Join Whatsapp Group. Join now!

പി ബി അബ്ദുറസാഖ് അനുസ്മരണ സമ്മേളനം നടത്തി

മഞ്ചേശ്വരം മുന്‍ എം എല്‍ എയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന പി ബി അബ്ദുറസാഖിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നായന്മാര്‍മൂല Kerala, News, Kasaragod, Ex MLA, Muslim league, Commemorative meeting conducted
നായന്മാര്‍മൂല: (my.kasargodvartha.com 21.10.2019) മഞ്ചേശ്വരം മുന്‍ എം എല്‍ എയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന പി ബി അബ്ദുറസാഖിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നായന്മാര്‍മൂല ടൗണ്‍ മുസ്‌ലിംലീഗ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഹില്‍ ടോപ് അറീനയില്‍ സംഘടിപ്പിച്ച അനുസ്മരണം മുസ്‌ലിംലീഗ് നേതാവ് സൈനുല്‍ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്തു.

ആദര്‍ശത്തില്‍ അടിയുറച്ച് നിന്ന് പൊതുപ്രവര്‍ത്തനം നടത്തി ജനഹൃദയത്തില്‍ അമരസ്മരണ നേടുകയും സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു പി ബി അബ്ദുറസാഖ് എന്ന് അദ്ദേഹം പറഞ്ഞു.

എം എല്‍ എ പദവി അലങ്കാരമായി കൊണ്ടുനടക്കാതെ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. തനിക്ക് ലഭിച്ച ആനുകൂല്യങ്ങളൊക്കെയും പാവപ്പെട്ടവര്‍ക്കാണ് അദ്ദേഹം നല്‍കിയതെന്ന് തങ്ങള്‍ പറഞ്ഞു.

പ്രസിഡന്റ് എന്‍ എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. പി ബി അബ്ദുറസാഖ് നന്മയുടെ പൂമരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച റദ്ദുച്ച മഞ്ചേശ്വരത്ത് ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് എം പി പറഞ്ഞു.

എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അനുസ്മരണ പ്രഭാഷണം നടത്തി. ഏഴു വര്‍ഷംകൊണ്ട് മഞ്ചേശ്വരത്ത് അസൂയാവഹമായ വികസന നേട്ടങ്ങള്‍ കൈവരിക്കാന്‍ അബ്ദുറസാഖിന്റെ പ്രവര്‍ത്തനംകൊണ്ട് സാധിച്ചിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതിയും സ്‌കീമും വന്നാല്‍ അത് തന്റെ മണ്ഡലത്തില്‍ നേടിയെടുക്കാന്‍ ശ്രമിച്ച കൗശലക്കാരനായ നിയമസഭാ സാമാജികനായിരുന്നു അബ്ദുറസാഖ്. കന്നടയിലും തുളുവിലും അബ്ദുറസാഖിന്റെ നിയമസഭാ പ്രസംഗം ഭരണ, പ്രതിപക്ഷാംഗങ്ങള്‍ക്ക് കൗതുകമായിരുന്നു. 800 കോടി രൂപയുടെ വികസനമാണ് അബ്ദുറസാഖ് മഞ്ചേശ്വരത്തേക്ക് കൊണ്ടുവന്നതെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ബി കെ അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി പി ഡി എ റഹ്മാന്‍, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി, നവാസ് പാലേരി, നാഷണല്‍ അബ്ദുല്ല, കരിവെള്ളൂര്‍ വിജയന്‍, സി ബി അബ്ദുല്ല ഹാജി, പി ബി അബ്ദുറഹ്മാന്‍, ഷാഫി കുദ്രോളി, ഷഫീഖ് റസാഖ്, മജീദ് സന്തോഷ് നഗര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബി എ അഹമ്മദ് സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Ex MLA, Muslim league, Commemorative meeting conducted 

Post a Comment