Join Whatsapp Group. Join now!

ഹൊസ്ദുര്‍ഗ് കോട്ടയ്ക്ക് സംരക്ഷണവലയം തീര്‍ത്ത് മേലാങ്കോട്ടെ കുട്ടികള്‍

അവഗണനയുടെ ചരിത്രം പേറി നില്‍ക്കുന്ന ഹൊസ്ദുര്‍ഗ് കോട്ടയെ സംരക്ഷിക്കുമെന്ന് മേലാങ്കോട്ടെ കുട്ടികള്‍. എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ യു പി സ്‌കൂള്‍ അഞ്ചാം തരത്തിലെ സാമൂഹ്യ Kerala, News, Hosdurg Fort, Students will protect Hosdurg fort, Kasargod, Kanhangad, AC Kannan Nair Memorial School
കാഞ്ഞങ്ങാട്: (my.kasargodvartha.com 08.07.2018) അവഗണനയുടെ ചരിത്രം പേറി നില്‍ക്കുന്ന ഹൊസ്ദുര്‍ഗ് കോട്ടയെ സംരക്ഷിക്കുമെന്ന് മേലാങ്കോട്ടെ കുട്ടികള്‍. എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ യു പി സ്‌കൂള്‍ അഞ്ചാം തരത്തിലെ സാമൂഹ്യ ശാസ്ത്രം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ചരിത്ര യാത്രയാണ് പ്രസിദ്ധമായ ഹൊസ്ദുര്‍ഗ് കോട്ട കാടുമൂടി കിടക്കുന്ന ദൃശ്യത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിട്ടത്.

ബേക്കല്‍ കോട്ട പോലെ ചെങ്കല്ലിനാല്‍ നിര്‍മ്മിച്ച കൂറ്റന്‍ ചുറ്റുമതിലുകളുള്ളതാണ് ഈ കോട്ടയും. ഇക്കേരി രാജാക്കന്മാരുടെ ഭരണകാലത്ത് തന്നെയാണ് ഈ കോട്ടയും നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നത്. എ ഡി 1714 മുതല്‍ 1739 വരെ ഇക്കേരി രാജാവായിരുന്ന സോമശേഖര നായക്കിന്റെ കാലത്താണ് ഹൊസ്ദുര്‍ഗ് കോട്ട നിര്‍മിച്ചതെന്നാണ് പൊതുവെ പറഞ്ഞ് വരുന്നത്. ഈ കോട്ട ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ചതാണെന്നും അഭിപ്രായമുണ്ട്.


26 ഏക്കര്‍ വിസ്തൃതിയില്‍ നിലകൊണ്ടിരുന്ന ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു കൊത്തളം മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. സംരക്ഷണമില്ലാത്തത് മൂലം കോട്ടയുടെ വലിയൊരു ഭാഗവും ജീര്‍ണ്ണിച്ചു പോയി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ഈ കോട്ട ഉള്‍പ്പെടുന്ന പ്രദേശം കാഞ്ഞങ്ങാട് നഗരത്തിന്റെ ഭരണസിരാകേന്ദ്രം കൂടിയാണ്. കോടതിയും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഹൊസ്ദുര്‍ഗിന്റെ സമീപ പ്രദേശമായ കോട്ടച്ചേരി എന്ന സ്ഥലത്തായിരുന്നു അന്ന് കോട്ട നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിക്കാര്‍ താമസിച്ചിരുന്നതെന്നും അത് കാരണമാണ് ഈ പേര് വന്നതെന്നും വിശ്വസിക്കുന്നു.

ഈ കോട്ടയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വിദ്യാര്‍ത്ഥികളും, ചരിത്ര സ്‌നേഹികളും നിരന്തരം പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ പുരാവസ്തു വകുപ്പിനെയും ടൂറിസം വകുപ്പിനെയും സമീപിച്ച് നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും പുല്ലുകളും കുറ്റിക്കാടുകളും കയറി കോട്ട നശിച്ചു കൊണ്ടിരിക്കയാണ്. സമീപഭാവിയില്‍ തന്നെ കാസര്‍കോട് കോട്ടയുടെ നിര്‍ഭാഗ്യം ഈ കോട്ടയേയും ബാധിച്ചേക്കുമെന്നും ചരിത്ര പ്രാധാന്യമുള്ള കോട്ടയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാലയത്തിലെ എണ്‍പതോളം കുട്ടികള്‍ കോട്ടയ്ക്ക് ചുറ്റും സംരക്ഷണവലയം തീര്‍ത്ത് പ്രതിജ്ഞ എടുത്തു.

അധ്യാപികമാരായ എം അനിത, പി ശ്രീകല, ടി വി രശ്മി, വി സി റീന, ടി വി അരുണ, സി ലീന, വി ശ്യാമള, വി രമേശന്‍, ടി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Hosdurg Fort, Students will protect Hosdurg fort, Kasargod, Kanhangad, AC Kannan Nair Memorial School.

Post a Comment