Kerala

Gulf

Chalanam

Obituary

Video News

You are here

സംശുദ്ധ രാഷ്ട്രീയത്തിന്റെ പര്യായം ഹസൈനാർ ഹാജി ഗോസാഡ ഓർമ്മയിൽ

വൈ ഹനീഫ് കുമ്പഡാജെ

(my.kasargodvartha.com 16.10.2020) ഉജാല മുക്കിയ വെള്ളത്തുണിയും, കൈ മുട്ട് വരെ കുപ്പായം മടക്കി വെച്ച് കക്ഷത്തിൽ ഒരു കറുത്ത ബാഗും തൂക്കി ആ മനുഷ്യൻ നടന്ന് തീർത്തതത്രയും ഒരു നാടിനും ആ നാട്ടിലെ ജനതക്കും വേണ്ടിയായിരുന്നു. ഇന്നും മലയാളത്തിൽ ഒരു ഹൈസ്‌കൂൾ പോലുമില്ലാത്ത പഞ്ചായത്താണ് കുമ്പഡാജെ പഞ്ചായത്ത്. കാസറഗോഡ് ജില്ലയിൽ എൻഡോസൾഫാൻ വിഷം വിതച്ചു ദുരന്തം പേറുന്ന മലയോര മേഖലയിൽ ഒരു ഹൈസ്‌കൂളിന് വേണ്ടി അധികാരികളുടെ മുന്നിൽ ആയിരം വട്ടം കാത്തിരുന്നിട്ടും കിട്ടാതെ പോയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ സ്വപ്നം ബാക്കിയാക്കിയാണ് ഹസൈനാർ ഹാജി കണ്ണടച്ചത്...

In memory of Hassainar Haji Gosada, a synonym for pure politics

എഴുപത്തെട്ട്‍ കൊല്ലം ജീവിച്ച അദ്ദേഹം മറ്റുള്ളവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും നില കൊണ്ടു. ഓർമ്മയിലെ ഹസൈനാർ ഹാജി തെളിയുന്നത് എ പി സർക്കിളിൽ ഒരു അനാദി കടയിലിരിക്കുന്നതാണ്. അവിടെ കടല മിട്ടായി കുഞ്ഞു കൈകളിൽ വെച്ച് കൊടുത്തും, സ്വയം കൃഷി ചെയ്‌തും തോളിൽ ഒരു വെള്ള തട്ടവും തൂക്കിയിട്ട് എരിഞ്ഞു തീർന്ന ഒരു ചെരുപ്പിൽ പാദം വെച്ച് അതി രാവിലെ പഞ്ചായത്ത് ഓഫീസിലെത്തും.

പഞ്ചായത്ത് പടി വാതിലിൽ എത്തുന്ന ഓണം കേറാ മൂലകളിലെ പാവപ്പെട്ടവരുടെ ഓരോ പരാതികളും കേട്ട് ആവശ്യമായ സഹായം ചെയ്ത് കൊടുക്കുന്ന നിസ്വാർത്ഥൻ. പഞ്ചായത്ത് ഭരണ സമിതിയുടെ അധ്യക്ഷ പദവിയിൽ ഇരിന്നിട്ടും, മുസ്ലിം ലീഗിനെയും യു ഡി എഫിനെയും പഞ്ചായത്തിൽ നയിക്കാൻ ഏൽപിക്കപ്പെട്ടിട്ടും ഒരാളുടെയും മനസ്സ് നോവിക്കാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായി പ്രിയപ്പെട്ട ഹസൈനർ ഹാജി ഗോസാഡ വിരാജിച്ചിരുന്നു.

വാർധക്യ സഹജമായ അസുഖം കാരണം നേരെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലും തന്റെ നാടിൻറെ വികസനം നിലച്ചു പോകരുതെന്ന ചിന്തയും വാശിയും ആ മനസ്സിൽ കൊണ്ട് നടന്നു. മറ്റുള്ളവരുടെ സഹായം കൊണ്ടെങ്കിലും പഞ്ചായത്ത് ഓഫീസിലേക്ക് എത്തി പാവങ്ങളുടെ ഹൃദയത്തിൽ സാന്ത്വനത്തിന്റെ കൂടൊരുക്കാൻ അദ്ദേഹം കാണിച്ചിരുന്ന സേവന മനസ്കതയിൽ നിന്ന് പുതു തലമുറക്ക് ഏറെ പഠിക്കാനുണ്ട്.

നൂറ് മീറ്റർ ദൂരെ പോകണമെങ്കിൽ വാഹനമെടുക്കുന്ന നവ മനുഷ്യരുടെ മുന്നിലൂടെയാണ് കിലോമീറ്ററുകൾ കാൽ നടയായി ആ മനുഷ്യൻ ഒരു ജനതക്ക് വേണ്ടി സഞ്ചരിച്ചു തീർത്തത്.
ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഹസനാർച്ചയായി ജീവിച്ചു ഒടുവിൽ കുമ്പഡാജെ പഞ്ചായത്തിനെ കണ്ണീരിലാക്കി യാത്രയായിരിക്കുന്നു.

