Join Whatsapp Group. Join now!

Arrest | വൻ മയക്കുമരുന്ന് വേട്ട; കോട്ടേജിൽ നിന്ന് 182.120 ഗ്രാം എംഡിഎംഎയുമായി 3 പേർ പോലീസ് പിടിയിൽ

മഞ്ചേശ്വരത്ത് കോട്ടേജിൽ നിന്ന് 182 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. Three arrested with MDMA in Manjeshwar.
● തലയിണയ്ക്കടിയിൽ സിപ്പ് ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിശേഖരം
● ബംഗ്ളൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി

കാസർകോട്: (MyKasargodVartha) മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേജിൽ നടത്തിയ പോലീസിൻ്റെ മിന്നൽ റെയ്ഡിൽ 182.120 ഗ്രാം എംഡിഎംഎയുമായി 3 പേർ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശിഹാബ് (33), ദക്ഷിണ കന്നഡ സ്വദേശികളായ മുഹമ്മദ് സഫ്‌വാൻ (23), മുഹമ്മദ് റസൽ അലി (21) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ പ്രതിയായ മുഹമ്മദ് ശിഹാബ് മുൻപ് നിരവധി കവർച്ചാ കേസുകളിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

തലയിണയ്ക്കടിയിൽ വൻ ലഹരിശേഖരം

മഞ്ചേശ്വരം എസ്ഐ എസ് വി ജിയോ സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോട്ടേജിൽ വിശദമായ പരിശോധന നടത്തിയത്. 2026 ഒക്ടോബർ 28 ബുധനാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു പരിശോധന. എസ്ഐക്ക് ഫോണിലൂടെ ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. എഎസ്ഐ ഗോപകുമാർ, എസ്സിപിഒ പ്രമോദ്, സിപിഒമാരായ സജിത്ത്, വിമല, സുധാകര എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പരിശോധനയ്ക്കെത്തിയത്.

Police arrest 3 youths with 182.120 grams of MDMA from a cottage

രണ്ട് പേരെ സാക്ഷിയാക്കിയാണ് പോലീസ് കോട്ടേജിൻ്റെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചത്. പോലീസ് സംഘം എത്തുമ്പോൾ മൂന്ന് യുവാക്കളും ഒരു മുറിയിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ മുഹമ്മദ് ശിഹാബ് മയക്കുമരുന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ ആദ്യം ദേഹപരിശോധന നടത്തി. ഇയാളിൽ നിന്ന് മാത്രം 9.780 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് മുറിയിലും കട്ടിലിലും നടത്തിയ വിശദമായ പരിശോധനയിലാണ് തലയിണയ്ക്കടിയിൽ വലിയ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 172.34 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. ഇതോടെ കോട്ടേജിൽ നിന്ന് ആകെ 182.120 ഗ്രാം എംഡിഎംഎയാണ് സംഘം പിടിച്ചെടുത്തത്.

ബംഗ്ളൂരിൽ നിന്നുള്ള ലഹരിക്കടത്ത്

ബംഗ്ളൂരിൽ നിന്നാണ് തങ്ങൾ മയക്കുമരുന്ന് വാങ്ങിയതെന്നാണ് പ്രതികൾ പോലീസിന് നൽകിയിട്ടുള്ള മൊഴി. ലഹരി മരുന്നിന് പുറമെ നാല് മൊബൈൽ ഫോണുകൾ, ഒരു ഡിജിറ്റൽ ത്രാസ്, അഞ്ച് ചെറിയ സിപ്പ് ലോക്ക് കവറുകൾ എന്നിവ പോലീസ് ഇവിടെനിന്നും കസ്റ്റഡിയിലെടുത്തു. ഇവ കൂടാതെ യുക്യുഎഫ്പിഎസ് 6261 ജി നമ്പർ പാൻ കാർഡ്, ഒരു എടിഎം കാർഡ്, 640 രൂപ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റും തുടർ അന്വേഷണവും

കുമ്പള സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ സാന്നിധ്യത്തിൽ പ്രതികളുടെ ദേഹപരിശോധന കൃത്യമായി നടത്തിയ ശേഷമാണ് ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഉദ്യോഗസ്ഥർ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിനാണ് ഈ കേസിൻ്റെ തുടർ അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Police arrested three youths with 182.120 grams of MDMA in Manjeshwar.

 Keywords: MDMA seized Manjeshwar, Kasaragod police drug bust, Mohammed Shihab arrested MDMA

#KasargodVartha #ManjeshwarNews #KasaragodPolice #MDMASeized #KeralaCrimeNews #DrugBust #KeralaPolice #MalayalamNews #RenuNews

Post a Comment