Join Whatsapp Group. Join now!

SA Abdulla | എസ് എ അബ്ദുല്ല; ഓര്‍മയായത് പട്‌ലയുടെ അഭിമാനപുത്രന്‍

Memmories of SA Abdulla, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-അസീസ് പട്‌ല

(my.kasargodvartha.com) ഞങ്ങളുടെ പ്രിയപ്പെട്ട സൂഫി അബ്ദുല്‍ ഖാദിര്‍ അബ്ദുല്ല എന്ന, ഞങ്ങള്‍ സ്‌നേഹാദരവോടെ വിളിച്ചിരുന്ന 'അബ്ദുല്ലച്ച', അല്ലാഹുവിന്റെ സവിധത്തിലേക്ക് മടങ്ങിയിരിക്കുന്നു, ഇന്നാ ലില്ലാഹ്. ഞങ്ങളുടെ തറവാട് വീടിന്റെ തൊട്ടപ്പുറത്തെ വീടായതിനാല്‍ ഓര്‍മ്മ വെച്ച നാളുതൊട്ടേ എനിക്ക് ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ അടുത്തറിയാം. സ്‌നേഹനിറകുടം, പരസഹായി, കഠിനാധ്വാനി, സ്‌പോര്‍ട്‌സ്മാന്‍, സാമൂഹ്യ, രാഷ്ട്രീയ, മത സംഘടനയുടെ നേതൃനിര സാരഥ്യം, പുസ്തകപ്രേമി, അങ്ങിനെ നീളും ആ വിശേഷണങ്ങള്‍.
                   
Article, Committee, Kasaragod, Kerala, Masjid, Obituary, President, SA Abdulla, Memmories, Aziz Patla, Memmories of SA Abdulla.

സൂഫിച്ചാന്റെ അബ്ദുല്‍ ഖാദിര്‍ച്ച എന്ന പട്‌ളയിലെ പൗരപ്രമുഖന്റെ നാലു മക്കളില്‍ രണ്ടാമത്തെ മകനായി ജനനം. പൊതുവേ അധ്വാനശീലനായിരുന്ന അബ്ദുല്ലച്ച വിദ്യാഭ്യാസത്തിന് ശേഷം കാര്‍ഷിക വൃത്തിയില്‍ ഉപ്പയെ സഹായിച്ചും തന്റെ സാമൂഹ്യ പ്രതിബദ്ധതയില്‍ ശ്രദ്ധ ചെലുത്തിയും കഴിഞ്ഞിരുന്ന 1974 കാലഘട്ടത്തിലാണ് ഇന്ന് പട്‌ളയുടെ കലാ കായിക കവാടമായ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ അന്നത്തെ ചെറുപ്പക്കാരും, കലാ കായിക പ്രേമികളും ചേര്‍ന്ന് അടിത്തറ പാകുന്നത്.

1975-85 കാലഘട്ടത്തില്‍ അവിഭക്ത ജില്ലയിലെ മുഖ്യധാരാ സ്‌പോര്‍ട്‌സ് ക്ലബായിരുന്നു, ഒരുപാട് പുരസ്‌കാരങ്ങളും വാരിക്കൂട്ടി, വോളിബോളില്‍ അബ്ദുല്ലച്ചയുടെ മാസ്മരിക പ്രകടനം ഒന്നു വേറെത്തെന്നെയായിരുന്നു, എതിര്‍ ടീം അംഗങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന ലിഫ്റ്റും സ്മാഷും, ആ കായികതാരം എല്ലാം കൊണ്ടും പട്‌ളയുടെ ഒരു മുതല്‍ക്കൂട്ടായിരുന്നു. പട്‌ള വലീയ ജുമാഅത്ത് പള്ളിയുടേയും, മന്‍ബഹുല്‍ ഹിദായ മദ്രസ്സയുടേയും ജനറല്‍ സെക്രട്ടറി സ്ഥാനവും, കേരള മുസ്ലിം പട്‌ള യൂണിറ്റ് പ്രസിഡന്റ്, ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്.

