ചന്തേര: (MyKasargodVartha) പൊതുജനം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപന നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ചന്തേര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ വൈ. ബൈജുവാണ് ഫോൺ മോഷണക്കേസിൽ അറസ്റ്റിലായി റിമാൻഡിലായത്. ഇയാൾ നേരത്തെ ഭാര്യയെ മർദിച്ച കേസിലും പ്രതിയായിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
ഒക്ടോബർ എട്ടിന് റോഡരികിൽ നിന്ന് അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ ഏകദേശം 10,000 രൂപ വിലവരുന്ന റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ ചന്തേര പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. അന്ന് സ്റ്റേഷനിൽ ജനറൽ ഡയറി ചുമതലയിലുണ്ടായിരുന്ന എ.എസ്.ഐ. ഹരീഷാണ് ഫോൺ ഏറ്റുവാങ്ങിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനി സുഭദ്രയുടേതാണെന്ന് പോലീസ് കണ്ടെത്തി. ഉടമയുടെ പേര് രേഖപ്പെടുത്തി, കൈമാറുന്നതിനായി പാറാവ് ചുമതലയുള്ള ഉദ്യോഗസ്ഥൻ്റെ മേശയിലാണ് അന്ന് ഫോൺ സൂക്ഷിച്ചിരുന്നത്.
എന്നാൽ ഒക്ടോബർ 12-ന് ഉടമയുടെ മകൻ ഫോൺ കൈപ്പറ്റുന്നതിനായി സ്റ്റേഷനിലെത്തിയപ്പോഴാണ് മേശപ്പുറത്തുണ്ടായിരുന്ന ഫോൺ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വൈ. ബൈജുവിലേക്ക് പോലീസിൻ്റെ സംശയം നീണ്ടത്.
കുടുക്കിയത് പുതിയ സിം കാർഡ്
ഫോൺ കാണാതായതോടെ പോലീസ് നടത്തിയ സൈബർ അന്വേഷണത്തിൽ ഈ ഫോൺ ബദിയടുക്ക നീർച്ചാൽ സ്വദേശിയുടെ കൈവശമെത്തിയതായി കണ്ടെത്തി. പുതിയ സിം കാർഡ് ഉപയോഗിച്ച് ഈ ഫോൺ പ്രവർത്തിപ്പിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സ്റ്റേഷനിൽ നിന്ന് ഫോൺ എടുത്ത ബൈജു, അത് മറ്റൊരാൾക്ക് വിൽപന നടത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
മോഷണം തെളിഞ്ഞതോടെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം ചന്തേര എസ്.ഐ. വിഷ്ണു എസ്. നായരുടെ നേതൃത്വത്തിലാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു. റിമാൻഡിലായതോടെ ജില്ലാ പോലീസ് മേധാവി നിധിൻ രാജ്, ബൈജുവിനെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തുടർക്കഥയാകുന്ന ക്രിമിനൽ പശ്ചാത്തലം
തിരുവനന്തപുരം സ്വദേശിയായ വൈ. ബൈജു നേരത്തെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2011-ൽ ചന്തേര മേഖലയിൽ ഒരു രാഷ്ട്രീയ സംഘർഷം നിയന്ത്രിക്കാൻ എത്തിയ കേരള ആംഡ് പോലീസ് സംഘത്തിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നതിനിടെയും ബൈജുവിനെതിരെ മോഷണ ആരോപണം ഉയർന്നിരുന്നു. അന്ന് സഹപ്രവർത്തകൻ കുളിക്കാൻ പോയ സമയത്ത് പോലീസ് ക്വാർട്ടേഴ്സിലെ മേശപ്പുറത്ത് ഊരിവെച്ച സ്വർണമാല എടുത്ത സംഭവത്തിലാണ് ബൈജുവിനെതിരെ ആരോപണമുണ്ടായത്. എന്നാൽ ഈ സംഭവം പിന്നീട് ഒതുക്കിത്തീർത്തതായാണ് ലഭിക്കുന്ന വിവരം.
പിന്നീട് ബദിയടുക്ക പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളിയായ യുവതിയുമായി ഇയാൾ അടുപ്പത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരായി. തുടർന്ന് ബദിയടുക്ക ബേള നീർച്ചാലിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. നീർച്ചാലിൽ താമസിക്കുന്നതിനിടെ ഭാര്യയെ മർദിച്ചെന്ന പരാതിയിലും ബൈജുവിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
സേനയിൽ നിന്ന് പുറത്താക്കാൻ സാധ്യത
മുൻപുണ്ടായിരുന്ന സസ്‌പെൻഷൻ പിൻവലിച്ചതിനെ തുടർന്നാണ് ബൈജുവിന് ആഴ്ചകൾക്ക് മുൻപ് മാത്രം ചന്തേര പോലീസ് സ്റ്റേഷനിൽ വീണ്ടും നിയമനം ലഭിച്ചത്. ഇതിനുപിന്നാലെയാണ് മൊബൈൽ ഫോൺ മോഷണക്കേസ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾ വിശ്വാസപൂർവം ഏൽപ്പിച്ച വസ്തു, കാത്തുസൂക്ഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മോഷ്ടിച്ച് വിൽപന നടത്തിയെന്ന സംഭവം പോലീസ് സേനയ്ക്കുള്ളിൽ ഗൗരവത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥർ കാണുന്നത്.
ബൈജുവിനെതിരായ മുൻ കേസുകളുടെയും നടപടികളുടെയും വിശദാംശങ്ങളും, നിലവിലെ മൊബൈൽ ഫോൺ മോഷണക്കേസിലെ സാഹചര്യങ്ങളും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന ഇയാളെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Cop arrested for stealing a mobile phone from Chandera police station faces dismissal.
#KasargodVartha #KasaragodNews #KeralaPolice #ChanderaPoliceStation #CrimeNewsKerala #MalayalamNews #PoliceSuspension #AparnaNews
