Join Whatsapp Group. Join now!

Book | നോവലിസ്റ്റായ വെളിച്ചപ്പാട്; കയ്യൂർ ഭാസ്കരൻ്റെ മൂന്നാമത്തെ പുസ്തകം 'വേര്' നവംബര്‍ 22-ന് പ്രകാശനം ചെയ്യുന്നു

കയ്യൂർ മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ വെളിച്ചപ്പാട് ഭാസ്കരൻ്റെ മൂന്നാമത്തെ പുസ്തകം 'വേര്' നവംബർ 22-ന് കയ്യൂരിൽ പ്രകാശനം ചെയ്യുന്നു.
● കയ്യൂരിൽ നടക്കുന്ന ചടങ്ങിൽ സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും

● രേഖപ്പെടുത്തപ്പെടാതെ പോയ കയ്യൂരിൻ്റെ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രവും ജീവിതവുമാണ് ഈ ചരിത്രാഖ്യായികയുടെ പ്രമേയം

ചെറുവത്തൂർ: (MyKasargodVartha) കയ്യൂർ മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ വെളിച്ചപ്പാടും എഴുത്തുകാരനുമായ ഭാസ്കരൻ്റെ മൂന്നാമത്തെ പുസ്തകമായ 'വേര്' ഞായറാഴ്ച (2026 നവംബർ 22) പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് പുസ്തകങ്ങളും നോവലുകൾ ആണെങ്കിൽ ഇത്തവണ ഇറക്കുന്ന പുസ്തകം നൂറ്റാണ്ടിൻ്റെ ജീവിതവും രേഖപ്പെടുത്തപ്പെടാതെ പോയ ചരിത്രവും തേടുന്ന ചരിത്രാഖ്യായികയാണ്.

കയ്യൂർ ഉദയഗിരി ഇ കെ നായനാർ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ സിഐടിയുവും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശനം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കയ്യൂരിലാണ് ചടങ്ങ് നടക്കുന്നത്.

Kayyur Bhaskaran Velichappad Third Book Veru Release Press Meet

ഡോ. വി പി പി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ പ്രൊഫ. കെ പി ജയരാജന് പുസ്തകം കൈമാറി പ്രകാശനം നിർവഹിക്കും. ഇ കെ നായനാർ ക്ലബ് സെക്രട്ടറി എസ് കെ സനൂപ് അധ്യക്ഷത വഹിക്കും. മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി വി കൃഷ്ണകുമാർ പുസ്തക പരിചയം നടത്തും. ചെറുവത്തൂർ കെഎച്ച്എം ആശുപത്രി എംഡി ഡോ. ടി കെ മുഹമ്മദലി മുഖ്യാതിഥിയാകും. വിവിധ സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Kayyur Bhaskaran Velichappad Third Book Veru Release Press Meet

'വെളിച്ചപ്പാടിനെ നോവലിസ്റ്റായി കാണുന്നത് ആദ്യമായിരിക്കാം'

മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ വെളിച്ചപ്പാടായ ഭാസ്കരൻ എഴുത്തുകാരനായതിലെ കൗതുകം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻ പുസ്തകമായ 'വെളിച്ചത്തിൻ്റെ വിത്തുകൾ' പ്രകാശനം ചെയ്ത ചടങ്ങിൽ ഇ പി രാജഗോപാലൻ നടത്തിയ പരാമർശം ഇപ്പോഴും മനസ്സിലുണ്ടെന്ന് ഭാസ്കരൻ പറഞ്ഞു. അനേകം വെളിച്ചപ്പാടന്മാരെ കണ്ടിട്ടുണ്ടെങ്കിലും ഒരു നോവലിസ്റ്റായ വെളിച്ചപ്പാടിനെ കാണുന്നത് ഒരുപക്ഷേ കേരളത്തിൽത്തന്നെ ആദ്യമായിരിക്കാം എന്നായിരുന്നു അന്ന് ഇ പി രാജഗോപാലൻ പറഞ്ഞത്.

ഇത്തവണത്തെ 'വേര്' പ്രകാശനത്തിനും മറ്റൊരു പ്രത്യേകതയുണ്ടെന്ന് ഭാസ്കരൻ പറഞ്ഞു. ഒരു ഓട്ടോ റിക്ഷ തൊഴിലാളി നോവലിസ്റ്റായി മാറുകയും അതേ തൊഴിലാളി സംഘടന തന്നെ പുസ്തക പ്രകാശനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമാണ്. താൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ സ്വന്തം രീതിയിൽ പകർത്തുകയാണ് എഴുത്തിലൂടെ ചെയ്യുന്നതെന്ന് ഭാസ്കരൻ പറഞ്ഞു.

ചരിത്രത്തിന് മുൻപുള്ള ചരിത്രം

'വേര്' നേരത്തെ പുറത്തിറങ്ങിയ രണ്ട് നോവലുകളിൽ നിന്ന് വ്യത്യസ്തമായ രചനയാണ്. ചരിത്രാഖ്യായികയാണെങ്കിലും ഇതിനെ പൂർണമായും ചരിത്രമെന്ന് വിളിക്കാനാകില്ലെന്നാണ് ഭാസ്കരൻ്റെ നിലപാട്. നമ്മുടെ നാടിനും കേരളത്തിനും ചരിത്രമുണ്ട്. എന്നാൽ ആ ചരിത്രം രേഖപ്പെടുത്തപ്പെടുന്നതിന് മുൻപുള്ള കാലഘട്ടത്തെക്കുറിച്ചും രേഖപ്പെടുത്താതെ പോയ നിരവധി ജീവിതങ്ങളും സംഭവങ്ങളും നിലനിൽക്കുന്നുണ്ട്. അത്തരത്തിലുള്ള ചരിത്രത്തെ പുതിയ തലമുറയ്ക്കും വരുംതലമുറയ്ക്കും ഓർമപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'വേര്' എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു.

