● ബളാൽ പഞ്ചായത്തിൽ 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതി ആരംഭിച്ചതായും അനർഹമായ മുൻഗണനാ കാർഡുകൾ കണ്ടെത്തി നടപടി സ്വീകരിച്ചതായും യോഗത്തിൽ വ്യക്തമാക്കി ● വിപണി പരിശോധനകൾ, പെട്രോൾ സാമ്പിൾ പരിശോധന, പാചകവാതക വാർ റൂം, 94 കൺസ്യൂമർ ക്ലബുകൾ എന്നിവയും അവലോകനം ചെയ്തു
കാസർകോട്: (MyKasargodVartha) ജില്ലയിലെ മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതരും ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർദേശിച്ചു. ജില്ലയിൽ സുതാര്യവും സുശക്തവുമായ പൊതുവിതരണ സംവിധാനം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ജില്ലാതല വിജിലൻസ് സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
പൊതുവിതരണ സമ്പ്രദായത്തിൻ്റെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി 2013-ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2018-ലെ കേരള ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സമിതിയുടെ യോഗത്തിൽ, കഴിഞ്ഞ യോഗത്തിന് ശേഷം ജില്ലയിൽ ഭക്ഷ്യവകുപ്പിന് കീഴിൽ നടന്ന പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി.
ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം വി. രമേശൻ യോഗത്തിൽ പങ്കെടുത്തു. ഭക്ഷ്യധാന്യങ്ങളുടെ നീക്കവും വിതരണവും സുതാര്യമാക്കണമെന്നും പരാതികളിൽ വേഗത്തിൽ തുടർനടപടികൾ എടുക്കണമെന്നും ഭക്ഷ്യ കമീഷൻ അംഗം നിർദേശിച്ചു.
മുൻഗണനാ കാർഡ് മാറ്റവും ബളാലിലെ 'സഞ്ചരിക്കുന്ന റേഷൻ കട'യും
അർഹരായവരെ കണ്ടെത്തി എഎവൈ, പിഎച്ച്എച്ച് മുൻഗണനാ വിഭാഗങ്ങളിലേക്ക് മാറ്റുന്നതിനായി അപേക്ഷകൾ സ്വീകരിച്ച് റേഷനിങ് ഇൻസ്പെക്ടർമാർ മുഖേന നടപടികൾ സ്വീകരിച്ചു. മുൻഗണനാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും എന്നാൽ ഗുരുതര രോഗബാധിതരുള്ളതുമായ പൊതുവിഭാഗം കാർഡുകൾ ജീവിതസാഹചര്യം പരിഗണിച്ച് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ മാസംതോറും നടത്തിവരുന്നുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യമുണ്ടായിട്ടും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവരെ കണ്ടെത്തി താലൂക്ക് തലത്തിൽ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു.
വിദൂര വനമേഖലകളിലും ഗോത്രവർഗ ഊരുകളിലും യാത്രാസൗകര്യം പരിമിതമായ കുടുംബങ്ങൾക്ക് ദീർഘദൂരം സഞ്ചരിക്കാതെ വാസസ്ഥലത്ത് നേരിട്ട് റേഷൻ വിഹിതം എത്തിക്കുന്ന 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതി വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്ത് എഎവൈ റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.
വിപണി പരിശോധന, പെട്രോൾ സാമ്പിൾ, പാചകവാതക വാർ റൂം
പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതിനൊപ്പം ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, പൊലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത സ്ക്വാഡ് രൂപീകരിച്ച് വിപണി പരിശോധനകൾ ഊർജിതമാക്കി.
അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിലും മറ്റ് വകുപ്പുകളുമായി ചേർന്ന് സംയുക്തമായും ജില്ലയിലെ അഞ്ച് മൾട്ടിപ്ലക്സ് തിയറ്ററുകളിലും ആറ് മാളുകളിലും പരിശോധന നടത്തി. റേഷൻ കടകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനുമായി റേഷനിങ് ഇൻസ്പെക്ടർമാർക്കും താലൂക്ക് സപ്ലൈ ഓഫീസർമാർക്കും പുറമെ ജില്ലാ സപ്ലൈ ഓഫീസറും എല്ലാ മാസവും നേരിട്ട് പരിശോധനകൾ നടത്തിവരുന്നു.
പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിലും കൂടുതൽ എത്തനോൾ അടങ്ങിയിട്ടുണ്ടെന്ന വാർത്തയെത്തുടർന്ന് ജില്ലയിലെ പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിൻ്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും യോഗത്തിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യത്തിൽ പാചകവാതക ലഭ്യതാ പ്രശ്നം നേരിട്ടപ്പോൾ ജില്ലാ, താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമുകൾ ആരംഭിച്ച് ഹോട്ടലുകളിലേക്ക് ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തി.
94 കൺസ്യൂമർ ക്ലബുകൾ; വിജിലൻസ് സമിതിയുടെ ചുമതലകൾ
ഉപഭോക്തൃ നിയമവും അവകാശങ്ങളും സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ സ്കൂൾ, കോളജ് തലങ്ങളിൽ 94 കൺസ്യൂമർ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്. ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി മത്സരങ്ങളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചതിന് പുറമെ, പൊതുജനങ്ങളിൽ ബോധവൽക്കരണത്തിനായി 2026 ജനുവരിയിൽ ഒരു മാസത്തെ പ്രചാരണ വാഹന പര്യടനവും നടത്തി.
റേഷൻ കടകൾ, സപ്ലൈകോ ഔട്ട്ലെറ്റുകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ നീക്കവും വിതരണവും നിരീക്ഷിക്കുക, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അളവിലെ കൃത്രിമവും തടയുക, എഎവൈ, പിഎച്ച്എച്ച്, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, അങ്കണവാടി പോഷകാഹാര വിതരണം എന്നിവയുടെ നിർവഹണം വിലയിരുത്തുക, ഗുണഭോക്താക്കളിൽനിന്നും താലൂക്ക്-റേഷൻകടതല വിജിലൻസ് സമിതികളിൽനിന്നും ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടികൾക്കായി ജില്ലാ സപ്ലൈ ഓഫീസർക്ക് കൈമാറുക എന്നിവയാണ് ജില്ലാതല വിജിലൻസ് സമിതിയുടെ പ്രധാന ചുമതലകൾ. യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് വി. ജയമോൻ സ്വാഗതവും ക്ലർക്ക് കെ.വി. നിഖിൽ ലാൽ നന്ദിയും പറഞ്ഞു.
Photo: PRD Kasargod
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kasaragod District Collector Sreedhanya Suresh directed officials to ensure all Endosulfan victims are included in the BPL list during the District Food Security Vigilance Committee meeting.
#KasargodVartha #KasaragodNews #EndosulfanVictims #BPLCard #FoodSecurity #PublicDistribution #MalayalamNews #AparnaNews

