Join Whatsapp Group. Join now!

പാലക്കുന്ന് ശ്രീഭവഗതി ക്ഷേത്ര ഭരണിമഹോത്സവം മാര്‍ച്ച് 2 മുതല്‍

ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഭരണിമഹോത്സവത്തിന് 2019 മാര്‍ച്ച് രണ്ടിന് ശനിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ Kerala, News, Palakkunnu Sribhagavathi Temple fest starts on March 02
കാസര്‍കോട്: (my.kasargodvartha.com 28.02.2019) ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഭരണിമഹോത്സവത്തിന് 2019 മാര്‍ച്ച് രണ്ടിന് ശനിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഒമ്പത് മണിക്ക് ക്ഷേത്രഭണ്ഡാരവീട്ടില്‍ നിന്ന് ദേവീ-ദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് അടിച്ചു തളി, ശുദ്ധികര്‍മ്മങ്ങള്‍, കലശാട്ട് തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ക്കു ശേഷം രാത്രി 12.30 മണിക്ക് കൊടിയേറ്റ ചടങ്ങും നടക്കും. തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം കല്‍പിച്ചുനല്‍കുന്ന ഓല, മുള, കയര്‍, ദീപത്തിന് എണ്ണ മുതലായ സാധനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പ്രതീകാത്മകമായി ഭരണിമഹോത്സവത്തിന്റെ കൊടിയേറ്റചടങ്ങിന് ഉപയോഗിക്കും.

മാര്‍ച്ച് മൂന്നിന് ഞായറാഴ്ച ഭൂതബലി ഉത്സവം. ഉച്ചയ്ക്ക് 12 മണിമുതല്‍ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഖത്തര്‍ കമ്മിറ്റി വകയായി അന്നദാനം. ഉച്ചയ്ക്ക് രണ്ടു മണിക്ക് തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രഭജനസമിതി അവതരിപ്പിക്കുന്ന ഭജന, 4.00 മണിക്ക് ലളിതാസഹസ്രനാമ സ്‌ത്രോത്ര പാരായണം, 6.30ന് സന്ധ്യാദീപം, കലശാട്ട്, രാത്രി 8.30 മണിക്ക് ഭൂതബലിപ്പാട്ട്, 9.15 മണിക്ക് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവം നടക്കും.

മാര്‍ച്ച് നാലിന് തിങ്കളാഴ്ച താലപ്പൊലി ഉത്സവദിവസം രാവിലെ ഏഴു മണിക്ക് ഉത്സവബലി, ഉച്ചയ്ക്ക് അന്നദാനം (പി.പക്കീരന്‍ എന്നവരുടെ സ്മരണയ്ക്ക് ഭാര്യയും മക്കളും), ഉച്ചയ്ക്ക് 2.00 മണിക്ക് ഉദുമ തെക്കേക്കര പള്ളം ശ്രീ അയ്യപ്പഭജനമന്ദിരം ഭജനസമിതി അവതരിപ്പിക്കുന്ന ഭജന, വൈകുന്നേരം നാലു മണിക്ക് ലളിതാസഹസ്രനാമസ്‌ത്രോത്ര പാരായണം, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി എട്ടു മണിക്ക് പാലക്കുന്ന് ശ്രീ കഴകം ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, രാത്രി 10.30ന് കണ്ടങ്കാളി ഗ്രാമിക പയ്യന്നൂര്‍ അവതരിപ്പിക്കുന്ന നാടകം 'പാലന്തായി കണ്ണന്‍', പുലര്‍ച്ചെ 4.30ന് താലപ്പൊലി ഉത്സവം നടക്കും.

മാര്‍ച്ച് അഞ്ചിന് ചൊവ്വാഴ്ചയാണ് പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം. രാവിലെ ഏഴു മണിക്ക് ഉത്സവബലി, ഉച്ചയ്ക്ക് രണ്ടു മണിക്ക് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന, വൈകുന്നേരം 4.00ന് സംഗീതാര്‍ച്ചന, 5.00മണിക്ക് ലളിതാസഹസ്രനാമസ്‌ത്രോത്രപാരായണം, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി ഒമ്പതു മണിക്ക് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, രാത്രി 10.30 മണിമുതല്‍ തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണങ്ങള്‍ നടക്കും.

മാര്‍ച്ച് ആറിന് തീയ്യതി ബുധനാഴ്ച പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഭരണിമഹോത്സവത്തിന് സമാപനമാകും. ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് അഞ്ചാം തീയ്യതി വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും പ്രത്യേക സര്‍വ്വീസ് നടത്തും. മാര്‍ച്ച് അഞ്ച്, ആറ് തീയ്യതികളില്‍ മംഗലാപുരം-നാഗര്‍കോവില്‍ പരശുരാം എക്പ്രസ്, നാഗര്‍കോവില്‍-മംഗലാപുരം പരശുരാം എക്‌സ്പ്രസ്, മംഗലാപുരം -നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്, മംഗലാപുരം ചെന്നൈ വെസ്റ്റ്- കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് കോട്ടിക്കുളം റെയില്‍വെസ്റ്റേഷനില്‍ പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സ്ഥിരമായി നിര്‍ത്തുന്ന മറ്റു ട്രെയിനുകള്‍ക്ക് പുറമെയാണിത്.

പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഭരണിമഹോത്സവത്തിന്റെ ക്രമസമാധാനചുമതലകള്‍ക്കും മറ്റുമായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് ജില്ലാ പോലീസ് നേതൃത്വം തയ്യാറെടുത്തുകഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് അഡ്വ. കെ.ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണന്‍ പാത്തിക്കാല്‍, പി.പി ചന്ദ്രശേഖരന്‍, ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, സെക്രട്ടറി ടി ബാലകൃഷ്ണന്‍ കണ്ണംവയല്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Palakkunnu Sribhagavathi Temple fest starts on March 02
  < !- START disable copy paste -->

Post a Comment