Join Whatsapp Group. Join now!

Development | കാസർകോട് മണ്ഡലത്തിലെ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഉൾപ്പെടെ 9 സർക്കാർ ആശുപത്രികളുടെ വികസനം ആവശ്യപ്പെട്ട് കല്ലട്ര മാഹിൻ എംഎൽഎ മന്ത്രിക്ക് നിവേദനം നൽകി

കാസർകോട് മണ്ഡലത്തിലെ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഉൾപ്പെടെ 9 സർക്കാർ ആശുപത്രികളുടെ വികസനം ആവശ്യപ്പെട്ട് കല്ലട്ര മാഹിൻ എംഎൽഎ മന്ത്രിക്ക് നിവേദനം നൽകി.

● കാസർകോട് ജനറൽ ആശുപത്രിയിൽ 17 ഡോക്ടർമാരുടേയും 22 ജീവനക്കാരുടേയും ഒഴിവുകൾ നികത്തണമെന്ന് ആവശ്യം ● മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്കായി 50 സീറ്റുള്ള ബസ് അനുവദിക്കണമെന്നും എൻഡോസൾഫാൻ മേഖലകളിൽ ചികിത്സ മെച്ചപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു

കാസർകോട്: (MyKasargodVartha) കാസർകോട് നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനങ്ങൾക്ക് മികച്ച ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് കല്ലട്ര മാഹിൻ എം.എൽ.എ. നിവേദനം നൽകി.

Kasaragod MLA Kallatra Mahin submits memorandum for healthcare development

പുതിയ കെട്ടിടങ്ങൾ അനുവദിക്കുക, ഒഴിഞ്ഞുകിടക്കുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, വാഹനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കാസർകോട് സർക്കാർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഒൻപത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും

ഉക്കിനടുക്കയിലെ കാസർകോട് സർക്കാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ ക്ലിനിക്കൽ ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടായി നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചിരിക്കുന്നത് കാസർകോട് ജനറൽ ആശുപത്രിയെയാണ്. രണ്ടാം വർഷ എം.ബി.ബി.എസ്. പഠനം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനവും സൗകര്യങ്ങളും ഉറപ്പാക്കണം.

ഉക്കിനടുക്കയിലെ ആശുപത്രി ബ്ലോക്ക് എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നും, വിദ്യാർഥികൾക്ക് ജനറൽ ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്നതിനായി 50 സീറ്റുള്ള ബസ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ ആസ്ഥാനത്തെ കാസർകോട് ജനറൽ ആശുപത്രിയിൽ പുതിയ സി.ടി. സ്കാൻ മെഷീൻ, മൾട്ടി സ്റ്റോറി കെട്ടിടങ്ങളുടെ നിർമാണത്തിന് പ്രത്യേക ഫണ്ട്, ലെവൽ-2 ട്രോമാ കെയർ, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ട്രോമാ ഐ.സി.യു. തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.സി.യു.വിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കുക, എം.ആർ.ഐ. ലാബ് ആരംഭിക്കുക, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റിനെ നിയമിക്കുക തുടങ്ങിയവയും ആവശ്യപ്പെട്ടു.

നികത്തേണ്ടത് 39 തസ്തികകൾ

ജനറൽ ആശുപത്രിയിൽ നിലവിൽ 17 ഡോക്ടർമാരുടെയും 22 ജീവനക്കാരുടെയും ഒഴിവുകളാണുള്ളത്. കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്-1, ജനറൽ മെഡിസിൻ-3, ജനറൽ സർജറി-1, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-2, പീഡിയാട്രിക്സ്-2, അനസ്തേഷ്യ-2, ഓർത്തോപീഡിക് സർജറി-1, ഇ.എൻ.ടി.-1, റേഡിയോ ഡയഗ്നോസിസ്-1, സൈക്യാട്രി-1, ഫോറൻസിക് മെഡിസിൻ-1, ഡെന്റൽ-1 എന്നിങ്ങനെയാണ് ഡോക്ടർമാരുടെ ഒഴിവുകൾ.

സ്റ്റാഫ് നഴ്സിങ് ഓഫീസർ-10, ഹെഡ് നഴ്സ്/സീനിയർ നഴ്സിങ് ഓഫീസർ-4, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II-4, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ-1, ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ-1, മെഡിക്കൽ റെക്കോർഡ് അറ്റൻഡന്റ്-1, നോൺ മെഡിക്കൽ സൂപ്പർവൈസർ-1 എന്നീ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളും എൻഡോസൾഫാൻ മേഖലയും

ബദിയടുക്ക സി.എച്ച്.സി.യിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സ (ഐ.പി.) ആരംഭിക്കണം. ചെങ്കള, മൊഗ്രാൽ പുത്തൂർ, മധൂർ എഫ്.എച്ച്.സി.കളിൽ ഒ.പി. സമയം വൈകിട്ട് ആറു മണി വരെ ദീർഘിപ്പിക്കുക, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, വാഹനം അനുവദിക്കുക എന്നിവയും ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളായ കുംബഡാജെ, കാറഡുക്ക, ബെള്ളൂർ എന്നിവിടങ്ങളിലെ ഫാമിലി ഹെൽത്ത് സെന്ററുകളിൽ ഡോക്ടർമാരുടെ സേവനം വർധിപ്പിച്ച് ഒ.പി. സമയം നീട്ടണമെന്നും ഫിസിയോതെറാപ്പി സേവനം വിപുലീകരിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kasaragod MLA Kallatra Mahin submitted a petition to Health Minister K. Muraleedharan demanding urgent infrastructure development and the filling of 39 vacancies at the General Hospital.

#KasargodVartha #KasaragodNews #KeralaHealthMinister #KallatraMahin #KasaragodMedicalCollege #HealthcareDevelopment #MalayalamNews #EndosulfanRelief #AparnaNews

Post a Comment