● കളരിയും കളിമൈതാനങ്ങളും നെഞ്ചേറ്റിയ പ്രിയപ്പെട്ട പൊതുപ്രവർത്തകൻ ● ജീവിതത്തിൻ്റെ അവസാന നിമിഷങ്ങളിലും വ്യായാമം മുറുകെ പിടിച്ച വ്യക്തിത്വം
വി എം മുനീർ
(MyKasargodVartha) ദഖീറത്ത് സ്കൂൾ ഗ്രൗണ്ടിൽ വാമോസ് കൂട്ടായ്മയുടെ വർക്ക് ഔട്ടിന് പോകുന്ന ദിവസങ്ങളിൽ മിക്കവാറും ചെരുപ്പില്ലാതെ നടന്നുപോകുന്ന സലാമുച്ചയെ കാണാറുണ്ടായിരുന്നു. ചെരുപ്പില്ലാതെ നടക്കാൻ പറ്റുന്നുണ്ടോയെന്ന ചോദ്യത്തിന് സ്വതസിദ്ധമായ പുഞ്ചിരിയായിരിക്കും ഉത്തരം. ജീവിതത്തിൻ്റെ അവസാന നിമിഷങ്ങളിലും മുറുകെ പിടിച്ച ചര്യയായിരുന്നു വ്യായാമം.
വ്യായാമവും ആരോഗ്യവും
സലാമുച്ചയെ ആദ്യമായി കാണുന്നത് തന്നെ ആയോധനകലയായ കളരിയങ്കണത്തിൽ വെച്ചായിരുന്നു. പള്ളിക്കുളത്തിനടുത്ത് നടന്നിരുന്ന കളരി കളത്തിലെ ആകർഷണമായിരുന്നു സലാമുച്ച. പിന്നീട് മാലിക് ദീനാർ അക്കാദമി നിലനിൽക്കുന്നിടത്തെ ഓടിട്ട കെട്ടിടത്തിലെ ജിംനേഷ്യമായി അദ്ദേഹത്തിൻ്റെ വ്യായാമ കളരി.
പൗരുഷം നിറഞ്ഞ ഒത്ത ശരീരം. മുഖസൗന്ദര്യം കൊണ്ടും കാണാൻ അതിസുന്ദരൻ. ചുരുക്കിപ്പറഞ്ഞാൽ ഒരു പോലീസ് ഓഫീസറുടെ ലുക്ക്. അക്കാലത്തെ സലാമുച്ച അതായിരുന്നു. മരണം വരെ ആ സൗന്ദര്യം നിലനിർത്തിയിരുന്നു. സർവ്വ നാഥന് സ്തുതി.
വികസനത്തിന് ഒരു പാലം
പൊതുകാര്യങ്ങളിലെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ഈ വിനീതൻ നഗരസഭയുടെ ചെയർമാനായപ്പോൾ മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു പവലിയനും ഫ്ലഡ് ലൈറ്റ് സംവിധാനവും വേണമെന്നാവശ്യപ്പെട്ടിരുന്നു. ഫണ്ടിൻ്റെ ലഭ്യതയനുസരിച്ച് ഘട്ടം ഘട്ടമായി ചെയ്യാമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ആ പദ്ധതി വർഷത്തിൽത്തന്നെ പവലിയൻ നിർമാണത്തിന് 10 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.
പവലിയൻ നിർമാണത്തിനുള്ള പ്ലാൻ സലാമുച്ച മുൻകൈയെടുത്ത് നഗരസഭയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടം ഫ്ലഡ് ലൈറ്റിനുള്ള ഫണ്ട് വകയിരുത്താൻ തുനിയുമ്പോഴാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്ന കാര്യം സലാമുച്ച അറിയിക്കുന്നത്.
കായിക രംഗത്തും അദ്ദേഹത്തിൻ്റെ കൈയൊപ്പ് ചാർത്താത്ത ഗെയിമുകൾ ഇല്ലെന്ന് തന്നെ പറയാം. കളിയിലെ ക്യാപ്റ്റൻ മാത്രമായിരുന്നില്ല വളണ്ടിയർ ക്യാപ്റ്റനും കൂടിയായിരുന്നു അദ്ദേഹം. മാലിക് ദീനാർ ഉറൂസിൻ്റെ ട്രാഫിക് നിയന്ത്രണത്തിൽ വിസിലൂതി നടക്കുന്ന സലാമുച്ച മനസ്സിലേക്കോടിയെത്തുന്നു.
തൊഴിലാളികളോടുള്ള അനുകമ്പ
എന്റെ മനസ്സിൽ തട്ടിയ മറ്റൊരു സംഭവം സാധാരണക്കാരോട് കാണിക്കുന്ന അനുകമ്പയാണ്. നഗരസഭയുടെ ശുചീകരണവുമായി ബന്ധപ്പെട്ട് പല പരാതികളും അഭിപ്രായങ്ങളും പലരും പറയാറുണ്ട്. ഭൂരിഭാഗവും തൊഴിലാളിക്കും നഗരസഭയ്ക്കും എതിരായിരിക്കും. എന്നാൽ ദീനാർ നഗറിലെ പരിസരങ്ങളിൽ ശുചീകരണം നടത്തുന്ന തൊഴിലാളികൾ നേരിടുന്ന പ്രയാസത്തെക്കുറിച്ചാണ് സലാമുച്ച എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ശേഖരിക്കുന്ന മാലിന്യങ്ങൾ ഉന്തുവണ്ടിയിൽ കൊണ്ടുവന്ന് ഒരു സ്ഥലത്ത് നിക്ഷേപിക്കാറുണ്ട്. ഉന്തുവണ്ടി കേടായത് കാരണം ചാക്കിൽ നിറച്ച് ചുമടായി കൊണ്ടുവന്ന് നിക്ഷേപിക്കണമായിരുന്നു. ഇത് കാണാനിടയായ സലാമുച്ച ഫോട്ടോ സഹിതം ആ വിഷമം അറിയിക്കുകയായിരുന്നു.
ഒട്ടും വൈകാതെ അതിന് പരിഹാരം കാണാനും സാധിച്ചു. ഒരു പൊതുപ്രവർത്തകൻ ഭരണനേതൃത്വത്തിന് മുമ്പിൽ ഒരു പാലമായി വർത്തിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമായിട്ടു കൂടി ഞാനാ സംഭവത്തെ കണ്ടിരുന്നു.
പ്രതിഭകളെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വം
പ്രതിഭകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിലും അദ്ദേഹം ശുഷ്കാന്തി കാണിച്ചിരുന്നു. ഖാസിലൈൻ കൂട്ടായ്മയുടെ യുവാക്കളെ അണിനിരത്തി പോലീസ് ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ ഞാനും സംബന്ധിച്ചിരുന്നു. പഴയകാല ഫുട്ബോൾ ഇതിഹാസങ്ങളായിരുന്ന എം എസ് ബഷീറിനെയും സ്ട്രൈക്കർ അബ്ദുല്ലയെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്നതായിരുന്നു അതിന്റെ ഹൈലൈറ്റ് തന്നെ.
വിദ്യാഭ്യാസത്തിൽ സ്വന്തം മകൾ നേടിയ ഉന്നതിയിൽ സന്തോഷിക്കുകയും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ പങ്കുചേരുകയും അവരുടെ നേട്ടങ്ങളെ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിക്കാൻ മുന്നോട്ടുവരികയും ചെയ്തിരുന്നു.
അറിവും ചരിത്രവും പകരാനുള്ളതാണെന്ന സലാമുച്ചയുടെ ബോധ്യമാണ് ക്വിസ് മത്സരത്തിലൂടെ സമൂഹത്തെ അറിയിക്കാൻ ശ്രമിച്ചത്. ഓരോ രംഗത്ത് പ്രവർത്തിക്കുമ്പോഴും തന്റേതായ ആശയങ്ങളും വ്യക്തമായ അഭിപ്രായങ്ങളും വെച്ചുപുലർത്തിയിരുന്നു. പൊതുതാത്പര്യം മുൻനിർത്തി ചില കാര്യങ്ങളിൽ കാർക്കശ്യം കാണിക്കാനും മടി കാണിച്ചിരുന്നില്ല.
നന്മ നിറഞ്ഞ കർമ്മങ്ങൾ ബാക്കിയാക്കി സ്നേഹത്തോടെയുള്ള പുഞ്ചിരി മായാതെ ശാശ്വതമായ ജീവിതത്തിലേക്ക് യാത്രയായ സലാമുച്ച ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ ഭൗതിക ജീവിതത്തിൽ വന്നുപോയ പോരായ്മകളും വീഴ്ചകളും പൊറുത്തുനൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം. ബദറൊളി പരത്തിയ നന്മകൾ സ്വർഗത്തിലേക്കുള്ള വഴി തുറക്കട്ടെ. ആമീൻ.
കാസർകോടിൻ്റെ പ്രിയപ്പെട്ട സലാമുച്ചയെക്കുറിച്ചുള്ള ഈ അനുസ്മരണം നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.
Article Summary: A heartfelt tribute to Salam, a dedicated fitness enthusiast and compassionate public figure in Kasaragod, by V. M. Muneer #KasaragodNews #Obituary #SalamKasaragod #V.M.Muneer #Fitness #Sports #MalikDeenar #SocialWorker
