കാനുമുള്ള ക്രമീകരണവും തയ്യാറായി. പ്രധാനവേദിയില്‍ വൈഫൈ സംവിധാനവും ഫലം പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അഞ്ചുദിവസങ്ങളിലായി 20,000 പേര്‍ക്ക് പായസത്തോട് കൂടിയുള്ള ഉച്ചക്ഷണം ഒരുക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഭക്ഷണകമ്മിറ്റിയുടെ പ്രവര്‍ത്തനം. ഭക്ഷണം പാര്‍സലായി ആവശ്യമുള്ളവര്‍ ടിഫിന്‍ കാരിയര്‍ കൊണ്ടുവരണം. കുടുംബശ്രീ, നാട്ടുകാര്‍, ആതിഥേയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, സമീപ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കലവറ നിറയ്ക്കല്‍. പതിനഞ്ച് വര്‍ഷത്തോളമായി കലോത്സവവേദികളിലെ രുചിസാന്നിധ്യമായ മാധവന്‍ നമ്പൂതിരിയുടെയും ചെമ്പ്രകാനം ടീമിന്റെയും നേതൃത്വത്തിലാണ് പാചകശാലയുടെ പ്രവര്‍ത്തനം.

അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂളിലെ വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, ബിഎഡ്, ഡിഎഡ് വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണവിതരണ ചുമതല. ഒരേസമയം അഞ്ഞൂറ് പേര്‍ക്കിരിക്കാവുന്ന രീതിയിലാണ് 'ഭക്ഷണ പന്തല്‍ സജ്ജീകരിച്ചിരിക്കുന്ന്. രാവിലെ 11.45 മണി മുതല്‍ രണ്ടു മണി വരെയാണ് ഭക്ഷണവിതരണം. പരിസ്ഥിതി സൗഹൃദപരമായാണ് കലോത്സവം നടത്തുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും എല്ലാ കമ്മിറ്റികളും പ്രവര്‍ത്തിക്കുക. കലോത്സവനഗരിയില്‍ എത്തുന്നവര്‍ക്ക്  ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കും. 26 ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഡിഡിഇ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റി പ്രവര്‍ത്തിക്കും. അപ്പീല്‍ തുക രണ്ടായിരം രൂപയാണ്.

വാര്‍ത്താസമ്മേളനത്തില്‍ ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, ഡിഇഒ ചുമതലയുള്ള നന്ദലാല്‍ ഭട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, പ്രധാനാധ്യാപകന്‍ കെ ഒ രാജീവന്‍, പിടിഎ പ്രസിഡണ്ട് സി എച്ച് റഫീഖ്, പി എം അബ്ദുല്ല, വി പി പ്രിന്‍സിമോന്‍ എന്നിവര്‍ പങ്കെടുത്തു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Kasaragod District School Kalolsavam; Preparation completed

Post a Comment