Join Whatsapp Group. Join now!

അധ്വാനത്തെ ജീവിത വ്രതമാക്കിയ ബണ്ടി അദ്ലച്ച

മൊഗ്രാല്‍ കൊപ്പളം അബ്ദുല്ലയെ ബണ്ടി അദ്ലച്ച എന്നാണ് നാട്ടുകാര്‍ വിളിക്കാറ്. ഇത് ഓമനപ്പേരോ, കൂട്ടുപേരോ, തമാശക്കോ വിളിക്കുന്നതല്ല. വാഹനങ്ങളൊന്നുമില്ലാത്ത കാളവണ്ടി യുഗത്തില്‍ Kerala, Article, Kasaragod, Mogral, Koppalam Abdulla, Mogral Koppalam Abdulla no more
അനുസ്മരണം/ എം.എ മൂസ മൊഗ്രാല്‍

(my.kasargodvartha.com 13.12.2017) മൊഗ്രാല്‍ കൊപ്പളം അബ്ദുല്ലയെ ബണ്ടി അദ്ലച്ച എന്നാണ് നാട്ടുകാര്‍ വിളിക്കാറ്. ഇത് ഓമനപ്പേരോ, കൂട്ടുപേരോ, തമാശക്കോ വിളിക്കുന്നതല്ല. വാഹനങ്ങളൊന്നുമില്ലാത്ത കാളവണ്ടി യുഗത്തില്‍ അധ്വാനം ജീവിത വ്രതമാക്കിയതിന് കിട്ടിയ പേരാണിത്. 80-ാം വയസില്‍ അദ്ദേഹം വിടപറയുമ്പോള്‍ ആ പഴയ ഓര്‍മ്മകള്‍ ഇവിടെ മരിക്കുന്നുമില്ല. അദ്‌ലച്ചയുടെ ഒരുപാട് ഓര്‍മകളാണ് ഇന്നും മനസ്സില്‍ ഓടിയെത്തുന്നത്. ചെറുപ്പത്തിലേ ഓര്‍മ്മകള്‍ക്ക് നിറപ്പകിട്ട് ഏറെയാണല്ലോ...

ചെറുപ്രായത്തില്‍ തന്നെ അധ്വാനശീലനായിരുന്നു അബ്ദുല്ല. യാത്രക്കും, ചരക്കിനുമൊക്കെ വാഹനങ്ങളൊന്നുമില്ലാത്ത ഒരു കാലഘട്ടം നമ്മളോടൊപ്പം ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ജീവിച്ചു വളര്‍ന്ന അബ്ദുല്ല പരേതനായ മൊഗ്രാല്‍ കടവത്തെ ആമിഞ്ഞിയുടെ കൂടെയായിരുന്നു കാളവണ്ടി ഓടിച്ചിരുന്നത്. വണ്ടി എന്നത് നമ്മുടെ ഭാഷയിലായപ്പോള്‍ അത് ബണ്ടി അദ്ലച്ചയായി മാറിയെന്നു മാത്രം.

അധ്വാനശീലനായ അബ്ദുല്ലക്ക് ഏത് ജോലി പറഞ്ഞാലും ചേരും. അത് കൂലിവേല ആണെങ്കിലും, മല്‍സ്യത്തൊഴിലാണെങ്കിലും തരക്കേടില്ല. ജോലി നിര്‍ബന്ധം. വെറുതെ വീട്ടിലിരുന്നു സമയം കളയാന്‍ അബ്ദുല്ല ഒരുക്കമായിരുന്നില്ല. മരിക്കുന്നതിന്റെ തലേന്ന് നബിദിനാഘോഷ പരിപാടിക്കിടെ അദ്ലച്ചയെ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദിന് സമീപത്തെ മദ്രസ പരിസരത്ത് വെച്ച് കണ്ടിരുന്നു. പതിവ് പ്രസന്നതയും, പുഞ്ചിരിയുമായി തിരക്കിനിടയില്‍ കൂടുതല്‍ സംസാരിച്ചില്ലെങ്കിലും സലാം പറഞ്ഞു പിരിഞ്ഞു. പിറ്റേ ദിവസം മരണത്തിന്റെ കൈപിടിച്ച് അദ്ലച്ച  പോകുമെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അരികില്‍ ഇരുന്നു കൊതി തീരുവോളം മിണ്ടുമായിരുന്നുവെന്ന് ആഗ്രഹിച്ചു പോയി. വിധി അങ്ങനെയാണല്ലോ.... ഒന്നിനും കാത്തു നില്‍ക്കില്ല...

പ്രായത്തിന്റെ അവശത എന്നൊക്കെ പറയാറുണ്ടെങ്കിലും മരണത്തിന്റെ തലേന്ന് കണ്ടപ്പോള്‍ പോലും ആ അവശതയുടെ ഒരു നുള്ള് പോലും അബ്ദുള്ളയില്‍ കണ്ടിരുന്നില്ല. 80 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം വീട്ടില്‍ വിശ്രമിച്ചത് ഈ ഒരു വര്‍ഷം മാത്രമായിരുന്നു. പെട്ടെന്ന് ആ പ്രകാശവും കെട്ടു പോയി എന്നറിയുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.

എന്നുമെന്നും ചിരിച്ചു കൊണ്ട് തന്റെ യാതനകളും, വേദനകളും, കഷ്ടതകളും ഉള്ളിലൊതുക്കി ജീവിതയാത്രയിലുടനീളം ആരെയും ബുദ്ധിമുട്ടിക്കാതെ മരണത്തിലും നിഷ്‌കളങ്കതയുടെ ചിരി ബാക്കിയാക്കി അദ്ലച്ച കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ആര്‍ക്കും ഭാരമാകാതെ എല്ലാവരോടും പുഞ്ചിരിച്ചു ജീവിതം നയിച്ച അബ്ദുല്ലയുടെ മഗ്ഫിറത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Kasaragod, Mogral, Koppalam Abdulla, Mogral Koppalam Abdulla no more

Post a Comment