Join Whatsapp Group. Join now!

ഈ നന്മമരച്ചില്ലകള്‍ എങ്ങും തണല്‍ വിരിക്കട്ടെ; നാടിന്റെ നാഡീമിടുപ്പാകുന്ന സംഘടിത ശ്രമങ്ങളെ മറക്കാതിരിക്കുക

ഇന്നലെയോ മിനിഞ്ഞാന്നോ ഒരു അനുജസുഹൃത്ത് സംസാരമധ്യേ ചോദിച്ചു, നാട്ടിലെ സംഘടിത Kerala, Article, article about social activities by several goups
അസ്ലം മാവിലെ

(my.kasargodvartha.com 17.10.2019)
ഇന്നലെയോ മിനിഞ്ഞാന്നോ ഒരു അനുജസുഹൃത്ത് സംസാരമധ്യേ ചോദിച്ചു, നാട്ടിലെ സംഘടിത സേവനങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? അതൊന്നും എഴുത്തില്‍ കണ്ടില്ല. എന്നാല്‍ എഴുതാന്‍ അല്‍പം വൈകിച്ചതാണ്, അത് മന:പൂര്‍വ്വവുമാണ്.

വഴിതടസ്സങ്ങള്‍ നീക്കം ചെയ്യുക വിശ്വാസത്തിന്റെ ഭാഗമെന്ന് കരുതുന്ന സേവനങ്ങള്‍ നാട്ടില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ വളരെ സന്തോഷമുണ്ട്. വഴിതടസ്സം നീക്കുക എന്നാല്‍ നല്ല വഴിയൊരുക്കുക എന്നാണല്ലോ ഒരര്‍ത്ഥം.

സംഘടിത ശ്രമങ്ങളുടെ ഗുണം അത് നിരന്തരം അനുകരണ വിധേയമാക്കപ്പെടുന്നു എന്നതാണ്. മുമ്പ് നാടെങ്ങുമുണ്ടായിരുന്നത് തോടുകളും കൈവഴികളുമായിരുന്നു.ഇന്നത് വീതികൂടി നാലുചക്ര വാഹനങ്ങള്‍ക്ക് പോകാന്‍ പാകത്തിന് വിശാലമാണ്. പുതുതലമുറ, ഒരു വട്ടം പോലും മുഖം കാണാന്‍ സാധ്യതയില്ലാത്ത ഒരുപാട് വ്യക്തിത്വങ്ങളുടെ ശ്രമഫലമാണിതൊക്കെ. അന്നത്തെ സാഹചര്യത്തില്‍ പോലും വികസന സ്വപ്നങ്ങള്‍ മനസ്സു പേറി നടന്നവരായിരുന്നവര്‍. അവരുടെ നേതൃഗുണഫലമെന്ന് പറയാം. (നിനച്ചിരിക്കാതെ ആ വ്യക്തിത്വങ്ങള്‍ നമ്മുടെ മനോമുകുരങ്ങളില്‍ ഈ കുറിമാനം വഴിയുമല്ലാതെയും ഇടക്കിടക്ക് ഓര്‍മ്മത്താളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നത് അവര്‍ ചെയ്ത നന്മകള്‍ക്ക് അമരത്വം കൈവരിച്ചത് കൊണ്ടാണ്. )

വികസനകാലത്തിന് മുമ്പേ മുണ്ട് മടക്കി നടന്ന അവരുടെ നിരന്തര കൂടിയിരുത്തങ്ങളും ബോധ്യപ്പെടുത്തലുകളും അംഗീകരിച്ചു മതിയായ സ്ഥലം വിട്ടുനല്‍കിയവരുടെ മഹാമനസ്‌കതയ്ക്കും തുല്യ പ്രധാന്യമുണ്ട്. പ്രതീക്ഷകള്‍ അറ്റുപോകുമ്പോഴും പിന്നെയും ക്ഷമയവലംബിച്ച് നിരന്തരം കൂടിക്കാഴ്ചകള്‍ നടത്താന്‍ കാണിച്ച എത്രയെത്ര സന്മനസ്സുകള്‍. അവരില്‍ ഒരുപാട് പേര്‍ ഞാന്‍, നിങ്ങള്‍ ദിവസവും കയറിവരികയുമിറങ്ങുകയും ചെയ്യുന്ന പള്ളിവളപ്പുകളിലെ നേര്‍ത്ത പാതക്കിരുവശവും അന്ത്യവിശ്രമത്തിലാണ്. ആ ബഹുമാന്യരുടെ പേരുകള്‍ എഴുതിയാല്‍ ഒരുപക്ഷെ, ചിലരുടെയെങ്കിലും പേരുകള്‍ വിട്ടുപോകുമെന്ന ഭയമുള്ളത് കൊണ്ടും അങ്ങിനെ വന്നാല്‍, അതവരുടെ കുടുംബാംഗങ്ങള്‍ക്ക് മനഃപ്രയാസത്തിനിടയാകുമെന്ന് കരുതിയും ഇപ്പഴിവിടെ പരാമര്‍ശിക്കുന്നില്ലെന്ന് മാത്രം.

