(MyKasargodVartha) ജീവിതത്തിൽ പലരേയും പല പ്രവർത്തന മേഖലകളിലും കണ്ടിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തതയുള്ള ഒരാളാണ് നെല്ലിക്കുന്ന് കടപ്പുറത്തെ ഹമീദ് മാളിക എന്ന മാളിയ ഹമീച്ച. നിറ പുഞ്ചിരിയോടെ ആരേയും വശീകരിക്കുന്ന വാക്ക് ചാതുര്യം. ജാതിക്കോ മതത്തിനോ നിറത്തിനോ അതിർ വരമ്പുകളില്ലാത്ത എല്ലാരേയും ഒരുപോലെ സ്നേഹത്തിന്റെ കുടക്കീഴിൽ നിർത്തുന്ന വ്യക്തി കൂടിയാണ്. വെള്ള വസ്ത്രം ധരിച്ച് നടന്നു നീങ്ങുന്ന ഹമീച്ച നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്.
മരണ വീട്ടിലും, കല്യാണ വീട്ടിലും എവിടെയായിരുന്നാലും ഒരു കാരണവരുടെ സാനിധ്യം ഉണ്ടായിരിക്കും. നെല്ലിക്കുന്ന്, കടപ്പുറം, ബങ്കരക്കുന്ന് പ്രദേശങ്ങളിൽ ആരുടെയെങ്കിലും മരണ വാർത്ത കേട്ടറിഞ്ഞാൽ ആ നിമിഷം അവിടെ ചെന്ന് വേണ്ടതെല്ലാം ചെയ്യാൻ കാണിക്കുന്ന ഉത്സാഹം മറ്റുള്ളവരിൽ നിന്നും ഹമീച്ച മാളികയെ വ്യത്യസ്ഥനാക്കുന്നു. പള്ളി പറമ്പിലേക്ക് ചെല്ലുകയും ഖബർ കുഴിക്കുവാൻ ആളെ ഏർപ്പാട് ചെയ്യുകയും മറ്റു കാര്യങ്ങളിലെല്ലാം മുൻപന്തിയിലുണ്ടാകും. പ്രതിഫലം ആഗ്രഹിച്ചിട്ടോ ഒന്നുമല്ല. തനിക്ക് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന നന്മകളിലൊന്നായിട്ടാണ് ഇതിനെ ഹമീച്ച കാണുന്നത്.
ക്ഷണിക്കപ്പെട്ട കല്യാണം, അല്ലെങ്കിൽ മറ്റു ആഘോഷ പരിപാടികളിലും ഹമീച്ചാന്റെ നിറ സാന്നിധ്യമുണ്ടായിരിക്കും. തമാശകളും, സ്നേഹവും കോർത്തിണക്കിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. സ്നേഹത്തിന്റെ മഹാസമുദ്രം കൂടിയാണ്. വാർദ്ധക്യത്തിലും തളരാത്ത പ്രസരിപ്പോടും, ഉന്മേഷത്തോടും കൂടി സൊറ പറഞ്ഞ് സമയം തള്ളി നീക്കുകയാണ് നാട്ടുകാരുടെ മാളിയ ഹമീച്ച. എല്ലാവർക്കും പ്രിയപ്പെട്ടവനായി വാഴുകയാണ്.
വൈകുന്നേരമായാൽ കൂട്ടുകാരോടൊപ്പം കൂടി സല്ലപിച്ചും, തമാശകൾ പറഞ്ഞും ചായ കുടിച്ചും നേരമ്പോക്കാക്കി സന്ധ്യയായാൽ വീട്ടിലേക്ക് മടങ്ങും. എഴുപത്തിയഞ്ച് വയസ്സിലും പതിനെട്ട് വയസ്സിന്റെ ചുറുചുറുക്കാണ് ഹമീച്ചാക്ക്. വീട്ടുകാർക്കും, നാട്ടുകാർക്കും ഏറെ പ്രിയങ്കരനാണ്. പാവപ്പെട്ടവരുടെ സങ്കടം മനസ്സിലാക്കി അത് പറയേണ്ടവരോട് പറഞ്ഞ് അർഹതപ്പെട്ട സഹായങ്ങൾ ചെയ്തു കൊടുത്ത് കണ്ണീരൊപ്പുകയാണ് ഇദ്ദേഹം. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിലും, കടപ്പുറം ബദ്‌രിയ്യ മസ്ജിദിലും എല്ലാ പരിപാടികളിലും ഹമീച്ച മാളിക മുൻപന്തിയിലുണ്ടാകും. ആരോടും സൗമ്യനായി പെരുമാറുകയും നല്ല ഉപദേശങ്ങൾ മാത്രം നൽകുകയും ചെയ്യുന്ന ഗുരു സ്ഥാനികനാണ്.
ആരോടും പിണങ്ങാനും ദേഷ്യപ്പെടാനും അറിയാത്ത, എന്നും പുഞ്ചിരി മാത്രം സമ്മാനിക്കുന്ന ഹമീച്ച. എന്താവശ്യത്തിനും വിളിച്ചാൽ അവിടേക്ക് ഹമീച്ച പറന്നെത്തുകയും വേണ്ട ഒത്താശകൾ ചെയ്തു തരികയും ചെയ്യും. മനസ്സിൽ വെറുപ്പും, വിദ്വേഷമോ ഇല്ലാത്ത ശുദ്ധമായ ഹൃദയത്തിനുടമയാണ്. ജാതിക്കോ, മതത്തിനോ അതിർവരമ്പുകളില്ലാത്ത സ്നേഹിതനാണ്. അന്യമതസ്ഥർക്ക് പോലും നല്ല അഭിപ്രായം മാത്രമുള്ള ഒരു വ്യക്തിയാണ് ഹമീച്ച. ഏത് വീട്ടിലും സധൈര്യം കയറി ചെന്ന് സുഖവിവരങ്ങൾ അന്വേഷിക്കുകയും അവർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുമ്പോൾ അദ്ദേഹം വാനോളം ഉയരുകയാണ്. ജീവിതത്തിൽ നേടിയെടുത്ത സമ്പാദ്യം സ്നേഹം മാത്രമാണ്. ഇനിയും ദീർഘകാലം ജീവിതം നയിക്കുവാനും, സേവന രംഗത്ത് സജീവമായിരിക്കാനും സർവശക്തൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Keywords: Article, Editor’s-Choice, Hameed Malika, Ocean of Love.