(MyKasargodVartha) ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ പോലെ സഹൃദയ ലോകത്തെ വിസ്മയം കൊള്ളിച്ച മനുഷ്യാത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന അപൂർവ വ്യക്തിത്വമാണ് താജ് അഹ്‌മദ്. താജിന്റെ ജീവിതം അക്ഷരങ്ങളിലൂടെയും ഭാഷകളിലൂടെയുമുള്ള തീർത്ഥാടനമായിരുന്നു. അപാരമായ ഓർമ്മശക്തിയും അനന്തമായ ജ്ഞാനതൃഷ്ണയും താജിന്റെ ബൗദ്ധിക സമ്പർക്കങ്ങളെ ഹൃദ്യവും ദീപ്തവുമാക്കി.
മഹാകവി ടി ഉബൈദിന്റെ കൃതികളുടെ ആദ്യകാല പകർപ്പെഴുത്തുകാരനും പാട്ടുകാരനും പ്രചാരകനുമായി ചെറുപ്രായത്തിൽ തന്നെ സാംസ്കാരിക രംഗത്ത് ശ്രദ്ധനേടി. വായനയെ ജീവശ്വാസമാക്കിയ താജ് അഹമദിന്റെ വിയോഗം അക്ഷരലോകത്തിന്റെ കൂടി നഷ്ടമാണ്. 90 കളിൽ കാസർക്കോട്ട് നിന്ന് പ്രസിദ്ധീകരിച്ച ഈയാഴ്ച വാരികയുടെ ഉടമയും പബ്ലിഷറുമായിരുന്നു അദ്ദേഹം.
സാംസ്കാരിക ലോകത്തെ പ്രമുഖരെ വടക്കൻ മണ്ണുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് വാരിക തുടങ്ങിയത്. അതിലൂടെ ഉത്തര കേരളത്തിലെ എഴുത്തുകാരെ കൈപിടിച്ചുയർത്താനും വടക്കിന്റെ പ്രതിഭാ മികവ് മലയാളക്കരെയാകെ ബോധ്യപ്പെടുത്താനും സാധിച്ചു. ചരിത്ര, സാഹിത്യ, വൈജ്ഞാനിക വിഷയങ്ങളിൽ ആഴത്തിൽ പഠിച്ച ആളെന്ന നിലയിൽ പുതിയ തലമുറയുടെ വിദ്യാർത്ഥികളടക്കം അദ്ദേഹത്തെ കാണുകയും അറിവ് നുകരുകയും ചെയ്യുക പതിവായിരുന്നു.
പ്രശസ്തിക്ക് വേണ്ടിയോ പദവികൾക്ക് വേണ്ടിയോ ഒട്ടും ആഗ്രഹിച്ചില്ലെന്ന് മാത്രമല്ല, തന്നെക്കുറിച്ച് വാഴ്ത്ത് നടത്തുന്നതിനോടും സ്തുതിപാഠകരോടും എന്നും അകലം പാലിക്കാനും അദ്ദേഹം ശ്രദ്ധിച്ചു എന്നതും ഈ വർത്തമാന കാലത്ത് അപൂർവങ്ങളായ നന്മകളിലൊന്നാണ്. ഇതെല്ലാം കൊണ്ട് തന്നെ താജ് അഹമ്മദിന്റെ വിയോഗം നികത്താകാത്ത വലിയ ശൂന്യത സൃഷ്ടിക്കുന്നു.
Keywords: Article, Editor’s-Choice, Memories, Publisher, Malayalam Literature, Obituary, Thaj Ahmad: A Man Wonder Like 'Taj Mahal'.
< !- START disable copy paste -->