Join Whatsapp Group. Join now!

Vaccination | പേവിഷബാധയ്ക്കെതിരെ വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നിർബന്ധം; ജില്ലാതല ക്യാമ്പയിന് തുടക്കമായി

ലോക റാബീസ് ദിനത്തിൽ കാസർകോട്ട് വളർത്തുമൃഗങ്ങൾക്കുള്ള വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി. പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണവും കുത്തിവെപ്പും ഊർജിതമാക്കി.

● ലോക റാബീസ് ദിനത്തിൽ നായന്മാർമൂല സ്കൂളിലാണ് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നത് ● കാസർകോട് ജില്ലയിലെ മുഴുവൻ നായ്ക്കളെയും പൂച്ചകളെയും കുത്തിവെപ്പിന് വിധേയരാക്കാൻ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ

കാസർകോട്: (MyKasargodVartha) പേവിഷബാധ എന്ന മാരകമായ രോഗത്തെ പ്രതിരോധ കുത്തിവെപ്പിലൂടെ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെങ്കിലും ഭൂരിഭാഗം ഉടമസ്ഥരും വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയ്ക്ക് വാക്സിനേഷൻ നൽകുന്നില്ലെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം പറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും എല്ലാ വളർത്തുമൃഗങ്ങളെയും വാക്സിനേഷന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

District-Level Pet Vaccination Campaign Begins in Kasaragod on World Rabies Day

ലോക റാബീസ് ദിനത്തിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാമിയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ മാതാപിതാക്കളോട് ആവശ്യപ്പെടണമെന്ന് സ്കൂൾ കുട്ടികളോട് അദ്ദേഹം അഭ്യർഥിച്ചു.

ക്യാമ്പയിൻ ലക്ഷ്യങ്ങൾ

കാസർകോട് ഉൾപ്പെടെ കേരളത്തിലെ മുഴുവൻ നായ്ക്കളെയും പൂച്ചകളെയും വാക്സിനേഷന് വിധേയരാക്കി റാബീസ് രോഗത്തെ നിയന്ത്രണത്തിലാക്കുകയാണ് ഈ ക്യാമ്പയിൻ്റെ പ്രധാന ലക്ഷ്യം. മൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്നവരും തെരുവ് നായ്ക്കളുടെ ആക്രമണത്തിന് സാധ്യതയുള്ളവരുമായതിനാൽ എല്ലാ പഞ്ചായത്തുകളിലെയും സ്കൂളുകളിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു.

2019-ലെ സെൻസസ് പ്രകാരം കാസർകോട് ജില്ലയിൽ തെരുവ് നായ്ക്കളും വളർത്തു നായ്ക്കളും ഉൾപ്പെടെ 39,791 നായ്ക്കളുണ്ട്. ജില്ലയിൽ ഒരു വർഷം ശരാശരി 15,110 മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകാറുള്ളപ്പോൾ, കഴിഞ്ഞ 6 മാസത്തിനുള്ളിൽ 8,247 വളർത്തുമൃഗങ്ങൾക്ക് മാത്രമാണ് കുത്തിവെപ്പ് നൽകിയിട്ടുള്ളത്. ഈ ക്യാമ്പയിനിലൂടെയും പഞ്ചായത്ത് തലത്തിൽ നടക്കുന്ന തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പരിപാടികളിലൂടെയും മുഴുവൻ നായ്ക്കളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കാനാണ് ലക്ഷ്യമിടുന്നത്.

ബോധവൽക്കരണ ക്ലാസ്

ഉദ്ഘാടനത്തിനു ശേഷം നടന്ന ബോധവൽക്കരണ ക്ലാസിൽ 150 സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. പങ്കെടുത്ത ഭൂരിഭാഗം കുട്ടികളുടെ വീട്ടിലും വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയ്ക്ക് വാക്സിൻ നൽകിയിരുന്നില്ല.

ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സന്തോഷ് കുമാർ കെവി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബീറ്റു ജോസഫ്, ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ഇ ചന്ദ്രബാബു, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. ക്രിസ് ഐൻസ്റ്റീൻ എന്നിവർ സംസാരിച്ചു. വളർത്തുമൃഗങ്ങളുടെ വാക്സിനേഷൻ, പഞ്ചായത്ത് തലത്തിലുള്ള ലൈസൻസിങ്, നായ അല്ലെങ്കിൽ പൂച്ചയുടെ കടിയോ പോറലോ ഏറ്റാൽ എടുക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഡോ. സൂര്യ ക്ലാസെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: On World Rabies Day, District Panchayat President Sabu Abraham inaugurated a district-level rabies vaccination campaign at Nayanmar Moola Tanbeehul Islamia Higher Secondary School, urging the public to compulsorily vaccinate all dogs and cats.

#KasargodVartha #WorldRabiesDay #Kasaragod #PetVaccination #RabiesAwareness #AnimalHusbandry #NayanmarMoola #MalayalamNews #AparnaNews

Post a Comment