● കാസർകോട് ജില്ലയിൽ 15 പേരാണ് പദ്ധതിയിലൂടെ അക്ഷര വെളിച്ചം നേടിയത്
● ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കാസർകോട്: (MyKasargodVartha) പേപ്പറിലെ ചെറിയ കുത്തുകൾക്ക് മുകളിലൂടെ വിരലോടിച്ച് അവർ അക്ഷരം തിരിച്ചറിഞ്ഞു. അക്ഷരങ്ങൾ ചേർത്ത് വാക്കുകളാക്കി ഉറക്കെ വായിച്ചു. അങ്ങനെ ബ്രെയിൽ ലിപിയുടെ അത്ഭുതലോകത്തേയ്ക്ക് അവർ പ്രവേശിച്ചു. കാസർകോട് ജില്ലയിൽ 15 പേരാണ് സാക്ഷരതാ മിഷൻ്റെ ദീപ്തി ബ്രെയിൽ ലിറ്ററസി പദ്ധതിയിലൂടെ അക്ഷര വെളിച്ചം നേടിയത്.
ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ ദീപ്തി ബ്രെയിൽ ലിറ്ററസി പ്രോഗ്രാമിൻ്റെ ഒന്നാം ഘട്ടത്തിലെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവരുടെ സംയുക്ത സഹകരണത്തോടെ കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാനതലത്തിൽ നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതിയാണ് ദീപ്തി ബ്രെയിൽ ലിറ്ററസി പ്രോഗ്രാം.
15 പേർക്ക് വിജയം
ജില്ലയിൽ സർവേയിലൂടെ കണ്ടെത്തിയ 47 പഠിതാക്കളിൽ 20 പഠിതാക്കൾ ക്ലാസുകളിൽ പങ്കെടുക്കുകയും 15 പേർ പരീക്ഷയെഴുതി വിജയിക്കുകയും ചെയ്തു. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം വിതരണം ചെയ്തു. കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായുള്ള ദീപ്തി ബ്രെയിൽ ലിറ്ററസി പ്രോഗ്രാം ജില്ലാ പഞ്ചായത്ത് തുടരുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. 1.32 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഠിതാക്കളുടെ യാത്രാപ്പടി, ഭക്ഷണം എന്നിവയ്ക്കാണ് തുക വിനിയോഗിച്ചത്.
ചടങ്ങിൽ പങ്കെടുത്തവർ
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെകെ സോയ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ കെവി രതീഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ സബീഷ്, ടിവി രാധിക, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, കെഎഫ്ബി ജില്ലാ സെക്രട്ടറി സിഎച്ച് നാരായണൻ, ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം പ്രതിനിധികളായ സതീശൻ മാസ്റ്റർ, ഉമേശൻ മാസ്റ്റർ, ബ്രെയിൽ അധ്യാപകൻ പിഎൻ തമ്പാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ലാസ് കോ-ഓർഡിനേറ്റർ എ തങ്കമണി നന്ദി രേഖപ്പെടുത്തി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: 15 visually impaired individuals in Kasaragod district achieved literacy through the 'Deepthi Braille Literacy' program, organized by the Kerala State Literacy Mission in collaboration with the Kerala Federation of the Blind, Blind Teachers Forum, and Kasaragod District Panchayat.
#KasargodVartha #DeepthiBrailleLiteracy #Kasaragod #LiteracyMission #KeralaFederationOfTheBlind #VisuallyImpaired #Braille #KeralaNews #AparnaNews