കൃതിയിൽ ഭൂതകാലവും വർത്തമാനകാലവും രണ്ട് ഘട്ടങ്ങളായാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ നാടിൻ്റെ ജീവിതാവസ്ഥ, ക്ഷേത്രങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, നാടിൻ്റെ പുരോഗതി തുടങ്ങിയവ വർത്തമാനകാലത്തിൻ്റെ ഭാഗമായി യാഥാർഥ്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റുഭാഗങ്ങളിൽ ഭാവനയും സങ്കൽപ്പവും നിഗമനങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും ഭാസ്കരൻ വ്യക്തമാക്കി. അടിച്ചമർത്തപ്പെട്ടവരുടെയും മണ്ണിൽ പണിയെടുക്കുന്നവരുടെയും ജീവിതമാണ് കൃതിയുടെ പ്രധാന പ്രമേയം. ഒരു നൂറ്റാണ്ടിനിടെ കയ്യൂർ ഗ്രാമത്തിലുണ്ടായ മാറ്റങ്ങളും സാമൂഹിക ജീവിതത്തിൻ്റെ വിവിധ തലങ്ങളും 'വേര്' രേഖപ്പെടുത്തുന്നു.

ആചാരത്തിൻ്റെ വേഷത്തിലും രാഷ്ട്രീയത്തിൻ്റെ വഴിയിലും

വെളിച്ചപ്പാടിൻ്റെ വേഷവും സിപിഎം പ്രവർത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും ഭാസ്കരന് വ്യക്തമായ മറുപടിയുണ്ട്. രണ്ടിനെയും പരസ്പരം വിരുദ്ധമായി കാണേണ്ടതില്ലെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. പാർട്ടി പരിപാടിയുടെ ഭാഗമായി രക്തസാക്ഷിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും ജാഥയിലും താൻ പങ്കെടുത്തിട്ടുണ്ട്. ആചാരമുള്ളതിൻ്റെ പേരിൽ ജാഥയിൽ പങ്കെടുക്കാൻ പാടില്ലെന്ന നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കയ്യൂരിലെ ഭൂരിഭാഗം ആളുകളും കമ്മ്യൂണിസ്റ്റുകാരാണെങ്കിലും നാടിൻ്റെ ദൈവങ്ങളെയും ക്ഷേത്രങ്ങളെയും പരിപാലിക്കുന്നതും അതേ നാട്ടുകാർ തന്നെയാണ്. അതുകൊണ്ടുതന്നെ പുഷ്പാർച്ചനയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യച്ചങ്ങലയിലും താൻ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിലെത്തുമ്പോൾ രാഷ്ട്രീയ ആശയങ്ങൾ മാറ്റിവെച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ഭാസ്കരൻ പറഞ്ഞു.

പാർട്ടി പ്രവർത്തകനിൽ നിന്ന് ക്ഷേത്രത്തിലെ വെളിച്ചപ്പാടിൻ്റെ വേഷത്തിലേക്ക് മാറുമ്പോൾ പ്രത്യേകമായ മാനസികാവസ്ഥയൊന്നും അനുഭവപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. പലരുടെയും അഭിപ്രായങ്ങൾ കേൾക്കാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാറില്ല. പാർട്ടിയിലായാലും ക്ഷേത്രത്തിലായാലും കാര്യങ്ങളെ സത്യസന്ധമായി കാണാനും സമീപിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഭാസ്കരൻ വ്യക്തമാക്കി.

റീസോൾവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന 'വേര്' ഭാസ്കരൻ വെളിച്ചപ്പാടിൻ്റെ മൂന്നാമത്തെ പുസ്തകമാണ്. 'ഉദയഗിരിയിലെ സന്ധ്യ', 'വെളിച്ചത്തിൻ്റെ വിത്തുകൾ' എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ച നോവലുകൾ.

പുസ്തക പ്രകാശന ചടങ്ങ് നടത്തുന്ന കാര്യം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പുസ്തക രചയിതാവ് ഭാസ്കരൻ വെളിച്ചപ്പാട്, കൃതിയുടെ അവതാരിക എഴുതിയ ഡോ. പി വി കൃഷ്ണകുമാർ, ശശിധരൻ അച്ചാംതുരുത്തി, സിഐടിയു യൂണിറ്റ് പ്രസിഡൻ്റ് എം പ്രശാന്ത്, സെക്രട്ടറി കെ സുജിത്ത് എന്നിവർ പങ്കെടുത്തു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Kayyur Mundya Vishnumoorthy temple oracle and auto driver Bhaskaran's third book, a historical fiction titled 'Veru', will be released in Kayyur on Sunday.

Keywords: Kayyur Bhaskaran Velichappad book Veru, Malayalam historical fiction Veru release, Kayyur CITU book launch

#Kayyur #KasaragodNews #BhaskaranVelichappad #VeruBook #MalayalamLiterature #Cheruvathur #CITU #MalayalamNews #RenuNews

Post a Comment