● നിലവിൽ ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കായുള്ള കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്.
● വരാൻ പോകുന്ന റെയിൽവേ വികസനത്തിലും പ്രദേശവാസികൾ ഏറെ ആശങ്കയിലുമാണ്.
● പ്രദേശവാസികൾക്ക് ഒരു പനിയോ മറ്റോ വന്നാൽ കുമ്പള സിഎച്ച്സിയെയാണ് മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ ആശ്രയിക്കുന്നത്.
മൊഗ്രാൽ: (MyKasargodVartha) കടപ്പുറം വലിയ ജുമാ മസ്ജിദിന് സമീപം കൊപ്പളം സിറാജുൽ ഉലൂം മദ്രസ പരിസരത്ത് കഴിഞ്ഞ മൂന്നു വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ (ജനകീയ ആരോഗ്യ കേന്ദ്രം) സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തം. ഇതുമായി ബന്ധപ്പെട്ട് കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി സെക്രട്ടറി ബികെ അൻവർ കൊപ്പളം എകെഎം അഷ്റഫ് എംഎൽഎയ്ക്ക് നിവേദനം നൽകി.
നിലവിൽ ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കായുള്ള കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. പ്രദേശവാസികൾക്ക് അടച്ചിട്ട റെയിൽപാത മറികടന്ന് കുമ്പളയിലെ സർക്കാർ ആശുപത്രിയിലെത്താൻ മുതിർന്നവർക്കും, കുട്ടികൾക്കും ഏറെ പ്രയാസമുണ്ടാകുന്നു. മാത്രവുമല്ല വരാൻ പോകുന്ന റെയിൽവേ വികസനത്തിലും പ്രദേശവാസികൾ ഏറെ ആശങ്കയിലുമാണ്. റെയിൽവേ-ദേശീയപാത വികസനം തീരപ്രദേശത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് ഏറെ വെല്ലുവിളികൾ നേരിടുന്നുമുണ്ട്.
പ്രദേശവാസികൾക്ക് ഒരു പനിയോ മറ്റോ വന്നാൽ കുമ്പള സിഎച്ച്സിയെയാണ് മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ ആശ്രയിക്കുന്നത്. ഇവിടെനിന്ന് കുമ്പളയിൽ എത്തിപ്പെടണമെങ്കിൽ ഓട്ടോറിക്ഷ പിടിച്ച് വലിയ വാടക കൊടുത്തു വേണം പോകാൻ. ഇത് സാധാരണക്കാരായ പ്രദേശവാസികൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നു.
അതുകൊണ്ടുതന്നെ കൊപ്പളം ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പരാതി പരിശോധിച്ച് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പു നൽകി. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
Keywords: Koppalam, Ayushman Health Centre, doctor, health services, Kumbla, local request, permanent doctor, healthcare, MLA, medical issues
#KoppalamHealthCentre #AyushmanHealth #Kumbla #DoctorRequest #LocalHealthCare #PublicConcern