ദേശീയ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാം
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടേയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17ന് ജില്ലാതലത്തില്‍ കുട്ടികള്‍ക്കായി ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ തല മത്സരം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കാസര്‍കോട് എന്‍ എ മോഡല്‍ സ്‌കൂളില്‍ നടക്കും. നാല് വിഭാഗങ്ങളിലായാണ് മത്സരം. അഞ്ച് മുതല്‍ ഒന്‍പത് വരെ പ്രായമുള്ള കുട്ടികള്‍ വൈറ്റ് ഗ്രൂപിലും 10മുതല്‍ 15 വരെയുള്ള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപിലും ഭിന്നശേഷിക്കാരായ അഞ്ച് മുതല്‍ 10വരെ പ്രായമുള്ള കുട്ടികള്‍ േെയലാ ഗ്രൂപിലും 11 മുതല്‍ 18 വരെയുള്ള കുട്ടികള്‍ റെഡ് ഗ്രൂപിലുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ സംസ്ഥാന തലത്തിലേക്കും തുടര്‍ന്ന് ദേശീയ മത്സരത്തിലേക്കും പരിഗണിക്കും. ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്നതു വരെ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ് നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, മെഡല്‍, സര്‍ടിഫികറ്റ് എന്നിവ നല്‍കും. മത്സരാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 17ന് രാവിലെ ഒമ്പതിന് എന്‍ എ മോഡല്‍ സ്‌കൂളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം.
സാക്ഷര സമൂഹത്തിനായി ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാം, ഈ വര്‍ഷം ജില്ലയില്‍ ഒമ്പതിനായിരം പേരെ സാക്ഷരരാക്കും
സാക്ഷര സമൂഹത്തെ വളര്‍ത്തിയെടുക്കാനായി ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കാനുള്ള നടപടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ സംയുക്തമായി നടപ്പാക്കുന്നതാണ് പദ്ധതി. ദേശീയ സാക്ഷരതാ മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പ് വര്‍ഷം ജില്ലയില്‍ 7200 സ്ത്രീകളും 1800 പുരുഷന്‍മാരുമുള്‍പ്പെടെ ഒമ്പതിനായിരം പേരെ സാക്ഷര സമൂഹമാക്കി മാറ്റാനാണ് തീരുമാനം. ഇവരില്‍ എസ്‌സി 900, എസ്ടി 210, ന്യൂനപക്ഷം 3000, ജനറല്‍/മറ്റുള്ളവര്‍ 4890 എന്നിങ്ങനെ തരംതിരിച്ചിരിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം, മറ്റ് ഇതര പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍-ക്വിയര്‍ വിഭാഗം, അതിഥി തൊഴിലാളികള്‍, പ്രത്യേക പരിഗണനാ വിഭാഗം, നിര്‍മാണ തൊഴിലാളികള്‍, ചേരി/ തീരദേശ നിവാസികള്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പഠിതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ 15 മുതല്‍ 35 വയസ്സ് പ്രായമുള്ളവര്‍ക്കായിരിക്കും പ്രഥമ പരിഗണന. ഇതിനായി വാര്‍ഡ് തലത്തില്‍ സര്‍വേ ടീം രൂപീകരിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ മേഖലകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്തലത്തില്‍ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പത്താംതരം-ഹയര്‍സെകന്‍ഡറി തുല്യതാ കോഴ്‌സുകള്‍ വിജയിച്ചവര്‍ (മുന്‍ പഠിതാക്കള്‍), അധ്യാപകര്‍, വിരമിച്ച അധ്യാപകര്‍, തുല്യതാ അധ്യാപകര്‍ എന്നിവരെ സന്നദ്ധ അധ്യാപകരായി നിയമിക്കും. എട്ട് മുതല്‍ പത്ത് വരെ പഠിതാക്കള്‍ക്ക് ഇവരായിരിക്കും ക്ലാസ് എടുക്കുക. ഇവര്‍ക്കായി പഞ്ചായത് തലത്തില്‍ പരിശീലനം നടത്തും. ഒക്ടോബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. 2023 ജനുവരി 22ന് സാക്ഷരതാ പരീക്ഷ നടത്തും. ജനുവരി 31ന് ഫലപ്രഖ്യാപനം. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അടിസ്ഥാന സാക്ഷരതാ ക്ലാസ് പഠിതാക്കളുടെ സൗകര്യം അനുസരിച്ച് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ സംഘടിപ്പിക്കും. വാര്‍ഡ്തല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെയും നിയമിക്കും. തുടര്‍സാക്ഷരതയും, ജീവിത- തൊഴില്‍ നൈപുണ്യ വികസനവും പദ്ധതിയുടെ ഭാഗമാണ്.
ജനകീയ പദ്ധതിയായി ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എസ്.എന്‍.സരിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷിനോജ് ചാക്കോ, കെ ശകുന്തള, ജില്ലാ പഞ്ചായത് സെക്രടറി കെ പ്രദീപന്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകരായ പപ്പന്‍ കുട്ടമത്ത്, കെ വി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എന്‍ ബാബു സ്വാഗതവും ജില്ലാ സാക്ഷരതാ സമിതി അംഗം കെ വി വിജയന്‍ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത് അംഗങ്ങള്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍, ജില്ലയിലെ ബ്ലോക് പഞ്ചായത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍ കോവില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എമാരായ എ കെ എം അശ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍ തുടങ്ങിയവര്‍ സംഘാടകസമിതി രക്ഷാധികാരികളാണ്. സംഘാടകസമിതി ഭാരവാഹികള്‍-ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍(ചെയര്‍മാന്‍), ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് (ചീഫ് കോര്‍ഡിനേറ്റര്‍), ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ എസ് എന്‍ സരിത, എഫ് ആന്റ് എ കോര്‍ഡിനേറ്റര്‍ ജില്ലാ പഞ്ചായത് സെക്രടറി കെ പ്രദീപന്‍(വൈസ് ചെയര്‍മാന്‍മാര്‍), സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എന്‍ ബാബു(കണ്‍വീനര്‍), സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, (ജോയിന്റ് കണ്‍വീനര്‍മാര്‍), ഡയറ്റ് പ്രിന്‍സിപല്‍ രഘുറാം ഭട്ട്(അകാഡമിക് കണ്‍വീനര്‍), ജനപ്രതിനിധികള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യൂടീവ് അംഗങ്ങള്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍, പദ്ധതി പ്രദേശത്തെ പഞ്ചായത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിവിധ സര്‍കാര്‍ വകുപ്പ് മേധാവികള്‍, എസ്‌സി/ എസ്ടി പ്രൊമോടര്‍മാര്‍ തുടങ്ങിയവര്‍ സംഘാടക സമിതി അംഗങ്ങളാണ്.
ബ്ലോക് ഗ്രാമപഞ്ചായത് സെക്രടറിമാര്‍ക്ക് പരിശീലനം
ദേശീയ പഞ്ചായത് അവാര്‍ഡുകള്‍ക്കായുള്ള ബ്ലോക് - ഗ്രാമപഞ്ചായത് സെക്രടറിമാരുടെ പരിശീലനം ചൊവ്വാഴ്ച(സെപ്റ്റംബര്‍ 13ന്) രാവിലെ 10.30ന് കാസര്‍കോട് പഞ്ചായത് ഡെപ്യൂടി ഡയറക്ടറുടെ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വരുമാന സര്‍ടിഫികറ്റ് ഹാജരാക്കണം
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായതില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരി 28നകം പുതിയ വരുമാന സര്‍ടിഫികറ്റ് പഞ്ചായത് ഓഫീസില്‍ ഹാജരാക്കണം. നിശ്ചിത വരുമാന സര്‍ടിഫികറ്റ് നല്‍കാത്തവര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. വരുമാന സര്‍ടിഫികറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കുകയില്ല. ഫോണ്‍ 0467 2234030, 9496049659.
അധ്യാപക ഒഴിവ്
ചെമ്മനാട് ജിഎച്എസ്എസില്‍ എച്എസ്എസ്ടി (സീനിയര്‍) ഇന്‍ഗ്ലീഷ് അധ്യാപകന്റെ ഒഴിവ്. അഭിമുഖം ബുധനാഴ്ച്ച(സെപ്തംബര്‍ 14ന്) രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍.
സുസ്ഥിര വികസനം ലക്ഷ്യം, കൊറഗ-മലവേട്ടുവ സമുദായത്തെക്കുറിച്ച് കിലെ പഠനം നടത്തുന്നു
കൊറഗ-മലവേട്ടുവ സമുദായത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് സാമൂഹിക, സാമ്പത്തിക, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനത്തിന് കിലെ. വീടുകള്‍, ചുറ്റുപാടുകള്‍, ഇരുസമുദായങ്ങളിലെയും കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, തൊട്ടടുത്ത് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. പരമ്പരാഗത തൊഴിലാണോ ചെയ്യുന്നത്, മറ്റു തൊഴില്‍ മേഖലയില്‍ കൂടി അവര്‍ കടന്നുവരുന്നുണ്ടോ, സര്‍കാര്‍ മേഖലയില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട് എന്നിവയും ശേഖരിക്കും. തൊഴിലിടങ്ങളില്‍ നിന്നും ലഭിക്കുന്ന വേതനം, മറ്റു വരുമാന മാര്‍ഗങ്ങള്‍, സര്‍കാര്‍ ആനുകൂല്യങ്ങള്‍ എല്ലാവരിലും എത്തുന്നുണ്ടോ തുടങ്ങിയവയും വിവര ശേഖരണത്തില്‍ ഉള്‍പ്പെടുത്തും. ഈ മാസം 28 മുതല്‍ സര്‍വേ ആരംഭിക്കും. 1200 ആള്‍ക്കാരിലാണ് സര്‍വേ നടത്തുന്നത്. ഇരുസമുദായങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 20 യുവതീ യുവാക്കളെ ഉപയോഗപ്പെടുത്തിയാണ് സര്‍വേ.
സര്‍വേയുടെ ഭാഗമായി കേരളാ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് എകദിന ശില്‍പശാല നടത്തി. കാഞ്ഞങ്ങാട് എമിറേറ്റസ് ഹാളില്‍ നടന്ന ശില്‍പശാല കിലെ ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗമായ മലവേട്ടുവ-കൊറഗ സമുദായത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ വികസനം ലക്ഷ്യം വെച്ചാണ് തൊഴില്‍ വകുപ്പ് ശാസ്ത്രീയ പഠനം നടത്തുന്നത്. മികച്ച ജീവിതം നയിക്കാനുള്ള സാഹചര്യം സര്‍കാര്‍ തലത്തില്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തുന്നതെന്നും രണ്ടാഴ്ചക്കകം സര്‍വേ പൂര്‍ത്തിയാക്കി ക്രോഡീകരിക്കുന്ന പഠന റിപോര്‍ട് ഡിസംബറില്‍ സര്‍കാരിലേക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിലെ എക്‌സിക്യൂടിവ് കൗണ്‍സില്‍ അംഗം ടി കെ രാജന്‍ അധ്യക്ഷനായി. റിസര്‍ച് കോര്‍ഡിനേറ്റര്‍ ഡോ. റഫീഖാ ബീവി പഠന സര്‍വേ വിശദീകരണം നടത്തി. സമുദായ പ്രതിനിധികളായ സി കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍ ഗോപാല, റിസര്‍ച് അസോസിയേറ്റുമാരായ ജെ എസ് ആരിജ, അരുണ്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ഫെലോ ജെ എന്‍ കിരണ്‍ സ്വാഗതം പറഞ്ഞു.
ഒന്നാന്തരം പൂക്കള്‍, പൂവിപണിയില്‍ കുടുംബശ്രീ നേടിയത് ഒന്നര ലക്ഷം രൂപ
മറുനാടന്‍ പൂക്കളോട് കിടപിടിക്കുന്ന പൂവിപണിയൊരുക്കിയപ്പോള്‍ കുടുംബശ്രീക്ക് നേട്ടം. ഒന്നരലക്ഷം രൂപയാണ് പൂവിപണിയിലൂടെ മാത്രം ലഭിച്ചത്. ഓണച്ചന്തകള്‍ വഴി നാടന്‍ പച്ചക്കറികള്‍ക്കും വിവിധ ഉത്പന്നങ്ങള്‍ക്കുമൊപ്പമാണ് പൂക്കളും ഓണവിപണിയിലെത്തിച്ചത്. കുടുംബശ്രീക്ക് ഓണച്ചന്തകള്‍ വഴിയുണ്ടായ ആകെ വിറ്റുവരവ് 48.36ലക്ഷം രൂപ. ഒരു പിടി വിപണിയിലേക്ക് എന്ന ആശയത്തോടെ സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെയാണ് കുടുംബശ്രീയുടെ ഓണചന്തകള്‍ വില്‍പന നടത്തിയത്. ജില്ലയിലെ സിഡിഎസുകള്‍ കേന്ദ്രീകരിച്ച് 42 ഓണചന്തകളും നാല് ജില്ലാതല ചന്തകളും പ്രവര്‍ത്തിച്ചു.
കുടുംബശ്രീയുടെ ബ്രാന്‍ഡഡ് അരി, കുടുംബശ്രീ അപ്പങ്ങള്‍, കുടുംബശ്രീ സംഘങ്ങള്‍ കൃഷി ചെയ്തെടുത്ത വിഷരഹിതമായ പച്ചക്കറികള്‍, അച്ചാറുകള്‍, പലതരം ചിപ്സുകള്‍, സ്‌ക്വാഷ്, ജാം, ശര്‍ക്കര വരട്ടി, കൊണ്ടാട്ടം എന്നിവയുടെ വിപണനവും ഓണചന്തകളില്‍ ഉണ്ടായിരുന്നു.
കൂടാതെ പട്ടിക വര്‍ഗ മേഖലയിലെ ഉത്പന്നങ്ങളും ഓണം വിപണിയില്‍ ഇടംപിടിച്ചു.
ജില്ലയിലെ 18 സിഡിഎസുകളുടെ കീഴില്‍ 12 ഏക്കര്‍ സ്ഥലത്ത് നടത്തിയ പൂകൃഷിയിലും മികച്ച വരുമാനമുണ്ടായി. കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, അജാനൂര്‍, മടിക്കൈ, നീലേശ്വരം, മംഗല്‍പ്പാടി, കരിന്തളം രണ്ട്, പീലിക്കോട്, ചെറുവത്തൂര്‍, കോടോം-ബേളൂര്‍, മുളിയാര്‍ തുടങ്ങിയ സിഡിഎസുകള്‍ക്ക് കീഴിലാണ് വിവിധ ഇടങ്ങളില്‍ ചെണ്ടുമല്ലികള്‍ കൃഷി ചെയ്ത് വിപണിയിലെത്തിച്ചത്. ചെറുവത്തൂര്‍, പടന്ന, പുല്ലൂര്‍-പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നാണ് മികച്ച വിളവ് ലഭിച്ചത്. പൊതുവിപണിയില്‍ 300 രൂപ മുതല്‍ 400 രൂപ വരെയുള്ള പൂക്കള്‍ കുടുംബശ്രീ 150 രൂപ മുതല്‍ 250 രൂപ വരെയുള്ള നിരക്കില്‍ ലഭ്യമാക്കിയപ്പോള്‍ ഡിമാന്റ് ഏറെയായിരുന്നു. ഏറ്റവും മികച്ച ചന്തകള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ സമ്മാനം നല്‍കും.
പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യം വെച്ച് കുടുംബശ്രീ മികച്ച ഇടപെടലുകള്‍ നടത്തി വരുന്നുണ്ട്. കോവിഡിനു ശേഷം വന്ന ഓണം എല്ലാവരും നന്നായി ആഘോഷിച്ചു. കുടുംബശ്രീയുടെ വിശ്വാസയോഗ്യവും ഗുണനിലവാരവുമുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ പറഞ്ഞു
ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂടീവ് അംഗം പി രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് താലുക് ലൈബ്രറി കൗണ്‍സില്‍ സെക്രടറി പി ദാമോദരന്‍ ലോഗോ ഏറ്റുവാങ്ങി. സംസ്ഥാന ലൈബറി കൗണ്‍സില്‍ മുന്‍ സെക്രടറി അഡ്വ. പി അപ്പുകുട്ടന്‍, ഗ്രന്ഥാലോകം പത്രാധിപര്‍ പി വി കെ പനയാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രടറി ടി രാജന്‍, ജില്ലാ എക്സിക്യൂടീവ് അംഗം രമാ രാമകൃഷ്ണന്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ സി മനോജ് ഹൊസ്ദുര്‍ഗ് താലൂക് എക്സി. അംഗങ്ങളായ പപ്പന്‍ കുട്ടമത്ത്, അംബുജാക്ഷന്‍ മാസ്റ്റര്‍, എച്ച് കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പ്രചാരണ കമിറ്റി കണ്‍വീനര്‍ സുനില്‍ പട്ടേന സ്വാഗതവും പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ കെ സുനീഷ് നന്ദിയും പറഞ്ഞു. മധു കാരിയില്‍ ആണ് ലോഗോ രൂപകല്‍പന ചെയ്തത്.
സെപ്റ്റംബര്‍ 17,18,19 തീയതികളില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് പുസ്തകോത്സവം. പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദനാണ് പുസ്തകോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45 പ്രസാധകരുടെ 80 ഓളം പുസ്തക സ്റ്റാളുകള്‍ പുസ്തകമേളയിലുണ്ടാകും. പുസ്തകോത്സവത്തിന്റെ ഭാഗമായി ചരിത്രഗാഥ, പുസ്തക പ്രകാശനം, ലൈബ്രറി പ്രവര്‍ത്തക സംഗമം, ചലച്ചിത്ര ഗാനാലാപന മത്സരം, നാടക രാത്രി, വസന്ത ഗീതങ്ങള്‍, കഥാപ്രസംഗം തുടങ്ങിയ പരിപാടികള്‍ നടക്കും.
വോടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി അസിസ്റ്റന്റ് കലക്ടര്‍
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 139ാം പോളിങ് ബൂത് പരിധിയിലെ വീടുകള്‍ അസിസ്റ്റന്റ് കലക്ടര്‍ മിഥുന്‍ പ്രേംരാജ് സന്ദര്‍ശിച്ചു. വോടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. സ്ഥലം ഡെപ്യൂടി തഹസില്‍ദാര്‍ പി സിജിത്ത്, ബി എല്‍ ഒമാരായ മനോജന്‍, സജീര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.