Join Whatsapp Group. Join now!

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധം

ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോലീസ് അതിക്രമം സംബന്ധിച്ച് പ്രതിഷേധംKerala, News, Kasargod, Chemnad, Police, Attack, Students, Chemnad Jama-ath Higher Secondary School, Protest, Janata Dal, Protest against police attack in Chemnad Jama-ath Higher Secondary School

ചെമ്മനാട്: (my.kasargodvartha.com 19.09.2018) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോലീസ് അതിക്രമം സംബന്ധിച്ച് പ്രതിഷേധം കനക്കുന്നു. നിരവധി പേരാണ് മാനേജ്‌മെന്റിനെതിരെയും പോലീസിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ചൊവ്വാഴ്ച്ച സ്‌കൂള്‍ കായികമേളയ്ക്ക് ശേഷം നടന്ന വിജയാഘോഷത്തിനിടെയായിരുന്നു സംഭവം.

പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് ഒരു വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇത് ചോദ്യം ചെയ്ത മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശുകയുമായിരുന്നു. അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കാന്‍ പോലീസിന് വിട്ടുകൊടുത്തുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. പോലീസ് അതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് ഗേറ്റ് അടച്ച് വിദ്യാര്‍ത്ഥികളെ തടഞ്ഞതായും ആരോപണമുണ്ട്. അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പോലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധവുമായി റിട്ടയര്‍ഡ് എസ് പി ഹബീബ് റഹ് മാന്‍ നേരത്തെ രംഗത്തുവന്നിരുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണം: ജനതാദള്‍ (എല്‍ജെഡി)

ഉദുമ: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധവുമായി ജനതാദള്‍(എല്‍ജെഡി) രംഗത്ത്. പോലീസിനെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് പടക്കം പൊട്ടിച്ചുവെന്ന് ആരോപിച്ച് പോലീസിനെ വിളിച്ചുവരുത്തി നിരപരാധികളായ വിദ്യാര്‍ത്ഥികളെയടക്കം തല്ലിച്ചത് തികച്ചും അപലപനീയമാണ്. പ്രായപൂര്‍ത്തിയാവാത്ത പതിനഞ്ചും പതിനാറും വയസ്സുള്ള എട്ട്, ഒമ്പത്, 10, +1, +2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റി കോളജ് ക്യാമ്പസ് പോലെ പോലീസിനെ വിളിപ്പിച്ച് മര്‍ദിച്ചത് ന്യായീകരിക്കാനാവില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റും പി ടി എയും പിരിച്ച് വിട്ട് വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ബി എം സുഹൈല്‍, ബാബു അണങ്കൂര്‍, ബാലകൃഷ്ണ ഷെട്ടി, അഹമ്മദലി കുമ്പള, കെ കെ കൃഷ്ണന്‍, സുഹൈബ് നീര്‍ച്ചാല്‍, മധുഗരന്‍, എന്നിവര്‍ പ്രസംഗിച്ചു.


നിസാര സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തല്ലിചതച്ച സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷധവുമായി മുമ്പോട്ട് പോവും; മുന്നറിയിപ്പുമായി എം എസ് എഫ്

ചെമ്മനാട്: നിസാര സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തല്ലിചതച്ച സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷധവുമായി മുമ്പോട്ട് പോവുമെന്ന് എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

ചൊവ്വാഴ്ച ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികമേളയ്ക്കിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ തീര്‍ത്തും അപലപനീയമാണ്. പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ക്യാമ്പസിനകത്തു കയറി പോലീസ് പിടികൂടുകയായിരുന്നു. അധ്യാപകര്‍ പിടിച്ചു നല്‍കിയെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. തുടര്‍ന്നുണ്ടായ നിസാര പ്രശ്‌നം സ്‌കൂളില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുന്നതായിരുന്നു. പടക്കം പൊട്ടിച്ചിട്ടുണ്ടെങ്കില്‍ തന്നെ വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ തലത്തില്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാനുള്ള മറ്റുവിദ്യാര്‍ത്ഥികളുടെ ആവശ്യം അധ്യാപകര്‍ തള്ളിക്കളഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് ഉപരോധിക്കുകയായിരുന്നു. ഇതോടെ പോലീസെത്തി ലാത്തിവീശി. എട്ടിലും ഒമ്പതിലും പഠിക്കുന്ന ചെറിയ കുട്ടികളെ പോലും പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. എംഎസ്എഫ് ആരോപിച്ചു.

വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി സ്‌കൂളിന്റെ മെയിന്‍ ഗേറ്റിലേക്ക് ഓടിയപ്പോള്‍ അധ്യാപകര്‍ ഗേറ്റ് അടയ്ക്കുകയായിരുന്നു ചെയ്തത്. ഇതിനിടയില്‍ ഒരു അധ്യാപകന്‍ പോലീസിനോട് അടിച്ചോ, അടിച്ചോ എന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. ചെമ്മനാട് സ്‌കൂളിലെ സംഭവവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിനകത്തുണ്ടാകുന്ന നിസാര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അധ്യാപകരാണ്. അതിനു പകരം പോലീസിനെ വിളിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നത് അധ്യാപകരുടെ കഴിവുകേടിനെയാണ് കാണിക്കുന്നത്.

സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ഷംസീര്‍ ചെളിയങ്കോട്, സെക്രട്ടറി അര്‍ഷാദ് എയ്യള എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.


പോലിസ് അതിക്രമം; പരിക്കേറ്റ വിദ്യാര്‍ഥിയെ ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായിക മേളയുടെ വിജയാഘോഷത്തിനിടെ പോലിസിന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. സംഭവത്തെ അപലപിക്കുകയും പോലിസിനെതിരെയും ചികിത്സ നിഷേധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

മാനേജ്‌മെന്റിന് പരിഹരിക്കാന്‍ സാധിക്കുന്ന ചെറിയ വിഷയമായിട്ടുപോലും അനാവശ്യമായി പോലീസിനെ വിളിച്ചു വരുത്തിയത് മാനേജ്‌മെന്‍രിന്റെ കഴിവുകേടാണെന്നും കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ വന്ന പോലിസ് സംഘം വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചത് ന്യായീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ലാത്തികൊണ്ടുള്ള അടിയേറ്റ് തലയിലും ചെവിയിലുമേറ്റ പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്് ഡോക്ടര്‍ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നും പോലിസുമായുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും ക്യാമ്പസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് എം ടി പി അഫ്‌സല്‍, ട്രഷറര്‍ അഷ്‌റഫ് അണങ്കൂര്‍ എന്നിവര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Chemnad, Police, Attack, Students, Chemnad Jama-ath Higher Secondary School, Protest, Janata Dal, Protest against police attack in Chemnad Jama-ath Higher Secondary School

Post a Comment