ഉച്ച വരെ പാടത്തും, തോട്ടത്തിലും, നാണ്യവിളകളുള്‍പ്പെടെയുള്ള കൃഷിയിടത്തില്‍ പണിക്കാരുടെ കൂടെ അവരിലൊരാളായി കഴിയും, ഉച്ചയ്ക്ക് ശേഷം പാടത്ത് കണ്ട ആളായിരിക്കില്ല, ആ വേഷവിധാനങ്ങള്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും, നല്ല ഒരു സിനിമാസ്വാദകനും, അക്കാലത്തെ ലേറ്റസ്റ്റ് ഫാഷന്‍ വസ്ത്രധാരണത്തിലെ വഴികാട്ടിയുമായിരുന്നു, നല്ല ഒരു മുങ്ങല്‍ വിദഗ്ദനായതിനാല്‍ വെള്ളത്തില്‍കിടന്നു ജീവന്‍ മരണ പോരാട്ടത്തിനിടെ കൈകാലിട്ടടിക്കുന്ന എത്രയോ ജീവനുകളെ കൈമെയ് മറന്നു രക്ഷപ്പെടുത്തിയ സംഭവം ഒരുപാടുണ്ട് അതുകൊണ്ടു തെന്നെ യുവാക്കളള്‍ക്ക് എന്നും അബ്ദുല്ലച്ച ഒരു ഹീറോയായിരുന്നു.

1986 ലെ, ഹജ്ജ് പെരുന്നാള്‍ കഴിഞ്ഞ രാത്രി മര്‍ഹൂം എം എ മൊയ്തീന്‍ഹാജി സാഹിബിന്റെ മക്കള്‍ അബ്ദുല്ലച്ചയും, റസ്സാഖും അവരുടെ ജീപ്പില്‍ പുത്തൂര്‍ പുഴയില്‍ വല വീശി മീന്‍ പിടിക്കാന്‍ പോയ കൂട്ടത്തില്‍ അബ്ദുല്ലച്ചയും, തോട്ടത്തില്‍ മമ്മദുന്‍ച്ചയും മറ്റു ചിലരും ഉണ്ടായിരുന്നു, തിരിച്ചു വരുന്ന വഴി ഇന്നത്തെ ദേശീയ പാത 66 ല്‍ വച്ച് നടന്ന ആക്‌സിഡന്റ് പട്‌ള നാടിനെയെന്നല്ല, കാസര്‍കോട് ദേശത്തെത്തെന്നെ കണ്ണീര്‍ക്കയത്തിലാക്കി, റസ്സാഖും, പാറ മൊയ്തൂട്ടിച്ചന്റെ മുഹമ്മദ് കുഞ്ഞിയും തല്‍ക്ഷണം മരണത്തിന് കീഴടങ്ങി, അബ്ദുല്ലച്ച തലനാരിഴയ്ക്ക് മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ടു, ഓര്‍ക്കുമ്പോള്‍ വല്ലാത്ത നടുക്കം.

ഒരു വയസ്സുള്ള കുഞ്ഞായിരുന്നപ്പോള്‍, എന്നെ കൊഞ്ചിച്ചു കൊണ്ടിരുന്ന അബ്ദുല്ലച്ചയുടെ കൈകള്‍ വഴുതി അബദ്ധത്തില്‍ തറയില്‍ വീണപ്പോഴുണ്ടായ പരിഭ്രാന്തി ഇപ്രാവശ്യം ചെറിയ പെരുന്നാളിനു നാട്ടില്‍ പോയപ്പോഴും പങ്കുവച്ചിരുന്നു, പ്രായം മറന്നു ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു പരസ്പരം പൊട്ടിച്ചിരിക്കും, ഒരു വര്‍ഷത്തോളം ഡയാലിസിസില്‍ മാത്രം ജീവന്‍ നില നിരത്തിയിരുന്ന താന്‍ ഒരു രോഗിയാണെന്ന ചിന്ത ഒരിക്കലും അദ്ദേഹത്തെ അലട്ടിയിരുന്നില്ല, ഇനി കളി പറയാനും കഥ പറയാനും അബ്ദുല്ലച്ച ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ശൂന്യതയാണ് മനസ്സില്‍ അനുഭവപ്പെടുന്നത്.

അല്ലാഹുവേ.. അബ്ദുല്ലച്ചയുടെ ഖബറിടം പ്രകാശപൂരിതമാക്കണമേ, അദ്ദേഹത്തിനും ഞങ്ങളില്‍ നിന്നും മരണപ്പെട്ടവര്‍ക്കും നീ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കണമേ.. ഭാര്യ, മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും, ബന്ധു മിത്രാതികള്‍ക്കും ഈ വിയോഗം താങ്ങാനുള്ള ഈമാനിക കരുത്ത് നല്കി അനുഗ്രഹിക്കട്ടെ.

Keywords: Article, Committee, Kasaragod, Kerala, Masjid, Obituary, President, SA Abdulla, Memmories, Aziz Patla, Memmories of SA Abdulla.
< !- START disable copy paste -->

Post a Comment