Kerala

Gulf

Chalanam

Obituary

Video News

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07/11/2017

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കും

കാസര്‍കോട്: (my.kasargodvartha.com 07.11.2017) ജില്ലയില്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ പി കരുണാകരന്‍ എം പി യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനുളള ഡിസ്ട്രിക്ട് ഡവലപ്പമെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിഷ) യോഗത്തിലാണ് തീരുമാനം. തീരദേശങ്ങളില്‍ തീരദേശപരിപാലന നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ഭവനനിര്‍മ്മാണ പദ്ധതി തടസ്സപ്പെടുന്നതായി യോഗം വിലയിരുത്തി. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ തീരുമാനിച്ചു. ഇന്ദിര ആവാസ് യോജനയിലും പ്രധാനമന്ത്രി ആവാസ് യോജനയിലുമായി 1313 വീടുകളാണ് പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്നത്. ലൈഫ് മിഷനിലുള്‍പ്പെട്ട ഈ വീടുകളുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഉത്തരവില്‍ ഗുണഭോക്താവിന്റെ ഭൂപരിധി രണ്ടരയേക്കര്‍ എന്നത് വര്‍ധിപ്പിക്കുന്നതിലും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുളള ജില്ലയില്‍ രണ്ടരയേക്കറില്‍ കൂടുതല്‍ ഭൂമിയുളള നിരവധി ദുരിതബാധിതരുണ്ട്. ഇവര്‍ സാമൂഹ്യസുരക്ഷപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാകാതിരിക്കാന്‍ നടപടി ആവശ്യമാണെന്ന് യോഗം വിലയിരുത്തി.പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ നിന്ന് മുടങ്ങിക്കിടക്കുന്ന ബങ്കളം-പച്ചക്കുണ്ട്, ഓരിമുക്ക-ഏഴിമല, പെരിയ പ്ലാന്റേഷന്‍ -തണ്ണോട്ട് എന്നിവയുടെ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതിയോജന പദ്ധതിയില്‍ 99.1 ശതമാനം പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 20 കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് അവലോകനം ചെയ്തത്. നാഷണല്‍ ഹെല്‍ത്ത്മിഷന്‍, സര്‍വ്വശിക്ഷ അഭിയാന്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി, നീര്‍ത്തടവികസന പദ്ധതി, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി, കുടിവെളള പദ്ധതികള്‍, ശുചിത്വ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടികളക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമനരാമചന്ദ്രന്‍, എം ഗൗരി, വിവിധ ഗ്രാമപഞ്ചായത്ത പ്രസിഡന്റുമാര്‍-സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ഉത്തരവ് സംബന്ധിച്ച പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വിനോദ്കുമാര്‍ സംസാരിച്ചു.

കൃത്രിമഭാഷ കുട്ടികളെ അടിച്ചേല്‍പ്പിക്കുമ്പോള്‍ സംസ്‌കാരിക അധ:പതനമുണ്ടാകുന്നു: ഡോ.ആര്‍.ചന്ദ്രബോസ്

ഭാഷയിലൂടെ മാത്രമേ ഒരു ജനതയ്ക്ക് സ്വത്വബോധവും സംസ്‌കാരവും ഉണ്ടാകുകയുള്ളുവെന്ന് കേരള-കേന്ദ്രസര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആര്‍.ചന്ദ്രബോസ് പറഞ്ഞു. സ്വത്വബോധവും സാംസ്‌കാരിക ബോധവുമുള്ള ജനതയാണ് നാടിന് ആവശ്യം. അല്ലാത്തവരെ മറ്റുള്ളവര്‍ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കളക്ടറേറ്റില്‍ ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ഭാഷയും ഭരണഭാഷയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.ആര്‍.ചന്ദ്രബോസ്. എക്കാലവും ഒരു ജനതയെ അടിമത്വത്തിലാക്കുവാന്‍ അവരുടെ മാതൃഭാഷയെ നശിപ്പിച്ചാല്‍ മതിയാകും. സാമ്രാജത്വ അധിനിവേശ ശക്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നതും ഇതായിരുന്നു. ഭാഷയില്ലായിരുന്നുവെങ്കില്‍ ഒരു തരത്തിലുള്ള ഭൗതിക പുരോഗതിയും കൈവരിക്കാന്‍ ലോകസമൂഹത്തിന് കഴില്ലായിരുന്നു. ഭാഷ എന്നത് സംസ്‌കാരത്തിന്റെ അടയാളമാണ്. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കാതെ കൃത്രിമഭാഷ കുട്ടികളെ അടിച്ചേല്‍പ്പിക്കുമ്പോള്‍ സംസ്‌കാരിക അധ:പതനമാണ് സംഭവിക്കുന്നത്. അതിലൂടെ ബന്ധങ്ങളുടെ മൂല്യം ഇല്ലാതാകും. അത്തരമൊരു അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. പുതുതലമുറയ്ക്ക് നേര്‍ക്കുനേര്‍ക്കുള്ള ആശയവിനിമയം ഇല്ലാതായിരിക്കുന്നു. നേരിട്ടറിയുന്നതും അല്ലാത്തതും തമ്മില്‍ വ്യത്യാസമുണ്ട്. വൈകാരികമായ മരവിപ്പിന് പരിഹാരം ഉണ്ടാകണമെങ്കില്‍ മാതൃഭാഷയുടെ ജൈവശക്തിയെ അറിയണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനികമായ ഭരണഭാഷാ ശൈലി നിഘണ്ടു ആവശ്യമാണെന്നും ഡോ.ചന്ദ്രബോസ് പറഞ്ഞു.

ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അധ്യക്ഷനായിരുന്നു. റിട്ട.എഇഒ കെ.വി രാഘവന്‍, എഴുത്തകാരന്‍ നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് പരീത് നന്ദിയും പറഞ്ഞു.

സാമൂഹ്യശാസ്ത്രക്വിസ് മത്സര വിജയികള്‍
2017-18 വര്‍ഷത്തെ ജില്ലാ തല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. എല്‍ പി, യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ എല്‍ പി വിഭാഗത്തിന്റെ മത്സരം അവസാനിച്ചു. യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം.

എല്‍ പി വിഭാഗത്തില്‍ കുമ്പള സബ് ജില്ലയിലെ ചെന്നങ്കോട് എ എല്‍ പി സ്‌കൂളിലെ ദേവിക വേണുഗോപാലും ദേവപ്രിയ സി യും ഒന്നാം സ്ഥാനം നേടി. ബേക്കല്‍ സബ്ജില്ലയിലെ ബാര ജി എച്ച് എസിലെ നവനീത്, ബി വി ശിവദത്ത് എന്നിവര്‍ രണ്ടും കാസര്‍കോട് സബ് ജില്ലയിലെ അണങ്കൂര്‍ ജി എല്‍ പി എസിലെ അതുല്‍കൃഷ്ണ വി, അര്‍ച്ചന തോമസ് എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

യു പി വിഭാഗത്തില്‍ ബേക്കല്‍ സബ്ജില്ലയിലെ കരിച്ചേരി ജി യു പി എസിലെ സായന്ത് കെ, വിജയ് കെ എന്നിവര്‍ ഒന്നും ചിറ്റാരിക്കാല്‍ സബ് ജില്ലയിലെ ചായ്യോത്ത് ജി എച്ച് എസ് എസിലെ അനുഗ്രഹ ജി നായര്‍, ആര്‍ദ്ര എസ് ആര്‍ എന്നിവര്‍ രണ്ടും കാസര്‍കോട് സബ് ജില്ലയിലെ കുണ്ടം കുഴി ജി എച്ച് എസ് എസിലെ മുഹമ്മദ് സനിന്‍, റെനിഷ എ എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബേക്കല്‍ സബ്ജില്ലയിലെ രാവണീശ്വരം ജി എച്ച് എസിലെ ഹരിത എ, അഭിനന്ദ് കെ എന്നിവര്‍ ഒന്നും മഞ്ചേശ്വരം സബ്ജില്ലയിലെ മിയാപ്പദവ് എസ് വി വി എച്ച് എസിലെ ഷിവേഷ് എസ്, ചരണ്‍രാജ് എസ് എന്നിവര്‍ രണ്ടും കാസര്‍കോട് സബ് ജില്ലയിലെ ജി വി എച്ച് എസ് ഫോര്‍ ഗേള്‍സിലെ ഗൗരിപ്രിയ ആര്‍, ചെറുവത്തൂര്‍ സബ്ജില്ലയിലെ ഉദിനൂര്‍ ജി എച്ച് എസ് എസിലെ ജീവാസ് ടി, കൃഷ്ണപ്രിയ ആര്‍ ബി എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കാസര്‍കോട് സബ് ജില്ലയിലെ ചട്ടഞ്ചാല്‍ എച്ച് എസ് എസിലെ ഹരിനാരായണന്‍ കെ, അഭിജിത്ത് കെ നായര്‍ എന്നിവര്‍ ഒന്നും ഹൊസ്ദുര്‍ഗ് സബ്ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസിലെ അര്‍ജുന്‍ എം എസ്, അശ്വിന്‍ എ ഒ എന്നിവര്‍ രണ്ടും ചിറ്റാരിക്കാല്‍ സബ് ജില്ലയിലെ വെളളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച് എസ് എസിലെ സ്റ്റാലിന്‍ തോമസ്, ജെയ്സണ്‍ ജോസഫ് എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

അദാലത്ത് സംഘടിപ്പിക്കും
ഈ മാസം 19 ന് മത്സ്യോത്സവത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കും. അപേക്ഷകള്‍-പരാതികള്‍ ളശവെലൃശലസെലൃമഹമഴീ്.ശി എന്ന വെബ് സൈറ്റ് മുഖേനയും ജില്ലാ ഓഫീസിലും നേരിട്ട് സ്വീകരിക്കും. അപേക്ഷകള്‍ ഈ മാസം 16 ന് വൈകുന്നേരം മൂന്നുമണി വരെ സ്വീകരിക്കും. ഫോണ്‍ 04672 202537.

ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ പരവനടുക്കത്ത് കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് റിക്രിയേഷന്‍ റൂമില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ 200 ഫൈബര്‍ കസേരകള്‍ (കയ്യിലാത്തത്) വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 17 ന് ഉച്ചകഴിഞ്ഞ് 3.30 വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്‍ ഡിഡിയു-ജികെവൈ പദ്ധതിയിലൂടെ പരിശീലനം നേടി ജോലിയില്‍ പ്രവേശിച്ച യുവതി യുവാക്കളെക്കുറിച്ച് 10 മിനുട്ട് ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയ ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന് വീഡിയോ ഗ്രാഫര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 11 ന് വൈകുന്നേരം നാലു മണിക്കകം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04994 256111, 256102.

ഗസ്റ്റ് അധ്യാപക നിയമനം
കാസര്‍കോട് ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തരബിരുദവും നെററും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (9) രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04994 256027.

ലേലം ചെയ്യും
ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള കോളിയടുക്കം കുടുംബശ്രീ വിപണന കേന്ദ്രം (5/133സി) അഞ്ചങ്ങാടിയിലെ ഷോപ്പിംഗ് കോംപ്ലക്സ്( 6/820, 6/818) മുറികള്‍ ഈ മാസം 15ന് ഉച്ചയ്ക്ക് 2.30 ന് പരസ്യമായി ലേലം ചെയ്യും. കുടുംബശ്രീ വിപണന കേന്ദ്രം ലേലത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഷോപ്പിംഗ് കോംപ്ലക്്സ് മുറികള്‍ ലേലത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

റോഡ് സുരക്ഷാബോധവല്‍ക്കരണം യോഗം 10 ന്
റോഡ്സുരക്ഷബോധവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് അനുവദിച്ച തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനാ യോഗം ഈ മാസം 10 ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കാസര്‍കോട് ആര്‍ ആര്‍ ഡെപ്യൂട്ടികളക്ടറുടെ ചേമ്പറില്‍ ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Language, Quiz, Road, Government, Notifications, Kasaragod. 

Kvartha Epsilon

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive