Kerala

Gulf

Chalanam

Obituary

Video News

ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് സംഘടനകള്‍, കേസിന്റെ ഗതി തിരിച്ചുവിടുന്ന നീക്കങ്ങളുമായി ആരും മുന്നോട്ടിറങ്ങരുതെന്ന് മകന്‍

കാസര്‍കോട്: (my.kasargodvartha.com 26.10.2017) പ്രമുഖ പദ്ധതിനും കീഴൂര്‍- മംഗളൂരു ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി. അതേസമയം പിതാവിന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമപരമായി നടത്തേണ്ട നീക്കങ്ങളെല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മറ്റും അറിവോടെയും പിന്തുണയോടെയും തുടക്കം മുതല്‍ തന്നെ നടന്നുവരുന്നതായും തുടര്‍ന്നും ഇവരുടെ മേല്‍നോട്ടത്തിലായി കാര്യങ്ങള്‍ മുമ്പോട്ടു പോകുമെന്നും ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫി അറിയിച്ചു.

സിബിഐ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ പ്രസ്തുത കോടതിയുടെ നിര്‍ദേശമില്ലാതെ കളക്ടര്‍, ഇന്റലിജന്‍സ്, പോലീസ് വകുപ്പ് തുടങ്ങിയ മുഴുവന്‍ അതോറിറ്റികളുടെയും ഇടപെടലിന് നിലവില്‍ പ്രസക്തിയില്ല. അവര്‍ക്ക് ഇടപെടാന്‍ സഹായകരമാകുന്ന രീതിയില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെല്ലാം അടിസ്ഥാന കാര്യത്തിലുള്ള കേസിനെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും മകന്‍ കൂട്ടിച്ചേര്‍ത്തു.

പുതുതായി പൊതുജനങ്ങള്‍ക്കിടയില്‍ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളെല്ലാം അതുമായി ബന്ധപ്പെട്ടവര്‍ തന്നെ സ്വമേധയാ ഏറ്റവും അനുയോജ്യമായ അതോറിറ്റിക്ക് മുമ്പാകെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അതുസംബന്ധിച്ച് നിയമപരമായ നീക്കങ്ങള്‍ വളരെ മുമ്പേ ആരംഭിച്ചിട്ടുള്ളതാണെന്നും ഷാഫി പറഞ്ഞു. അടിസ്ഥാന കാര്യത്തിലുള്ള കേസിന്റെ ഗതി തിരിച്ചുവിടാനും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതുമായ നീക്കങ്ങളുമായി ആരും മുന്നിട്ടിറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് ഐക്യവേദി രൂപീകരിച്ചു

കാസര്‍കോട്: ചെമ്പരിക്ക - മംഗളൂരു ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐക്യവേദി രൂപീകരിച്ചു. ജാതി- മത- രാഷ്ട്രീയ- ഭേദമന്യേ ചെമ്പിരിക്ക നാട്ടുകാരുടെ കൂട്ടായ്മ മുബാറക് നഗറില്‍ വെച്ച് ചേര്‍ന്നു.

വിപുലമായ ഒപ്പ് ശേഖരണം നടത്തി ശബ്ദ രേഖ സി.ഡി അടക്കമുള്ള തെളിവുകളും വ്യകതികളേയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് സിബിഐ ഡയറക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഹമീദ് ഹാജി കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് സി.എ അബ്ദുല്ല മൗലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കരുണന്‍ ചെമ്പിരിക്ക, മജീദ് ചെമ്പിരിക്ക, സി എച്ച് മുഹമ്മദ്, ഖാദര്‍ ഇരിക്കൂര്‍, യൂസുഫ് സി.എ, ഷംസുദ്ദീന്‍ ചെമ്പിരിക്ക എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മജീദ് ചെമ്പിരിക്ക (ചെയര്‍മാന്‍), താജുദ്ദീന്‍ ചെമ്പിരിക്ക (വര്‍ക്കിംഗ് ചെയര്‍മാന്‍), യൂസഫ് സി.എ (ജനറല്‍ കണ്‍വീനര്‍), സാഹിബ് അഹ് മദ് അബ്ദുല്ല (വര്‍ക്കിംഗ് കണ്‍വീനര്‍), ഹമീദ് ഹാജി കണ്ടത്തില്‍ (ട്രഷറര്‍), ഷരീഫ്, അന്‍വര്‍ (വൈസ് ചെയര്‍മാന്‍മാര്‍), കരുണന്‍, ഖലീല്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.യൂത്ത് ലീഗ് റാലി ശനിയാഴ്ച