ക്ലബ്ബുകള്‍, പ്രദേശിക കൂട്ടായ്മകള്‍, രാഷ്ട്രീയയുവനേതൃത്വങ്ങള്‍ ഇവരൊക്കെ വഴിയോരത്തടസ്സങ്ങള്‍ നീക്കുന്നതിലുംറോഡുവൃത്തിയാക്കലിലും അറ്റകുറ്റപണി തീര്‍ക്കുന്നതിലും പ്രശംസപിടിച്ചു പറ്റിയിരിക്കുന്നു. സംഘം ക്ലബ്, ലക്കി സ്റ്റാര്‍, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ നന്മമരചില്ലകള്‍ ഇപ്രാവശ്യം കാണിച്ച സേവന താത്പര്യം ഏറെ അനുകരണീയമാണ്. തൊട്ടുമുമ്പുള്ള വര്‍ഷം മുതല്‍സിപിഎം അടക്കമുള്ള നേതൃത്വങ്ങളും പ്രദേശിക കുഞ്ഞു കൂട്ടായ്മകളും ഇതേ വിഷയത്തില്‍ സജീവമായിട്ടുണ്ട്.

ഇത്തരം ചലനാത്മക സേവനദൃശ്യങ്ങള്‍ യഥാസമയം ഒപ്പിയെടുത്ത് ഈ കൂട്ടായ്മകളില്‍ ഇനിയും സജീവമാക്കണം. ആവര്‍ത്തനമുണ്ടായാലും അതൊന്നും വിരസമായക്കാഴ്ചകളല്ല. (ബോറടിക്കുന്നവന്‍ തല്‍ക്കാലം നോക്കാതിരുന്നാല്‍ മതിയല്ലോ). 'മുന്നോട്ട് ചിന്തിക്കുക' ഫോട്ടോ, വീഡിയോ, ഓഡിയോകളേക്കാളും എത്രയോ ഭേദമാണിത്തരം സല്‍പ്രവര്‍ത്തന ചിത്രങ്ങള്‍.

നന്മനാമ്പിടുന്നതും അതൊരു നാടിന്റെ നാഡിമിടുപ്പാകുന്നതും ഇങ്ങനെയാണ്. അതേ പോലെ, ഇങ്ങനെയൊക്കെ ഇക്കഴിഞ്ഞ കൊല്ലം വരെ ചെയ്തിരുന്നു. ഇനി നിങ്ങളാണത് ചെയ്യേണ്ടതെന്ന് എല്ലാ കാലകാലങ്ങളിലും യഥാസമയം ഓര്‍മ്മിപ്പിക്കാന്‍ അഭ്യുദയകാംക്ഷികളും ഉത്സാഹം കാണിക്കുകയും വേണം. കൂട്ടത്തില്‍ പറയട്ടെ, നമ്മുടെ നാട് അത്തരം നില്‍ക്കാത്ത, നിലയ്ക്കാത്ത സേവനപ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ വളക്കൂറുള്ള മണ്ണുകൂടിയാണ്. നിരാലാബരെ സഹായിക്കല്‍, ആതുരശുശ്രൂഷാ സേവനങ്ങള്‍, സംഘടിത ബലികര്‍മങ്ങള്‍, സംഘടിത ഫിതര്‍ സകാത്ത്, ലൈബ്രറി മുന്നേറ്റങ്ങള്‍, പുതുമകള്‍ ഉള്‍ക്കൊള്ളിച്ചുള്ള മദ്രസ്സാവാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയവ ചിലതു മാത്രം.

ഇപ്പറഞ്ഞതില്‍ നിന്നൊക്കെ പുതുതലമുറകള്‍ക്ക് പഠിക്കാന്‍, പകര്‍ത്താന്‍ ഒരുപാടുണ്ട്. മക്കളെ മുഴുവന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജിവമാകുന്നതിന് വേണ്ടി വീട്ടിന്ന് പുറത്തിറക്കാന്‍ രക്ഷിതാക്കള്‍ ഒന്നു കൂടി മനസ്സു വെക്കണം. 'മോന്‍ വേണ്ട, ഞാന്‍ വരാം' എന്ന് പറയുന്നതിന് പകരം 'മോനോടൊപ്പം ഞാനും ഉണ്ട് ' എന്ന സമീപനത്തിലേക്ക് മുതിര്‍ന്ന തലമുറ അവസരത്തിനൊത്തു ഉയരണം. ഇതല്ല ഏതും ചിലരുടെ മാത്രം ഉത്തരവാദിത്വമായി മാറരുതല്ലോ. സേവനരംഗത്തേക്ക് ഇറങ്ങിയ നടേപറഞ്ഞ കൂട്ടായ്മകള്‍ പറയാതെ പറയുന്നതും ഇതൊക്കെ തന്നെയാണ്.

തലക്കെട്ടിലെഴുതിയത് ലേഖനവസാനവുമാവര്‍ത്തിക്കുന്നു. നന്മച്ചില്ലകള്‍ എങ്ങും തണല്‍ വിരിക്കട്ടെ. അവര്‍ കൊണ്ട വെയിലിന് ദൈവസാമിപ്യവുമനുഗ്രഹവും പാരിലുണ്ടാകട്ടെ. ആ തണലുകള്‍ എന്നുമെന്നും നിലനില്‍ക്കട്ടെ. ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ധൃതി കൂട്ടിയ അനുജസുഹൃത്തിന് നന്ദി. താങ്കളെന്നോട് പറയാന്‍ കാണിച്ച ആ ധൃതിയുണ്ടല്ലോ, അതേറെ പ്രസക്തം തന്നെയാണ്.Keywords: Kerala, Article, article about social activities by several groups

Post a Comment