(my.kasargodvartha.com 18.10.2020) ആദർശങ്ങൾ മുറുകെ പിടിക്കുന്ന ശംസുദ്ദീൻ ചെമ്പരിക്കയുടെ വേർപാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. വർഷങ്ങളോളം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി സമ്പാദിച്ച് നാട്ടിലെത്തി സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിസ്വാർത്ഥ പ്രവർത്തകനായി നിറഞ്ഞു നിന്ന് ഒപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ് മെമ്പറായും ജില്ലാ പ്രവാസി ലീഗിന്റെ അമരക്കാരനായും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായും ശംസുദ്ദീൻ ജില്ലയിലെ സാമൂഹ്യ സാസ്കാരിക വിദ്യാഭ്യാസ രംഗത്ത് സക്രിയസാന്നിധ്യമായിരുന്നു.
പ്രതിപക്ഷ ബഹുമാനം നിലനിർത്തി കൊണ്ട് തന്നെ വാർഡിലെ എല്ലാവരെയും തുല്യതയിൽ കണ്ട് അദ്ദേഹം നാടിന് വേണ്ടി ചെയ്ത നല്ല പ്രവൃത്തികൾ നാടിന് പ്രകാശം പരത്തുന്നതായിരുന്നു. നാടിന്റെയും ജനങ്ങളുടെയും മനസ്സ് തൊട്ടറിഞ്ഞ് വിശ്രമമില്ലാതെ രാപകൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം മാസങ്ങൾക്ക് മുമ്പ് രോഗത്തിന്റെ വലയിൽ വഴുതി വീണു.
മരുന്നുകൾക്കൊപ്പം ജീവിതം തള്ളിനീക്കുമ്പോഴും നാടിന്റെ പൊതുവിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഒരുപാട് ഉപദേശ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരു വ്യക്തിയുടെ കഴിവ് തന്നെയാണ് അംഗീകാരത്തിന്റെ മാനദണ്ഡമെന്ന് അദ്ദേഹത്തിന്റെ ഉപദേശത്തിൽ ഉണ്ടായിരുന്നു. ദീർഘകാലം അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിക്കാനും അദ്ദേഹത്തിന്റെ പൊതുജീവിതനുഭവങ്ങൾ കേൾക്കാനും അടുത്തറിയാനും കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹം പ്രവാസിയായി കഴിയുമ്പോൾ പാവപ്പെട്ട നിരവധി യുവാക്കളെ നാട്ടിൽ നിന്ന് ഗൾഫു നാടുകളിൽ എത്തിച്ച് ജോലി നൽകിയിരുന്നു. സത്യസന്ധതയും വിനയവും കാത്തുസൂക്ഷിച്ച മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. പ്രവാസിയുടെ പേരിൽ വാണിജ്യാടിസ്ഥാനത്തില്‍ പെയിന്റ് നിർമ്മിക്കാനും കോൺക്രീറ്റ് വാർപ്പ് ചോർച്ച തടയാനുള്ള ലായനിയുണ്ടാക്കി വിപണി കണ്ടെത്താനും അദ്ദേഹം ശ്രമം നടത്തിയിരുന്നു.
ചെമ്പരിക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ അദ്ദേഹം ഉറച്ച നിലപാടുമായി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പൊതുരംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരങ്ങളായ ശാഫി ചെമ്പരിക്കയും അഷ്റഫ് ചെമ്പരിക്കയും അകാലത്തിൽ പൊളിഞ്ഞു പോയ ചെമ്പരിക്കയിലെ പ്രകാശങ്ങളായിരുന്നു. ആദർശത്തിൽ അടിയുറച്ച് പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ആർക്കു മുന്നിലും തല കുനിക്കേണ്ടി വന്നിരുന്നില്ല.
നാടിന്റെ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും.
Keywords: Kerala, News, Shamsuddin Chembarika, KS Sali kizhur, Shamsuddin Chembarika is a person who stood by the development dreams