● പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരും ഗവേഷകരുമടങ്ങിയ 25 അംഗ സംഘമാണ് ഫീൽഡ് സർവേയ്ക്ക് നേതൃത്വം നൽകുന്നത് ● ഭൂമിയോ കിടപ്പാടമോ നഷ്ടപ്പെടുമെന്ന ആശങ്ക ജനങ്ങൾക്ക് വേണ്ടെന്നും ചരിത്ര സംരക്ഷണം മാത്രമാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കുന്നു
കാസർകോട്: (MyKasargodVartha) സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് ജില്ലയിൽ കേരള പുരാവസ്തു വകുപ്പ് വിപുലമായ പുരാവസ്തു സർവേ ആരംഭിച്ചു. സമ്പന്നമായ ചരിത്രവും സാംസ്കാരിക വൈവിധ്യവുമുള്ള കാസർകോടിൻ്റെ മണ്ണിൽ തെളിഞ്ഞും മറഞ്ഞും കിടക്കുന്ന പുരാവശേഷിപ്പുകളും ചരിത്രത്തെളിവുകളും കണ്ടെത്തുക, അവ സമഗ്രമായി ഡോക്യുമെൻ്റ് ചെയ്യുക, തുടർപഠനങ്ങൾ നടത്തുക എന്നിവയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
തെളിവുകൾ തേടി 25 അംഗ സംഘം
പ്രാചീന മനുഷ്യവാസത്തിൻ്റെ തെളിവുകളായ കുടക്കല്ലുകൾ, മുനിയറകൾ, ചെങ്കൽനിലത്തെ ലിഖിതങ്ങൾ, ചരിത്രപ്രസിദ്ധമായ കോട്ടകൾ എന്നിവയാൽ സമ്പന്നമാണ് കാസർകോട്. ബേക്കൽ കോട്ട, ഉമ്മിച്ചിപ്പൊയിൽ, ചീമേനി - അരിയിട്ടപാറ, ബന്തടുക്ക മാണിമൂല എന്നിവിടങ്ങളിൽ മുൻപ് നടന്ന അന്വേഷണങ്ങളിൽ നിന്നും ലഭിച്ച തെളിവുകളാണ് ഇത്തരമൊരു സമഗ്ര പഠനത്തിന് വഴിയൊരുക്കിയത്.
പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥർ, ഗവേഷകർ, പഠിതാക്കൾ എന്നിവരുൾപ്പെടെയുള്ള 25 അംഗ സംഘമാണ് ഫീൽഡ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്. ഇവർ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സർവേ നടത്തും.
ആശങ്ക വേണ്ട, ലക്ഷ്യം ചരിത്ര സംരക്ഷണം
സർവേ സംബന്ധിച്ച് ജനങ്ങൾക്ക് യാതൊരുവിധ ആശങ്കകളും ആവശ്യമില്ലെന്നും ജനങ്ങളുടെ കിടപ്പാടമോ ഭൂമിയോ നഷ്ടപ്പെടുന്ന ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയുടെ സമ്പന്നമായ ചരിത്രം സമൂഹത്തിന് മുന്നിൽ എത്തിക്കുക മാത്രമാണ് ലക്ഷ്യം. കണ്ടെത്തുന്ന സ്മാരകങ്ങളും നിലവിലെ സംരക്ഷിത സ്മാരകങ്ങളും മികച്ച രീതിയിൽ സംരക്ഷിക്കുകയും, അവയെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.
ചന്ദ്രഗിരിക്കോട്ട ഡിടിപിസിക്ക്
ഇതിൻ്റെ ഭാഗമായി പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ചന്ദ്രഗിരിക്കോട്ടയുടെ നടത്തിപ്പ് അവകാശം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറിയിട്ടുണ്ട്. സർവേ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാദേശിക പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ അഭ്യർഥിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: As part of the state government's 100-day action plan, the Kerala Archaeology Department has launched a comprehensive archaeological survey in the Kasaragod district.
#KasargodVartha #ArchaeologicalSurvey #Kasaragod #KeralaHistory #BekalFort #ChandragiriFort #DTPC #KeralaArchaeology #MalayalamNews #AparnaNews