കുമ്പഡാജെ പഞ്ചായത്തിന്റെ ഓരോ മൺ തരികൾക്കും ഹസൈനാർ ഹാജിയുടെ നന്മയുടെ കഥ പറയാനുണ്ടാവും. അദ്ദേഹം വർഷങ്ങൾക്ക് മുന്നേ വാങ്ങി വെച്ച സ്ഥലത്താണ് കാര്യമായ വരുമാന സ്രോതസ്സ് ഇല്ലാത്ത പഞ്ചായത്തിന് വലിയൊരു ആസ്ഥാന മന്ദിരം പിന്നീട് ഉയർന്നത്. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പൂവണിയുകയായിരുന്നു പ്രസ്തുത ആസ്ഥാന മന്ദിരത്തിലൂടെ.

ഓരോ ഇടുങ്ങിയ സ്ഥലത്തേക്കും റോഡ് ഉണ്ടാക്കാനും അദ്ദേഹം പരിശ്രമിച്ചു. അസുഖം കാരണം ഒടുവിൽ വിരമിക്കുന്ന സമയം വരെ പഞ്ചായത്ത് യു ഡി എഫ് ഭരിച്ച സമയത്തൊക്കെ ഭരണ സമിതിയിൽ അംഗമായിരുന്നു. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാന്‍‍‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികൾ വഹിച്ചു പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ സ്വന്തം ജീവിതം പോലും മറന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ദീർഘ കാലം സാമൂഹ്യ സേവനം ചെയ്ത അദ്ദേഹത്തിന്റെ വീട് കണ്ടാൽ ആരുടേയും കണ്ണ് നിറയ്ക്കും. ഗത കാല പഞ്ചായത്തിന്റെ ചരിത്ര പുസ്തകത്തിൽ ഹസൈനാർച്ച വരച്ചു വെച്ച ആയിരം ചിത്രങ്ങൾ ഇനി നന്മയുടെ കഥ പറഞ്ഞു തരും നമുക്ക്.

കാലമെത്ര കഴിഞ്ഞാലും ഇങ്ങനെയുള്ളവർ മായാതെ ഓരോരുത്തരുടെയും ഓർമ്മകളിൽ അയവിറക്കപ്പെടും. പീടിക തിണ്ണയിലും ബസ് സ്റ്റാന്‍‍ഡുകളിലും എന്തിനേറെ അടുക്കളകളിൽ പോലും ഇത്തരം വ്യക്തിത്വങ്ങളുടെ സ്നേഹം വാരിയെറിഞ്ഞ ജീവിതത്തെ കുറിച്ച് ചർച്ച ചെയ്യും. മലയോര മേഖലയിൽ പ്രത്യേകിച്ച് കർഷകരും അധസ്ഥിത പിന്നാക്ക വിഭാഗവും ആഗ്രഹിച്ചിരുന്ന ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാൻ അതിരാവിലെ തന്റെ കയ്യിലെ ബാഗുമായി എം എൽ എ ഓഫീസിലും കലക്ടറേറ്റിലേക്കും എത്തും.

വിനയവും താഴ്മയും സമ്മിശ്രമായി സമ്മേളിച്ച ഹസൈനാർച്ചയെ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കൾക്ക് മാത്രമല്ല രാഷ്ട്രീയ വ്യത്യാസമില്ലാതെ പലരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. തിരക്ക് പിടിച്ച തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിലും അന്നടുക്ക ജുമാ മസ്ജിദിന്റെ ജനറൽ സെക്രട്ടറിയായി ദീർഘ കാലം സേവനം അനുഷ്ഠിച്ചിരുന്നു.

സർവ മേഖലകളിലും സൂക്ഷ്മത പാലിക്കാൻ ശ്രദ്ധിച്ചിരുന്ന അദ്ദേഹം മുസ്ലിം ലീഗ് പാർട്ടിയെ കുമ്പഡാജെ പഞ്ചായത്തിൽ കെട്ടിപ്പടുക്കാൻ കഷ്ടപ്പെട്ട പഴയ നേതാക്കളുടെ കൂട്ടുകാരനാണ്. നന്മ നിറഞ്ഞ ജീവിതം പോലെ ധന്യമാവട്ടെ അവിടത്തെ പര ലോക ജീവിതവും...

Keywords: Kerala, News, politics, synonym, Gosada, Hassainar Haji, In memory,  In memory of Hassainar Haji Gosada, a synonym for pure politics






Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive