Join Whatsapp Group. Join now!

BJP | എസ്‌ഐആറിൻ്റെ മറവിൽ ബംഗ്ലാദേശ് മാതൃകയിലുള്ള കലാപത്തിന് നീക്കമെന്ന് അഡ്വ. കെ ശ്രീകാന്ത്

ബംഗ്ലാദേശ് മാതൃകയിലുള്ള കലാപത്തിന് നീക്കമെന്ന് അഡ്വ കെ ശ്രീകാന്ത്. Adv K Srikanth alleges Bangladesh model riot attempt.
● കാസർകോട് നഞ്ചിൽ കുഞ്ഞിരാമൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
● സാമ്പത്തിക-പ്രതിരോധ മേഖലകളിൽ ഇന്ത്യ വലിയ ആഗോള ശക്തിയായി മാറുകയാണെന്നും വിശദീകരണം

കാസർകോട്: (MyKasargodVartha) എസ്‌ഐആറിനെതിരായ പ്രക്ഷോഭങ്ങളുടെ മറവിൽ ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിലുള്ള കലാപത്തിനാണ് ശ്രമം നടക്കുന്നതെന്ന് ബിജെപി കണ്ണൂർ മേഖലാ പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ബിജെപി സംഘടിപ്പിച്ച നഞ്ചിൽ കുഞ്ഞിരാമൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത തകർക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമാണ് ഇത്തരം പ്രക്ഷോഭങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ മാർഗങ്ങളിലൂടെ അധികാരത്തിലെത്താനോ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ പരാജയപ്പെടുത്താനോ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതിനായി തീവ്ര ഇടതുപക്ഷ സംഘടനകളുടെ കൈയിലെ പാവയായി രാഹുൽ ഗാന്ധി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിന്നൽ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്ത് അനിശ്ചിതത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർ നിഷ്പക്ഷരോ നീതി നിഷേധിക്കപ്പെട്ടവരോ അല്ലെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നവരാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Adv K Srikanth addressing a political meeting

ഐസയുടെ അഖിലേന്ത്യാ പ്രസിഡൻ്റ് നേഹ ബോറയുടെ വെളിപ്പെടുത്തലിലൂടെ ബംഗ്ലാദേശ് മാതൃകയിലുള്ള കലാപ നീക്കം വ്യക്തമായിട്ടുണ്ട്. അധികാര മാറ്റമാണ് ലക്ഷ്യമെന്ന പ്രശാന്ത് ഭൂഷൻ്റെ പ്രഖ്യാപനവും, ബംഗ്ലാദേശിലെ ഐക്യദാർഢ്യ പ്രകടനങ്ങളെ ഇന്ത്യയിലെ പ്രക്ഷോഭകർ സ്വാഗതം ചെയ്യുന്നതും ഇതിൻ്റെ പ്രത്യക്ഷ തെളിവുകളാണെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം നീക്കങ്ങളെ പൊതുജനം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളിൽ രാജ്യം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഐഎംഎഫിൻ്റെ പുതിയ പ്രവചനപ്രകാരം അമേരിക്ക, ജപ്പാൻ തുടങ്ങിയ വികസിത രാജ്യങ്ങളുടെ വളർച്ചാനിരക്ക് താഴ്ന്ന നിലയിലായിരിക്കുമ്പോഴും ഇന്ത്യയുടെ ജിഡിപി വളർച്ച ശക്തമായി തുടരുകയാണ്. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അന്താരാഷ്ട്ര സമൂഹം തേടുന്ന സാഹചര്യമാണുള്ളത്. സമാധാനത്തിനും വികസനത്തിനും നേതൃത്വം നൽകുന്ന ആഗോള ശക്തിയായി ഇന്ത്യ ഉയർന്നുവരുകയാണെന്നും അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.

ചടങ്ങിൽ ശശിധരൻ തട്ടിൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗം എം സദാശിവൻ എന്നിവർ സംസാരിച്ചു. വിഷ്ണു കാട്ടാമ്പള്ളി സ്വാഗതവും ജി കെ കൈന്താർ നന്ദിയും രേഖപ്പെടുത്തി.

പുതിയ വാർത്തകളും രാഷ്ട്രീയ വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: BJP Kannur Regional President Adv K Srikanth alleged that the opposition is trying to instigate a Bangladesh-style riot in India under the guise of SIR protests to destabilize the nation.

#AdvKSrikanth #BJP #KasaragodNews #KeralaPolitics #IndianPolitics #RenuNews

Post a Comment