Join Whatsapp Group. Join now!

ദാഇഷിനെതിരെ ആദര്‍ശ യുദ്ധം അനിവാര്യം: പ്രോഫ്‌കോണ്‍ പ്രഖ്യാപന സമ്മേളനം

യുദ്ധ സാഹചര്യങ്ങളിലെ ഖുര്‍ആന്‍ ആയത്തുകളും പ്രവാചക വചനങ്ങളും അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനിച്ചും മതം പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെയും യുവാക്കളെയും News, National, Kerala, MSM Profcon conference against Daish.
മംഗളൂരു: (my.kasargodvartha.com 11.11.2017) യുദ്ധ സാഹചര്യങ്ങളിലെ ഖുര്‍ആന്‍ ആയത്തുകളും പ്രവാചക വചനങ്ങളും അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനിച്ചും മതം പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ആത്മഹത്യാ നിലപാടിലേക്ക് കൊണ്ടുപോകുന്ന ദാഇഷ് എന്ന ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ ഇസ്ലാമിക പ്രമാണങ്ങള്‍ ആയുധമാക്കിയുള്ള ആദര്‍ശയുദ്ധം അനിവാര്യമാണെന്ന് വിസ്ഡം ഗ്ലോബല്‍ മിഷന്റെ ഭാഗമായി സഘടിപ്പിച്ച എം എസ് എം പ്രോഫ്‌കോണ്‍ പ്രഖ്യാപന സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. രഹസ്യ ക്ലാസുകളിലൂടെ ഹൈന്ദവരിലെ യുവാക്കളെ തീവ്രവാദികളും വര്‍ഗീയ വാദികളുമാക്കുന്ന ഹിന്ദുത്വ ഭീകരവാദികളുടെ അതേരീതി സ്വീകരിച്ച ഒറ്റപ്പെട്ട മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകള്‍ തങ്ങളുടെ വാദങ്ങള്‍ പണ്ഡിതന്മാരുടെ മുമ്പില്‍ ഹാജരാക്കി പരസ്യ സംവാദത്തിന് തയ്യാറാകണം.


തീവ്രവാദത്തെയോ അതിന്റെ ഇപ്പോഴത്തെ പതിപ്പായ ദാഇഷിനെയോ അനുകൂലിക്കുന്ന ഒരു ഇസ് ലാമിക മതസംഘടനയുമില്ല എന്നത് അഭിമാനാര്‍ഹവും ആശ്വാസകരവുമാണ്. ദാഇഷ് ഒരു സാമ്രാജ്യത്വ സ്‌പോണ്‍സേര്‍ഡ് തെമ്മാടിക്കൂട്ടമാണ്. പിഴച്ച കക്ഷിയെന്ന് പ്രവാചകന്‍ തന്നെ പഠിപ്പിച്ച 'ഖവാരിജു'കളുടെ (മതത്തില്‍ നിന്ന് പുറത്തു പോയവരുടെ) ആധുനിക രൂപം. ഇക്കാര്യം മക്കയിലെയും മദീനയിലെയും പണ്ഡിതന്മാര്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2015ലെ അറഫാ പ്രസംഗത്തില്‍ സൗദി ചീഫ് മുഫ്തിയും ലോക സലഫി പണ്ഡിതനുമായ ആലുശൈഖ് ഓരോ മുസ്‌ലിമും ദാഇഷിനെതിരെ തങ്ങളാലാവുന്നത് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ദാഇഷിനെതിരേ യുദ്ധം പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമായിരുന്നു മദീനയില്‍ 2016ലെ റമദാനില്‍ അവസാനത്തെ പത്തില്‍ 26 വയസുള്ള ദാഇഷ് തീവ്രവാദി നടത്തിയ ചാവേറാക്രമണം.

പിഴച്ച കക്ഷികളായ ഖവാരിജ്, ഷിയാ തുടങ്ങിയവര്‍ക്ക് സര്‍വ സഹായവും ചെയ്ത് അവരിലൂടെ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കുകയാണ് അമേരിക്കയും ഇസ്രായേലുമടക്കം സാമ്രാജ്യത്വ ശക്തികള്‍ ചെയ്യുന്നത്. ദാഇഷ് കേന്ദ്രത്തില്‍ അമേരിക്കന്‍ നിര്‍മിത മിസൈല്‍ കണ്ടെത്തിയതും, കഅബാലയത്തിനു നേരെ മിസൈലയച്ച ഹൂതികള്‍ക്ക് ഇറാന്‍ ആയുധം നല്‍കി സഹായിക്കുന്നതും മതിയായ തെളിവുകളാണെന്ന് പ്രമേയം തുടര്‍ന്നു. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ഫാസിസ്റ്റുകള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്ന് രാജ്യസ്‌നേഹികളെല്ലാം ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഗോമാംസ വിവാദം, ഇല്ലാത്ത പ്രണയ 'ജിഹാദ്' തുടങ്ങിയവയൊക്കെ ധ്രുവീകരണ ശ്രമങ്ങളുടെ ആയുധങ്ങള്‍ മാത്രം.

