● മൊഗ്രാൽ കാടിയംകുളത്തെ മുബാറക് അലി - മുർഷിദ ദമ്പതികളുടെ ഏക മകളാണ് സഫ ● ചളിയങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ
മൊഗ്രാൽ: (MyKasargodVartha) ഷാർജയിൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച ഏഴ് വയസുകാരിയുടെ ഖബറക്ക ചടങ്ങുകൾ പൂർത്തിയായി. മൊഗ്രാൽ കാടിയംകുളം 'സഫ' മൻസിലിലെ മുബാറക് അലി - മുർഷിദ ദമ്പതികളുടെ ഏക മകൾ സഫയുടെ (7) മയ്യിത്താണ് നാട്ടിലെത്തിച്ചത്. വെള്ളിയാഴ്ച (ഓഗസ്റ്റ് 28) രാവിലെ 10 മണിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം നടന്നത്.
കളിക്കുന്നതിനിടെ അപകടം
തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 24) ഷാർജ അൽനബ്ബയിലെ ഫ്ലാറ്റിൽ വെച്ച് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ ജനാലയിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് പിതാവ് മുബാറക് അലി ഫ്ലാറ്റിലുണ്ടായിരുന്നു. മാതാവ് മുർഷിദ രാവിലെ തന്നെ ജോലിക്ക് പോയ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
കണ്ണീരണിഞ്ഞ് ഇശൽ ഗ്രാമം
ദുബൈ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ് മുബാറക് അലി. മുർഷിദ ഷാർജയിലെ ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. വേനലവധിക്ക് നാട്ടിൽ വന്നിരുന്ന ഈ കുടുംബം ബുധനാഴ്ചയാണ് (ഓഗസ്റ്റ് 19) തിരികെ ഗൾഫിലേക്ക് പോയത്. ഷാർജയിലെ ഒരു സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഫ.
ഈ പിഞ്ചോമനയുടെ അപ്രതീക്ഷിത വിയോഗം ഇശൽ ഗ്രാമത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി. കുട്ടിയുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം എന്നീ സംഘടനകൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: The funeral of 7-year-old Safa, who died after accidentally falling from a flat in Sharjah, was held at Mogral Chaliyankodu Juma Masjid on Friday, August 28, 2026, with a large crowd in attendance.
#KasargodVartha #Kasaragod #Mogral #SharjahAccident #Obituary #KeralaNews #MalayalamNews #AparnaNews
