കാസര്‍കോട്: (my.kasqargodvartha.com 04.04.2021) മൂവ്മെന്റ് ഫോര്‍ ബെറ്റര്‍ കേരള - കാസര്‍കോട് പ്രതിനിധികള്‍ കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യവുമായി കേരള ഗവര്‍ണറെ കണ്ടു.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ പെരിയ മെയിന്‍ ക്യാമ്പസില്‍ അനുവദിക്കുമെന്നു പറഞ്ഞിരുന്ന കേന്ദ്ര മെഡികല്‍ കോളജ് യാഥാര്‍ഥ്യമാക്കാനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടു നടപടികള്‍ കൈക്കൊള്ളണമെന്നും, അതുപോലെ കേരളത്തിന് അനുവദിക്കുന്ന നിര്‍ദിഷ്ട എയിംസിനായി സംസ്ഥാന സര്‍കാര്‍ കൊടുക്കുന്ന പ്രൊപോസലില്‍ കാസര്‍കോടിനെ കൂടി ഉള്‍കൊള്ളിക്കാനായി കേരള സര്‍കാരിനോട് ശുപാര്‍ശ ചെയ്യണമെന്നുമുള്ള പ്രധാന ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനവും അനുബന്ധ റിപോര്‍ടുകളും, വിവരാവകാശ രേഖകളും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പിച്ചു.
കേരള കേന്ദ്ര സര്‍വകലാശാലയുടെ പന്ത്രണ്ടാമത് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കുവാനായി കാസര്‍കോട് എത്തിയ ഗവര്‍ണറുമായി കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ വച്ച് എം ബി കെ കാസര്‍കോട്
പ്രസിഡന്റ് ശ്രീ സാം ജോസ്, ജോയിന്റ് സെക്രടറി അബ്ദുല്ല എടക്കാവ്, എയിംസ് ജനകീയ കൂട്ടായ്മ എക്സിക്യൂടീവ് മെമ്പര്‍ അഭിനേഷ് എന്നിവര്‍ കൂടിക്കാഴ്ച നടത്തുകയും കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.
പ്രസ്തുത വിഷയത്തില്‍ എംബികെ കാസര്‍കോട് വര്‍ഷങ്ങളായി നടത്തിയ പഠനങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങളും മറ്റു അനുബന്ധ രേഖകളും നിവേദനത്തിന്റെ കൂടെ ഗവര്‍ണര്‍ക്ക് കൈമാറി. മള്‍ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ അഭാവം കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെ പിന്നോട്ടടിക്കുന്നതും, ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ പ്ലാന്റേഷനുകളില്‍ എന്‍ഡോസള്‍ഫാന്‍ കീട നാശിനി തളിച്ചത് മുതല്‍ ആരംഭിച്ച കാസര്‍കോടിലെ ഒരു വിഭാഗം ജനതയുടെ ദുരിത ജീവിതവും ഗവര്‍ണര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളും ജനകീയ സമിതിയും നടത്തിയ പ്രത്യക്ഷ സമരങ്ങളില്‍ ഇടപെട്ട സുപ്രീം കോടതി 2017 ല്‍ കാസര്‍കോടിന് എല്ലാ വിധ നൂതനസംവിധാനങ്ങളുമടങ്ങുന്ന ആശുപത്രി നിര്‍മിച്ചു നല്‍കണമെന്ന് കേരള, കേന്ദ്ര സര്‍കാറുകളോട് നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അനുവദിക്കപ്പെട്ട മെഡികല്‍ കോളജ് ഇന്നും ചുവപ് നാടയില്‍ കുടുങ്ങി കിടക്കുന്നു.
2014 ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് പ്രഖ്യാപിച്ച നരേന്ദ്ര മോദി സര്‍കാര്‍ ഇതുവരെ 15 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു കഴിഞ്ഞു, ഇനി ബാക്കിയുള്ള 5 സംഥാനങ്ങളില്‍ ഒരെണ്ണം കേരളം ആണ്. 2015 കാലഘട്ടം മുതല്‍ കേരള സര്‍കാര്‍ സമര്‍പിക്കുന്ന എയിംസിനായുള്ള പ്രൊപോസലില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണം എന്ന മുറവിളി ജില്ലയില്‍ നിന്നും ഉയരുന്നുവെങ്കിലും കേരള സര്‍കാര്‍ ഇതുവരെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. 2015 ല്‍ കഴിഞ്ഞ സര്‍കാര്‍ കോഴിക്കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ചേര്‍ത്തുള്ള പ്രൊപോസലും, അതുപോലെ 2018 ല്‍ ഇപ്പോഴത്തെ സര്‍കാര്‍ കോഴിക്കോടിന് വേണ്ടിയുമുള്ള പ്രൊപോസലുമാണ് കേന്ദ്രത്തില്‍ സമര്‍പിച്ചിരിക്കുന്നത്.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന് വേണ്ട അനുമതി നേടി എടുക്കാനും, മുകളില്‍ പറഞ്ഞ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള സാഹചര്യത്തില്‍, ഇതുവരെ കാസര്‍കോടിന് സര്‍കാര്‍ തലത്തില്‍ ഒരു ന്യൂറോളജിസ്റ്റോ നെഫ്രോലജിസ്റ്റോ ലഭിച്ചിട്ടില്ല എന്നതും, മാറി മാറി വരുന്ന സര്‍കാരുകള്‍ കാസര്‍കോടിനെ അവഗണിച്ചുകൊണ്ട് കടന്നു പോവുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന് നിര്‍ദിഷ്ട്മായ എയിംസ് എല്ലാം കൊണ്ടും കാസര്‍കോടിന് അര്‍ഹതപെട്ടതാണെന്നും അതിന് വേണ്ട ശുപാര്‍ശ കേരളം സര്‍കാരിനോട് നടത്തണമെന്നും എം ബി കെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എയിംസ് ഫോര്‍ കാസര്‍കോട് എന്ന ആവശ്യവുമായി ജില്ലയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വലിയ ജനകീയ മുന്നേറ്റത്തെപ്പറ്റിയും, ഇപ്പോഴത്തെയും, കഴിഞ്ഞ സര്‍കാരും കാസര്‍കോടിന്റെ ന്യായമായ ആവശ്യത്തിനെ അവഗണിക്കുന്ന കാര്യവും, കാസര്‍കോട് ജില്ലാ മികച്ച ചികിത്സക്കായി വര്‍ഷങ്ങളായി മംഗലാപുരത്തെ ആശ്രയിച്ചു വരുന്നതും കൊറോണ വ്യാപനം കണക്കിലെടുത്തു കര്‍ണാടക സംസ്ഥാന അതിര്‍ത്തി അടച്ചതോടെ വിദഗ്ധ ചികിത്സ ലഭിക്കാതെ ഇരുപതിലധികം വിലപ്പെട്ട ജീവനുകള്‍ നഷ്ട്ടപ്പെട്ടകാര്യവും എയിംസ് ജനകീയ ആക്ഷന്‍ കമിറ്റി എക്സിക്യൂടീവ് അംഗമായ അഭിനേഷ് അദ്ദേഹത്തെ അറിയിക്കുകയും ജനകീയ കൂട്ടായ്മയുടെ മെമോറാണ്ടം സമര്‍പിക്കുകയും ചെയ്തു.
എംബികെ കാസര്‍കോടും, എയിംസ് ജനകീയ കൂട്ടായ്മ പ്രതിനിധിയും സമര്‍പിച്ച ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട ഗവര്‍ണര്‍, വിശദവിവരങ്ങളുടെ സോഫ്റ്റ് കോപി ഈ മെയിലില്‍ അയക്കാനും ന്യായമായ ഈ ആവശ്യങ്ങള്‍ വിശദമായി പഠിച്ചു വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നു പറയുകയും എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ എംബികെയുടെ ഇടപെടല്‍ ഇവിടെ നിര്‍ത്തരുതെന്നും ഏത് ആവശ്യത്തിനും ബന്ധപ്പെടാനും ഫോളോവപ് ചെയ്യാനുള്ള ഓഫീസ് സ്റ്റാഫിന്റെ വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
പിന്നോക്കാവസ്ഥയിലുള്ള കാസര്‍കോട് ജില്ലയുടെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ഇടപെടല്‍ , അഴിമതിക്കെതിരെ പോരാടല്‍ എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേരള സര്‍കാര്‍ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് എംബികെ കാസര്‍കോട്. ജാതി മത രാഷ്ട്രീയത്തിന് അതീതമായാണ് പ്രവര്‍ത്തനങ്ങള്‍. നാടിന്റെ ഉന്നമനത്തിനായി പൊതുതുജനങ്ങള്‍ക്ക് തങ്ങളുടെ ഭരണഘടന അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും എംബികെ കാസര്‍കോട് ഇടപെടലുകള്‍ നടത്തുന്നുണ്ട്.