● വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് പുതുജീവൻ.
● അറ്റകുറ്റപ്പണികൾ നടത്തി അക്കാദമി പ്രവർത്തനക്ഷമമാക്കും.
● സർക്കാർ 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരാതി നൽകി.
● സാമുഹിക വിരുദ്ധരുടെ താവളമെന്ന പരാതിയും പരിഗണിച്ചു.
കുമ്പള: (MyKasargodVartha) നിർമ്മാണം പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ട കുമ്പള മുജംങ്കാവിലെ യക്ഷഗാന കുലപതി പാർഥി സുബ്ബയ്യയുടെ പേരിലുള്ള യക്ഷഗാന കലാക്ഷേത്ര അക്കാദമിക്ക് പുതുജീവൻ നൽകാൻ സർക്കാർ നടപടികൾ ആരംഭിച്ചു.
അറ്റകുറ്റപ്പണികൾ നടത്തി അക്കാദമി പുനഃസ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരി 2024 ഡിസംബർ 20-ന് സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിക്ക് മറുപടിയായാണ് ജില്ലാ അക്കൗണ്ടന്റ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇക്കാര്യം അറിയിച്ചത്.
തുളുനാടിന്റെ തനത് കലാരൂപമായ യക്ഷഗാനത്തെയും, അതിന്റെ കുലപതിയായ പാർഥി സുബ്ബയ്യയെയും സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിടത്തിലൂടെ വർഷങ്ങളായി അവഹേളിക്കുകയാണെന്ന് രവി പൂജാരി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തകർച്ച നേരിടുന്ന ഈ കെട്ടിടം അടിയന്തരമായി പുനഃസ്ഥാപിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2019-ൽ നിർമ്മാണം ആരംഭിച്ച ഈ കെട്ടിടം പാതിവഴിയിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് കാടുമൂടി നശിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നും മദ്യപാനവും അഴിഞ്ഞാട്ടവുമാണ് ഇവിടെ നടക്കുന്നതെന്നും പരാതിയിൽ രവി പൂജാരി സൂചിപ്പിച്ചിരുന്നു.
യക്ഷഗാനത്തെ ഏറെ ആദരിക്കുന്ന തുളുനാട്ടിലെ കലാകാരന്മാർക്കിടയിൽ ഈ പദ്ധതിയുടെ അവസ്ഥ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ പുനർനിർമ്മാണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചുവെന്ന് കേട്ടിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഈ പരാതിക്കുള്ള മറുപടിയിലാണ്, 2023-24 വർഷത്തിൽ ഭരണാനുമതി ലഭിക്കാത്ത മരാമത്ത് പണികളിൽ പത്ത് ലക്ഷം രൂപ അടങ്കൽ തുകയായി നിശ്ചയിച്ച് രണ്ട് ലക്ഷം രൂപ ഈ വർഷം വകയിരുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ-യോട് കാര്യാലയത്തിൽ നിന്ന് പ്രൊപ്പോസൽ ആവശ്യപ്പെട്ട് കത്തും ഓർമ്മക്കുറിപ്പും അയച്ചിട്ടുണ്ടെന്നും, അത് ലഭ്യമായാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ അക്കൗണ്ടന്റ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അയച്ച മറുപടി കുറിപ്പിൽ വ്യക്തമാക്കുന്നു.
Article: Kumbala Yakshagana Academy, left unfinished, will be revived after a complaint. The government has allocated funds for its repair and restoration.
Keywords: Kumbala Yakshagana Academy news, Parthi Subbayya Kala Kshetra, Yakshagana revival Kerala, unfinished projects Kasaragod, cultural academy restoration, government initiative arts, Ravi Poojary complaint news, Kasaragod cultural news
#Yakshagana, #Kumbala, #KeralaCulture, #ArtRevival, #KasaragodNews, #GovernmentAction