ദാഇഷിനെ എന്തുകൊണ്ട് ഒരു ആധികാരിക ഇസ്ലാമിക പണ്ഡിത സഭയും അംഗീകരിച്ചില്ല? ദാഇഷ് ഭീകരര്‍ കൊന്നൊടുക്കിയതില്‍ 82.97 ശതമാനവും മുസ്‌ലിംകളായതെന്തുകൊണ്ട്? സിറിയയില്‍ നിന്ന് 2,000 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇസ്രായേലിലേക്ക് എന്തുകൊണ്ട് ദാഇഷ് ഒരു പടക്കം പോലും എറിയുന്നില്ല? ഇസ്‌ലാം വിലക്കിയ ശിക്ഷാമുറകള്‍ എന്തുകൊണ്ട് ദാഇഷ് നടപ്പാക്കുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ പ്രോഫ്‌കോണ്‍ പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളില്‍ ചര്‍ച്ചയാക്കാന്‍ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.

മതത്തില്‍ നിര്‍ബന്ധമില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ 2:256ലും ഒരു നിരപരാധിയെ കൊന്നാല്‍ മുഴുവന്‍ മനുഷ്യരെയും കൊന്നവനെപ്പോലെയെന്ന് വി.ഖുര്‍ആന്‍ 5:32 ലും പഠിപ്പിക്കുന്നു. യുദ്ധഭൂമിയില്‍ പോലും മിതത്വം പാലിക്കണമെന്ന് 2:190ലും അവിശ്വാസിക്ക് അഭയവും സുരക്ഷയും നല്‍കണമെന്ന് 9:6ലും പഠിപ്പിക്കുന്നത്, തീവ്രവാദത്തിനെതിരില്‍ പ്രവാചകന്‍ ശാപ പ്രാര്‍ത്ഥന നടത്തിയത് തുടങ്ങിയ അധ്യാപനങ്ങള്‍ ജനകീയ പഠനത്തിന് സമര്‍പ്പിക്കും. ഇന്ത്യയില്‍ സായുധ സമരമല്ല, മറിച്ച് ഏറ്റവും വലിയ ജിഹാദ് എന്നു ഖുര്‍ആന്‍ പഠിപ്പിച്ച (25:52) ആദര്‍ശ പ്രബോധമാണ് മുസ്ലിംകളുടെ ബാധ്യത.

എടുത്തു ചാടി മരിക്കലല്ല, യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കലും ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തലുമാണ് നമ്മുടെ ദൗത്യം. ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ആ ചോരയിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റപ്പെടുത്തുന്നമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്ക് മിഷന്റെ ഭാഗമായി മുജാഹിദ് സ്സുഡന്‍സ് മൂവ്‌മെന്റ് മംഗളൂരുവില്‍ സംഘടിപ്പിച്ച 'പ്രോഫ്‌കോണ്‍' പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം സംസ്ഥാന കണ്‍വീനര്‍ സി പി സലീം ഉദ്ഘാടനം ചെയ്തു. കര്‍ണാടക വനം വകുപ്പ് മന്ത്രി രാംനാഥ് റായ് തന്റെ സന്ദേശം സമ്മേളത്തിന് നല്‍കി. വര്‍ഗീയ ധ്രുവീകരണവും വര്‍ഗീയതയും വളര്‍ത്തുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളിലെ വികാരജീവികളെ മത വിശ്വാസികള്‍ ഒറ്റപ്പെടുത്തണമെന്നും മതേതരത്വം ശക്തിപ്പെടണമെന്നും ആവശ്യപ്പെട്ട അദ്ദേഹം സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മൗലാനാ അബുല്‍ കലാം ആസാദിന്റെ പിന്തുടര്‍ച്ചക്കാര്‍ നടത്തുന്ന പ്രോഫ്‌കോണ്‍ വര്‍ഗീയ വിരുദ്ധ ചിന്തയുടെ വ്യാപനത്തിന് കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

എം എസ് എം സംസ്ഥാന പ്രസിഡന്റ് എ പി മുനവ്വര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. അല്‍വാസ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം മോഹനന്‍ അല്‍വ, ബേരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി എ ജെ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. കെ എസ് എ സെക്രട്ടറി ഇബ്രാഹീം ഖലീല്‍, എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് നസീഫ് പി പി, ഹാരിസ് കായക്കൊടി, മുഹമ്മദ് അര്‍ഷദ് താനൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Kerala, MSM Profcon conference against Daish.

Post a Comment