മേല്‍പറമ്പ്: (my.kasargodvartha.com 31.10.2020) മൂല്യ ശോഷണം സംഭവിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കല്ലട്ര അബ്ബാസ് ഹാജിയുടെ ഓര്‍മ്മകള്‍ക്ക് പ്രസക്തിയേറുകയാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായിരുന്ന കല്ലട്ര അബ്ബാസ് ഹാജി സ്മരണികയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരവങ്കര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓര്‍ഗണൈസിംഗ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം എം എ സിറാര്‍ ഹാജി സ്മരണിക ഏറ്റു വാങ്ങി. ചീഫ് എഡിറ്റര്‍ സി എല്‍ ഹമീദ്, സബ് എഡിറ്റര്‍മാരായ മുസ്ത്വഫ മച്ചിനടുക്കം, കെ പി അശ്‌റഫ്, മാനേജിങ് എഡിറ്റര്‍ ഒ എം അബ്ദുല്ല ഗുരുക്കള്‍ എന്നിവരെ കല്ലട്ര കുടുംബം ആദരിച്ചു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട അബ്ദുല്‍ ഖാദര്‍, കല്ലട്ര മാഹിന്‍ ഹാജി, ഇഖ്ബാല്‍ കല്ലട്ര തുടങ്ങിയവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ടി കൃഷ്ണന്‍, ടി എ ശാഫി, എം എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സി എല്‍ റശീദ് ഹാജി, വി രാജന്‍, അബ്ദുല്‍ ഖാദര്‍ കളനാട്, അജിത് കുമാര്‍, ടി കണ്ണന്‍, നിസാര്‍ കല്ലട്ര, ആരിഫ് കല്ലട്ര, സമീര്‍ അഹമ്മദ്, ശംസു ചേടികമ്പനി, ഹാരിസ്ബേര്‍ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ശാക്കിറ കല്ലട്രക്ക് എഡിറ്റോറിയല്‍ ബോര്‍ഡ് ഉപഹാരം നല്‍കി. അബ്ദുര്‍ റഹ് മാന്‍ ഫൈസി പ്രാര്‍ത്ഥന നടത്തി.