Join Whatsapp Group. Join now!

ചന്ദ്രഗിരിപ്പുഴയുടെ ചാരത്ത് കലാവസന്തം വിരുന്നെത്തുന്നു; ചെമ്മനാടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പുത്തനേടുകള്‍ വിളക്കിച്ചേര്‍ക്കാന്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം

സപ്തഭാഷാ സംഗമഭൂമികയായ കാസര്‍കോടിന്റെ അന്തരംഗത്തെ ഹര്‍ഷപുളകിതമണിയിച്ചുKerala, News, Revenue District Kalolsavam, Artists, Chemnad, History, Culture, Contestants
ചെമ്മനാട്: (my.kasargodvartha.com 23.11.2017) സപ്തഭാഷാ സംഗമഭൂമികയായ കാസര്‍കോടിന്റെ അന്തരംഗത്തെ ഹര്‍ഷപുളകിതമണിയിച്ചു കൊണ്ടൊഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ ചാരത്ത് കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. അജ്ഞാനത്തിന്റെ അന്ധകാരം ഇരുള്‍മൂടിയ കാലത്തും ചെമ്മനാട് സാംസ്‌കാരികമായി ഏറെ മുന്നിട്ടു നിന്നിരുന്നു. കേരളത്തിലെ ആദ്യത്തെ അറബിക് കോളേജും ആദ്യത്തെ കോണ്‍ക്രീറ്റ് പള്ളിയും ആദ്യ ഐഎഫ്എസുകാരിയും ഒട്ടനേകം അഭ്യസ്തവിദ്യരും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവുകളും തറവാടുകളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളുമെല്ലാം ചെമ്മനാടിനെ കാസര്‍കോടിന്റെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റി.

ചന്ദ്രഗിരിപ്പുഴയുടെ ഓളങ്ങള്‍ക്ക് ഇശലിന്റെ ഈണമുണ്ട്. മാപ്പിളപ്പാട്ടിന്റെയും മാലപ്പാട്ടിന്റെയും സബീനപ്പാട്ടിന്റെയും പശ്ചാത്തലസംഗീതമുണ്ടായിരുന്നു ചെമ്മനാടിന്റെ സായംസന്ധ്യകള്‍ക്ക്. കണ്ണെത്താദൂരത്തോളം പരന്നുകിടന്നിരുന്ന നെല്‍വയലുകളായിരുന്നു പോയകാലത്തെ ചെമ്മനാടിന്റെ ചിത്രം. നാട്ടിപ്പാട്ടും കൊയ്ത്തുപ്പാട്ടും ഈ ദേശത്തുകാരുടെ നാവിന്‍ തുമ്പില്‍ നിന്നുതിര്‍ന്നപ്പോള്‍ നാടന്‍കലാരൂപങ്ങളിലൂടെ തലമുറകള്‍ അതേറ്റുപാടി.

വൈവിധ്യങ്ങളെ മാറോടണച്ച ദേശമാണ് ചെമ്മനാട്. മൈസൂര്‍ രാജാക്കന്മാര്‍ മലബാര്‍ വാണകാലത്ത് ടിപ്പുവിന്റെ കോട്ടകളിലേക്ക് ചെമ്മനാട്ടെ പാടങ്ങളില്‍നിന്നും നെല്ലെത്തിച്ചിരുന്ന മാഹിന്‍ക്കയ്ക്ക് ടിപ്പുവിന്റെ പതനത്തോടെ ജോലിയും താമസവുമെല്ലാം നഷ്ടപ്പെട്ടപ്പോള്‍ വീടും നിസ്‌കരിക്കാനുള്ള പള്ളിയും പണിത് തുണയേകിയത്് മുണ്ടമംഗലം, മാവില തുടങ്ങിയ ഹിന്ദു തറവാടുകളായിരുന്നു. വൈവിധ്യങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ചെമ്മനാട്ടേക്ക് ജില്ലാ കലോല്‍സവം 14 വര്‍ഷങ്ങള്‍ക്കുഷേശം വീണ്ടും വിരുന്നെത്തുമ്പോള്‍ പ്രതീക്ഷയും ആകാംക്ഷയുമെല്ലാം കാസര്‍കോടിന്റെ ഹൃദയത്തില്‍ തുടിക്കുന്നുണ്ട്. ജില്ലയുടെ കാതും കണ്ണുമെല്ലാം അഞ്ചുദിവസം ചെമ്മനാട് കേന്ദ്രീകരിക്കും. കൗമാരകലാവസന്തത്തിന്റെ പ്രൗഢിയും പകിട്ടും പകര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്കും കലാസ്വാദകര്‍ക്കും മേള അവിസ്മരണീയമാക്കി മാറ്റാനുള്ള അവസരമൊരുക്കുകയാണ് സംഘാടകര്‍.

കൗമാരകലാകാരന്മാര്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ തീര്‍ത്ത് മത്സരങ്ങളില്‍ നിറഞ്ഞാടുമ്പോള്‍ ഈ കലാമേള നാടിന്റെ സാംസ്‌കാരിക ചരിത്രത്തിലേക്ക് പുത്തനേടുകള്‍ വിളക്കിച്ചേര്‍ക്കുമെന്ന് പ്രത്യാശിക്കാം. അഞ്ചുദിവസങ്ങളിലായി അരങ്ങേറുന്ന കലാമേള നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരുമെല്ലാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Revenue District Kalolsavam, Artists, Chemnad, History, Culture, Contestants, Kasaragod District School Kalolsavam; one more days to go

Post a Comment