Kerala

Gulf

Chalanam

Obituary

Video News

പട്‌ല അബ്ദുല്ല സാഹിബ് (കൊല്ല്യ): നേരറിവിന്റെ ആ ധന്യസാന്നിധ്യം ഇനി ഓര്‍മ മാത്രം!

അനുസ്മരണം/ എസ് എ പി

(my.kasargodvartha.com 31.07.2020) പൗരപ്രമുഖനും പട്‌ല എന്ന പ്രദേശത്തിന്റെ മത സാംസ്‌കാരിക വിദ്യാഭ്യാസ ഉത്ബുദ്ധതയിലേക്കുള്ള കുതിപ്പിന് കാരണക്കാരനുമായ, ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച കര്‍മയോഗി അബ്ദുല്ല പട്‌ല ഓര്‍മയായി! വ്യാഴാഴം വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അന്ത്യം! മരിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണൂറ് വയസ് പ്രായമുണ്ടായിരുന്നു. നാടിന്റെ നവോത്ഥാന പോരാട്ടത്തിലെ ഉജ്വലമായൊരധ്യായം ഇവിടെയവസാനിക്കുകയാണ്.

നിലപാടുകളുടെ കരുത്ത് കൊണ്ട് കര്‍മരംഗം സജീവമാക്കിയ വേറിട്ട വ്യക്തിത്വം, കാപട്യം എന്തെന്നറിയാത്ത നിഷ്‌കളങ്കന്‍, മറ്റുള്ളവരുടെ കാപട്യം തിരിച്ചറിയാന്‍ കഴിയാത്ത നിസ്വാര്‍ത്ഥനായ പണ്ഡിതനും പ്രസംഗകനും കൂടിയായിരുന്നു പട്‌ല അബ്ദുല്ല സാഹിബ്!

പട്‌ലയിലെ പള്ളി മദ്രസാ പ്രസ്ഥാനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം രാഷ്ട്രീയവും മതപരവുമായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. വിയോജിപ്പുകളില്‍ മാന്യത കാത്തു സൂക്ഷിച്ചു. വലിപ്പചെറുപ്പമില്ലാതെ സര്‍വ്വരേയും ഒരേപോലെ കാണാന്‍ കഴിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം! അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും സന്ധിയില്ലാ സമരം നടത്തിയ അദ്ദേഹം പരന്ന വായനയുടെ ഉടമയായിരുന്നു. കാര്യങ്ങളെ വിമര്‍ശനാത്മകമായി കാണുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. മതപണ്ഡിതന്മാരെ തിരുത്താന്‍ മാത്രം പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു!

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നടന്നു. പട്‌ല ഗവ. ഹൈസ്‌കൂളിന്റെ ഉന്നമനത്തിന് അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു അബ്ദുല്ല സാഹിബ്. പട്‌ല വലിയ ജുമാ മസ്ജിദിന്റേയും മന്‍ബഹുല്‍ ഹിദായ മദ്രസയുടെയും, പട്‌ല ഇസ്ലാഹി മസ്ജിദിന്റേയും ഇസ്ലാഹീ മദ്രസയുടെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനങ്ങളുണ്ട്.

കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. അവിടെയും ആദര്‍ശവും നിലപാടുകളും വളരെ കൃത്യവും വ്യക്തവുമായിരുന്നു. നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ധക്യ സഹജമായ അസുഖം കാരണം ശയ്യാവലംബിയാകുന്നതിന്ന് മുമ്പ് വരെ കാസര്‍കോട് അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസംഗവുമില്ലാത്ത ഒരൊറ്റൊരു കോണ്‍ഗ്രസ്റ്റ് സമ്മേളന വേദിയും കാണാന്‍ കഴിഞ്ഞിരുന്നില്ല. കയ്യില്‍ ഒരു തൂവാലയും പിടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രസംഗങ്ങള്‍ വളരെ ഗൗരവമേറിയതും അവതരണ സവിശേഷതകള്‍ കൊണ്ട് തിരിച്ചറിയപ്പെടുന്നവയുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ നാലയലത്ത് പോലും നാമ ദ്ദേഹത്തെ കണ്ടില്ല. കാരണം ആ വിഷയത്തില്‍ ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ റോള്‍ മോഡല്‍.

1979 ല്‍ ഗാന്ധിജയന്തിയാഘോഷത്തിന്റെ ഭാഗമായി പട്‌ല ഗവ ഹൈസ്‌കൂളില്‍ നടന്ന ഗാന്ധിജിയുടെ ചിത്രം അനാഛാദനം ചെയ്യുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാന്‍ നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുന്നു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തിലായിരുന്നു ഗാന്ധിജി കാസര്‍കോട് വന്ന സംഭവത്തെ കുറിച്ചു ഞാന്‍ കേള്‍ക്കുന്നത്. ഇന്ന് പലരും പലപ്പോഴും പരാമര്‍ശിക്കാറുള്ള സംഭവം. ഖാദീ പ്രചാരണത്തിനും വളര്‍ച്ചയ്ക്കുമായി മദിരാശി മുതല്‍ മംഗളൂരുവരെ ഗാന്ധിജി നടത്തിയ തീവണ്ടിയാത്ര. ആ യാത്ര കാസര്‍കോടന്‍ ഗ്രാമങ്ങളെ ഇളക്കിമറിച്ചു.

1927 ഒക്ടോബര്‍ ഇരുപത്തിയാറിന് ഗാന്ധിജി കാസര്‍കോട് സ്റ്റേഷനില്‍ ഇറങ്ങി അവിടെ തടിച്ചുകൂടിയ ജനങ്ങളെ ആശിര്‍വദിച്ചുവെന്നും ശേഷം മംഗലാപുരത്തേക്ക് പോയി എന്നുമൊക്കെ അബ്ദുല്ല സാഹിബ് ആവേശത്തോടെ പ്രസംഗിക്കുന്നത് ഇന്നും എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. നാട്ടില്‍ അബദുല്ല സാഹിബിന്റെ സാന്നിധ്യമില്ലാത്ത സാംസ്‌കാരിക പരിപാടികള്‍ ഇല്ലായിരുന്നു. എന്നും മദ്രസാ വാര്‍ഷികാഘോഷങ്ങളില്‍ കാമ്പുള്ള ഒരു പ്രസംഗം അദ്ദേഹത്തിന്റേതായിരിക്കും!

ചരിത്ര വിഷയങ്ങളോട് വലിയ താല്പര്യമായിരുന്നു അദ്ദേഹത്തിന്. പലപ്പോഴും അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നാടിന്റെ പഴയ കാല ചരിത്രം കൃത്യതയോടെ ഓര്‍മിച്ച് പറയുമായിരുന്നു. അവസാനമായി അബ്ദുല്ല സാഹിബിനെ കാണുന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. തീര്‍ത്തും അവശനായിരുന്നു. എങ്കിലും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട് എന്നദ്ദേഹത്തിന്റെ മുഖഭാവം പറയുന്നുണ്ടായിരുന്നു.

ജീവിതം ആദര്‍ശ പ്രബോധനത്തിനും ജന സേവനത്തിനും നീക്കിവെച്ച് നന്മയുടെ പാദമുദ്രകള്‍ ബാക്കിയാക്കി നടന്നു നീങ്ങിയ അദ്ദേഹത്തിന് പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ..

Kerala, Article, Remembering Padla Abdullah Sahib

Keywords: Kerala, Article, Remembering Padla Abdullah Sahib

WebDesk Omega

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive