Join Whatsapp Group. Join now!

'എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ ഒന്നാം സ്ഥാനത്തിനായി ഇന്ത്യ സൗദി അറേബ്യയോട് മത്സരിക്കുന്നു'

ലോക കമ്പോളത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി Kerala, News, Bus operators federation against Central-state govt
കാസര്‍കോട്: (my.kasargodvartha.com 05.10.2017) ലോക കമ്പോളത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍വ്വാഹകസമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ലോകത്ത് ഒരിടത്തും ഇല്ലാത്ത നിരക്കില്‍ പല തവണയായി എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചും, റോഡ് സെസ്സുകളടക്കമുള്ള നിരവധി സെസ്സുകള്‍ ഏര്‍പ്പെടുത്തി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളിലൂടെ പകല്‍കൊള്ള നടത്തുകയാണ്.

കോടികണക്കിന് രൂപ റോഡ് സെസ്സായി ഈടാക്കുമ്പോഴും ദേശീയപാത അടക്കമുള്ള, നാട്ടിലെ മുഴുവന്‍ റോഡുകളും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. ഇന്ത്യയില്‍ നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന ശ്രീലങ്കയും നേപ്പാളും ഇന്ത്യയിലേതിനേക്കാള്‍ ലിറ്ററൊന്നിന് 10 രൂപയിലധികം കുറച്ചാണ് വില്‍പന നടത്തുന്നത്. എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ ഒന്നാം സ്ഥാനത്തിനായി സൗദി അറേബ്യയോട് മത്സരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സൗദി സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ കുഴിച്ചെടുത്തു വരുമാനം ഉണ്ടാക്കുമ്പോള്‍ ഇന്ത്യയില്‍ ജനങ്ങളെ പിഴിഞ്ഞെടുത്തു വരുമാനം വര്‍ദ്ധിപ്പിക്കുന്നു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്ന സംസ്ഥാന സര്‍ക്കാര്‍ അതുവഴി, വില്‍പനനികുതിയിലൂടെ അധികമായി ലഭിക്കുന്ന തുകയെങ്കിലും വേണ്ടെന്ന് വെക്കാനുള്ള ആര്‍ജ്ജവം പോലും കാണിക്കുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ ജനങ്ങളുടെ ഭാരം കുറക്കാനായി അധികമായി ലഭിക്കുന്ന വില്‍പനനികുതി ഒഴിവാക്കി ഡീസലിന് കേരളത്തേക്കാള്‍ അഞ്ചു രൂപ കുറച്ചാണ് വില്‍പന നടത്തുന്നത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവിലും, ഗുണനിലവാരക്കുറവിലും പ്രതിഷേധിച്ച് 2017 ഒക്ടോബര്‍ 11ന് എറണാകുളം ഇരുമ്പനത്തുള്ള ഐ.ഒ.സി. പ്ലാന്റിലേക്ക് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കുന്നതിന് 150 ബസുടമകളെ പങ്കെടുപ്പിക്കാനും നിര്‍വ്വാഹകസമിതി യോഗംതീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ട്രഷറര്‍
പി.എ. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ടുമാരായ എം. ഹസൈനാര്‍, തിമ്മപ്പഭട്ട്, ജോയിന്റ് സെക്രട്ടറി ടി. ലക്ഷ്മണന്‍, താലൂക്ക് പ്രസിഡണ്ടുമാരായ സി. രവി, എന്‍.എം. ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ, സെക്രട്ടറിമാരായ വി.എം. ശ്രീപതി, സി.എ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bus operators federation against Central-state govt

Post a Comment