● ഗവേഷകർക്കും വിദ്യാർഥികൾക്കുമായി 60 ലക്ഷം രൂപ ചെലവിൽ ഡോർമിറ്ററി സൗകര്യം ഒരുക്കി
കാസർകോട്: (MyKasargodVartha) കാസർകോട് ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധേയമാവുകയാണ് കുമ്പള പഞ്ചായത്തിലെ ആരിക്കാടി ജൈവവൈവിധ്യ കേന്ദ്രം. ആരിക്കാടി ഗ്രാമത്തോട് ചേർന്ന കിദൂരിലെ പക്ഷിഗ്രാമവും ആരിക്കാടി കയാക്കിങ് സെൻ്ററുമാണ് വിനോദസഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്. കാസർകോട് വികസന പാക്കേജും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ് പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ആരിക്കാടി എന്ന തീരദേശ ഗ്രാമത്തിലെ ജൈവവൈവിധ്യ സാധ്യതകൾ കേരളത്തിനകത്തും പുറത്തുമുള്ള ഗവേഷകർക്കും സഞ്ചാരികൾക്കും ഉപകാരപ്രദമാണ്. ദേശീയ പാതയിൽനിന്ന് ഏറെ അകലെയല്ലാത്തതിനാൽ അയൽസംസ്ഥാനങ്ങളിൽനിന്നും പ്രതിദിനം നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
കിദൂർ പക്ഷിഗ്രാമവും മിയാവാക്കി വനവും
കിദൂരിൽ എത്തുന്ന ദേശാടന പക്ഷികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് കിദൂർ പക്ഷി ഗ്രാമം. വ്യത്യസ്ത സീസണുകളിൽ എത്തുന്ന പക്ഷികളുടെ ദേശാടനം ഉറപ്പുവരുത്തുംവിധം സസ്യങ്ങൾ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി പക്ഷിഗ്രാമത്തിൽ രണ്ട് സെൻ്റ് ഭൂമിയിൽ 60-ഓളം വ്യത്യസ്ത മരങ്ങളുടെ ഒരു 'മിയാവാക്കി ഫോറസ്റ്റ്' ടൂറിസം വകുപ്പ് ശാസ്ത്രീയമായി രൂപപ്പെടുത്തിയിട്ടുണ്ട്. വിവിദ ദേശങ്ങളിൽനിന്നെത്തുന്ന പക്ഷികൾക്ക് പ്രകൃതി സ്രോതസ്സുകൾ സംരക്ഷിച്ചു നൽകുകയും, അവ പൊതുജനങ്ങൾക്ക് പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുവരെ 152 വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വംശനാശം നേരിടുന്ന ചാരത്തലയൻ ബുൾബുൾ, വെള്ളഅരിവാൾ കൊക്കൻ, കടൽക്കാട, ചേരക്കോഴി, വാൾകൊക്കൻ എന്നിവയുൾപ്പടെ 38 ദേശാടനപ്പക്ഷികളാണ് പ്രധാനമായും ഇവിടെയെത്തുന്നത്. ഇതിനുപുറമെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന കൊമ്പൻ വാനമ്പാടി, ഗരുഡൻ ചാരക്കാളി, ചെഞ്ചിലപ്പൻ, ചാരവരയൻ പ്രാവ് തുടങ്ങിയ അപൂർവയിനം പക്ഷികളെയും ഇവിടെ കണ്ടുവരുന്നു.
ഗവേഷകർക്കായി 60 ലക്ഷത്തിൻ്റെ ഡോർമിറ്ററി
പക്ഷി നിരീക്ഷകർക്കും ഗവേഷകർക്കുമായി മികച്ച താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ് ഡോർമിറ്ററി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാസർകോട് വികസന പാക്കേജിൽനിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഈ ഡോർമിറ്ററി വിദ്യാർഥികളും ഗവേഷകരും ഉപയോഗിക്കുന്നുണ്ട്.
ദിവസം 350 രൂപ നിരക്കിലാണ് ഡോർമിറ്ററി സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വ്യത്യസ്ത താമസ മുറികൾ, ശുചിമുറികൾ, അടുക്കള, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളും ഈ കെട്ടിടത്തിലുണ്ട്. ഏകദേശം 45 പേർക്ക് ഒരേ സമയം ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.
ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളോട് ചേർന്ന് വിദ്യാർഥികൾക്കും ഗവേഷകർക്കുമായി പരിസ്ഥിതി ക്യാമ്പും, കിദൂർ പക്ഷി ഗ്രാമത്തിൽ ബയോഡൈവേഴ്സിറ്റി ആൻഡ് ട്രക്കിങ് ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ടെന്ന് ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് കുമാർ പറഞ്ഞു. ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇത്തരം ക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
ആരിക്കാടി കയാക്കിങ് സെൻ്റർ
ദേശീയപാതയിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലത്തിലുള്ള ആരിക്കാടി കയാക്കിങ് സെൻ്റർ നിരവധി സഞ്ചാരികൾ എത്തുന്ന ആകർഷണ കേന്ദ്രമായി മാറുകയാണ്. അയൽ സംസ്ഥാനമായ കർണാടകയിൽനിന്നടക്കം പ്രതിദിനം സഞ്ചാരികൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വൈകുന്നേരങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് നിരക്കിൽ കയാക്കിങ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുടുംബ സമേതമെത്തുന്ന ടൂറിസ്റ്റുകൾക്കായി സുരക്ഷിതമായ ബോട്ടിങ് സൗകര്യവുമുണ്ട്. കയാക്കിങ് സെൻ്ററിനോട് ചേർന്ന് കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്കും കഫേകളുമുണ്ട്. കാസർകോടിൻ്റെ ടൂറിസം ഭൂപടത്തിൽ കിദൂർ പക്ഷിനിരീക്ഷണ കേന്ദ്രവും ആരിക്കാടി വാക് വേ, കയാക്കിങ് സെൻ്റർ എന്നിവയും സ്ഥാനം പിടിച്ചുകഴിഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Arikkady Biodiversity Centre and Kidoor Bird Village boost Kasaragod tourism.
#KasargodVartha #ArikkadyBiodiversity #KidoorBirdVillage #KasaragodTourism #KeralaTourism #EcoTourism #MalayalamNews #KayakingKerala #AparnaNews

