● സംഭരണിക്ക് താഴെ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനീയറുടെ കാര്യാലയത്തിലെ ജീവനക്കാർ ഭീതിയിൽ ● ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ
കുമ്പള: (MyKasargodVartha) കോൺക്രീറ്റ് പാളികൾ അടർന്നുവീണും ഇരുമ്പുകമ്പികൾ ദ്രവിച്ചും കുമ്പള ടൗൺ പൊലീസ് സ്റ്റേഷന് സമീപത്തെ കേരള വാട്ടർ അതോറിറ്റിയുടെ ജലസംഭരണി കടുത്ത അപകടാവസ്ഥയിലായി. വർഷങ്ങളുടെ പഴക്കമുള്ള ഈ ജലസംഭരണിക്ക് താഴെയാണ് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനീയറുടെ കാര്യാലയം പ്രവർത്തിക്കുന്നത്. അതിനാൽ ഇവിടുത്തെ ജീവനക്കാരും വലിയ സുരക്ഷാ ഭീഷണിയിലാണ് ജോലി ചെയ്യുന്നത്.
തീരദേശത്തോട് അടുത്തുള്ള സ്ഥലമായതിനാൽ ഉപ്പുകാറ്റും ഈർപ്പവും തട്ടി കോൺക്രീറ്റിനുള്ളിലെ ഇരുമ്പുകമ്പികൾ വേഗത്തിൽ തുരുമ്പെടുത്ത് വീർക്കുകയാണ്. ഇതാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നതിനും ജലസംഭരണിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനും കാരണം. പഞ്ചായത്ത് പരിധിയിലെ 100-കണക്കിനാളുകൾക്ക് കുടിവെള്ളമെത്തിക്കുന്ന ഈ ടാങ്കിന് നിലവിൽ ഭാരം താങ്ങാനുള്ള ശേഷിയില്ല.
വാട്ടർ അതോറിറ്റിയുടെ ഈ പഴക്കംചെന്ന സംവിധാനങ്ങൾ മാറ്റണമെന്ന് വർഷങ്ങളായി ഉപഭോക്താക്കൾ ആവശ്യപ്പെട്ടുവരുന്നതാണ്. ഇവിടെ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പുകൾ പൊട്ടുന്നതും പൈപ്പുകളുടെ ജീർണാവസ്ഥ മൂലം കുടിവെള്ളം തടസ്സപ്പെടുന്നതും നിത്യസംഭവമാണ്. ഇവ പുനഃസ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ദേശീയപാത നിർമാണ സമയത്ത് ആഴ്ചകളും മാസങ്ങളോളവുമാണ് കുടിവെള്ളം മുടങ്ങിയത്.
പദ്ധതികൾ ഇഴയുന്നു
കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് എത്തിക്കുന്നത് ഷിറിയ പുഴയിലെ ജലസ്രോതസ്സുകളെയും പമ്പിങ് സ്റ്റേഷനുകളെയും ആശ്രയിച്ചാണ്. ഷിറിയ പുഴയിൽ കോടികൾ മുടക്കിയുള്ള തടയണ നിർമാണം പൂർണമായാൽ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള പദ്ധതികൾക്ക് വേഗതയുണ്ടാകുമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന സൂചന.
ഇതിനായി കുമ്പള, മംഗൽപാടി പഞ്ചായത്തുകളുടെ ബൃഹത്തായ സംയുക്ത കുടിവെള്ള പദ്ധതിയുടെ നിർമാണം നടന്നുവരികയാണ്. കേന്ദ്ര സർക്കാരിൻ്റെ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരമാണിത്. പദ്ധതിയുടെ ഭാഗമായി ഉയർന്ന ശേഷിയുള്ള പുതിയ ജലസംഭരണികൾ സ്ഥാപിക്കുകയും പൈപ്പ് ലൈനുകളുടെ ജോലികൾ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് എപ്പോൾ പൂർത്തിയാകുമെന്ന് പറയാൻ അധികൃതർക്ക് കഴിയുന്നില്ല.
കുമ്പളയെ തഴയുന്നുവെന്ന് ആക്ഷേപം
പഞ്ചായത്ത് പരിധിയിലെ പൂക്കട്ട, കിദൂർ, കളത്തൂർ എന്നീ പ്രദേശങ്ങളിൽ ഉയർന്ന ശേഷിയുള്ള പുതിയ ഓവർ ഹെഡ് സംഭരണ ടാങ്കുകൾ സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കളത്തൂരിൽ മാത്രം 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കാണ് നിർമിക്കുന്നത്. ഇതിനിടയിലാണ് കുമ്പളയിലെ ജലസംഭരണി വലിയ അപകടഭീഷണി ഉയർത്തുന്നത്. ഇതിൻ്റെ സംരക്ഷണത്തിന് യാതൊരു പദ്ധതികളുമില്ല. അതിനാൽ നിലവിലെ പുതിയ പദ്ധതിയിൽ കുമ്പളയെ കൂടി ഉൾപ്പെടുത്തി വിശാലമായ കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: A dilapidated water tank of the Kerala Water Authority in Kumbla poses severe safety threats.
#KasargodVartha #Kumbla #Kasaragod #WaterAuthority #JalJeevanMission #PublicSafety #AparnaNews