കാസര്‍കോട്: 
മംഗളൂരു - ചെമ്പരിക്ക ഖാസിയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്ന വെളിപ്പെടുത്തലിനെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്നും, ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും, വിശ്വാസി സമൂഹത്തിനുമുള്ള ആശങ്ക അകറ്റണമെന്നുമാവശ്യപ്പെട്ട് ശനിയാഴ്ച കാസര്‍കോട് നഗരത്തില്‍ റാലി നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെയും, മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

വൈകുന്നേരം മൂന്ന് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. ഖാസി മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

യോഗത്തില്‍ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, സൈഫുല്ല തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, റഹ് മാന്‍ ഗോള്‍ഡന്‍, സിദ്ദീഖ് സന്തോഷ് നഗര്‍, കെ കെ ബദ്‌റുദ്ദീന്‍ പ്രസംഗിച്ചു.

സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണം വേണം: കെ എം സി സി

ജിദ്ദ: പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ച സമഗ്ര അന്വേഷണം നടത്തണമെന്ന് ജിദ്ദ- മക്ക കെ എം സി സി ഉദുമ  മണ്ഡലം പ്രവര്‍ത്തക സമിതി  യോഗം ആവശ്യപ്പട്ടു. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജന്‍സികളിലുളള ജനങ്ങളുടെ വിശ്വാസം നഷ്ടമായി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണ നാടകം അവസാനിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും യോഗം ആവശ്യപ്പട്ടു.

അനാകിസ് മാര്‍സില്‍ പ്ലാസയില്‍ നടന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് ബഷീര്‍ മൊവ്വല്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ എം സി സി  കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഹിറ്റാച്ചി, റഹീം പള്ളിക്കര, അഷ്‌റഫ് മാങ്ങാട്, അഷ്‌റഫ് പളളം, അബ്ബാസ് ചെമ്മനാട്, ഇബ്രാഹിം ചട്ടഞ്ചാല്‍, മുഷ്താഖ് ചെമ്പിരിക്ക, അബ്ബാസ് ബേക്കല്‍, അബ്ദുല്ലക്കുഞ്ഞി ചാത്തങ്കൈ, ഹാരിസ് സി കെ മരുതടുക്കം, നിസാര്‍ ഉബൈദ് പെരിയ, ഹൈദര്‍ ചെമ്മനാട്, അബ്ദുര്‍ റഹ് മാന്‍ കൈനോത്ത് എന്നിവര്‍ സംസാരിച്ചു.

നസീര്‍ പെരുമ്പള സ്വാഗതവും ബുനിയാം ഒറവങ്കര നന്ദിയും പറഞ്ഞു.


പ്രക്ഷോഭത്തിനൊരുങ്ങുന്നു: നാഷണല്‍ യൂത്ത് ലീഗ് 

കാസര്‍കോട്: ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ സമഗ്ര അന്വേഷണം നടത്തി കേസിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ മുന്നോടിയായി വിദ്യാനഗര്‍ ബി സി റോഡ് പരിസരത്ത് ഒക്ടോബര്‍ 30 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ നാഷണല്‍ യൂത്ത് ലീഗ് സായാഹ്ന ധര്‍ണ നടക്കും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KMCC,  CM Abdulla Moulavi's death; organizations demand more investigation

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive